ലക്നോ: അമ്പയര്‍ നോ ബോള്‍ വിളിച്ചതിന് പിന്നാലെ പന്തെറിയാതെ പറ്റിച്ച് കീറോണ്‍ പൊള്ളാര്‍ഡ്. ഇന്നലെ അഫ്ഗാനിസ്ഥാനെതിരെ നടന്ന ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിലായിരുന്നു വിന്‍ഡീസ് നായകന്‍ എല്ലാവരെയും പറ്റിച്ചത്. അഫ്ഗാന്‍ ഇന്നിംഗ്സിലെ 25-ാം ഓവറിലാണ് രസകരമായ സംഭവം അരങ്ങേറിയത്.

അസ്ഗര്‍ അഫ്ഗാനും നജീബുള്ള സര്‍ദ്രാനും ചേര്‍ന്ന് അഫ്ഗാനായി മികച്ച കൂട്ടുകെട്ടുയര്‍ത്തിയ സമയം കൂട്ടുകെട്ട് പൊളിക്കാനായി പൊള്ളാര്‍ഡ് തന്നെ പന്തെറിയാനെത്തി.  പന്തെറിയാനായി ബൗളിംഗ് ക്രീസിലെത്തിയ പൊള്ളാര്‍ഡ് ഓവര്‍ സ്റ്റെപ്പ് ചെയ്തതിനാല്‍ അമ്പയര്‍ ഉടന്‍ നോ ബോള്‍ വിളിച്ചു. എന്നാല്‍ ബൗളിംഗ് ആക്ഷനെടുത്തെങ്കിലും പന്ത് കൈയില്‍ നിന്ന് വിടാതെ പൊള്ളാര്‍ഡ് മടങ്ങി.

പന്തെറിയാതിരുന്നതിനാല്‍ അത് നിയപരമായി നോ ബോള്‍ ആവാത്തതിനാല്‍ അമ്പയര്‍ അത് ഡെഡ‍് ബോള്‍ വിളിച്ചു. പൊള്ളാര്‍ഡിന്റെ പറ്റിക്കല്‍ കണ്ട് അമ്പയര്‍ക്ക് പോലും ചിരി അടക്കാനായില്ല. നോണ്‍ സ്ട്രൈക്കിംഗ് എന്‍ഡിലുണ്ടായിരുന്ന സര്‍ദ്രാനും അമ്പയര്‍ക്കൊപ്പം ചിരിയില്‍ പങ്കാളിയായി.

നോ ബോള്‍ വിളിച്ചശേഷം ബൗളര്‍ പന്തെറിയാതെ മടങ്ങുന്നത് ഇതാദ്യമായല്ല. പാക് പേസറായിരുന്ന ഷൊയൈബ് അക്തര്‍ ഈ തന്ത്രത്തിന്റെ ആശാനായിരുന്നു. മത്സരത്തില്‍ ഷായ് ഹോപ്പിന്ഫെ സെഞ്ചുറി മികവില്‍ ജയിച്ചു കയറിയ വിന്‍ഡീസ് 3-0ന് പരമ്പ തൂത്തുവാരി.