ചെന്നൈ: ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ടെസ്റ്റ് വിജയത്തെ പരിഹാസം കലര്‍ത്തി അഭിനന്ദിച്ച് മുന്‍ നായകന്‍ കെവിന്‍ പീറ്റേഴ്സണ്‍. ചെന്നൈ ക്രിക്കറ്റ് ടെസ്റ്റിലെ ഇന്ത്യയുടെ വമ്പന്‍ ജയത്തിന് പിന്നാലെ അഭിനന്ദനങ്ങള്‍ ഇന്ത്യന്‍ ടീം, ഇംഗ്ലണ്ടിന്‍റെ ബി ടീമിനെ തോല്‍പ്പിച്ചതിന് എന്നായിരുന്നു പീറ്റേഴ്സന്‍റെ ട്വീറ്റ്.

എന്നാല്‍ ഇതിന് ഉടന്‍ മറുപടിയുമായി മുന്‍ ഇന്ത്യന്‍ താരമായ വസീം ജാഫര്‍ രംഗത്തെത്തി. ആരും പീറ്റേഴ്സണെ കളിയാക്കരുതെന്ന് പറഞ്ഞ ജാഫര്‍, അദ്ദേഹമൊരു തമാശ പറഞ്ഞതാണെന്നും വ്യക്തമാക്കി. അല്ലെങ്കിലും ദക്ഷിണാഫ്രിക്കന്‍ കളിക്കാരില്ലാതെ എങ്ങനെയാണ് ഇംഗ്ലണ്ട് പൂര്‍ണ ശക്തിയുള്ള ടീമാകുക എന്നൊരു കുത്തും ജാഫര്‍ പീറ്റേഴ്സണ് കൊടുത്തു.

ഇംഗ്ലണ്ടിനായി 104 ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള പീറ്റേഴ്സണ്‍ ദക്ഷിണാഫ്രിക്കന്‍ വംശജനാണ്. ഇതുകൂടി കണ്ടായിരുന്നു ജാഫറിന്‍റെ മറുപടി. എന്നാല്‍ ജാഫറിന്‍റെ മറുപടിയെ അതേ സ്പിരിറ്റില്‍ എടുത്ത പീറ്റേഴസണ്‍ പറഞ്ഞതാകട്ടെ, താങ്കള്‍ പറഞ്ഞത് പൂര്‍ണമായും ശരിയാണ്, ജാക് കാലിസും ജൊനാഥന്‍ ട്രോട്ടും ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു എന്നായിരുന്നു.

ദക്ഷിണാഫ്രിക്കന്‍ ഓള്‍ റൗണ്ടറായിരുന്നു കാലിസായിരുന്നു ശ്രീലങ്കന്‍ പര്യടനത്തില്‍ ഇംഗ്ലണ്ട് ടീമിന്‍റെ ബാറ്റിംഗ് കണ്‍സള്‍ട്ടന്‍റ്. മുന്‍ ഇംഗ്ലണ്ട് ഓപ്പണറും ദക്ഷിണാഫ്രിക്കന്‍ വംശജനുമായ ട്രോട്ട് ഇന്ത്യയില്‍ പര്യടനം നടത്തുന്ന ഇംഗ്ലണ്ട് ടീമിന്‍റെ കോച്ചിംഗ് സ്റ്റാഫിലെ അംഗമാണ്.