ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയ്ക്ക് മുമ്പായി സഞ്ജു സാംസണും സഹതാരങ്ങളും ജംഗിള്‍ സഫാരി നടത്തി. സഞ്ജു പങ്കുവെച്ച വീഡിയോയും അതിലെ രസകരമായ നിമിഷങ്ങളും, നടൻ ടൊവിനോ തോമസിന്റെ പ്രതികരണവും ശ്രദ്ധേയമായി.
നാഗ്പൂര്‍: ന്യൂസിലന്‍ഡിനെതിരെ ടി20 പരമ്പര തുടങ്ങുന്നതിന് മുമ്പ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിന്റേയും സംഘത്തിന്റേയും ജംഗിള്‍ സഫാരി. ബുധനാഴ്ച്ച ആദ്യ ടി20 നടക്കാനിരിക്കെയായിരുന്നു യാത്ര. സഞ്ജുവിനൊപ്പം ഇഷാന്‍ കിഷന്‍, ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്, സ്പിന്നര്‍ രവി ബിഷ്‌ണോയ്, റിങ്കു സിംഗ് എന്നിവരുമുണ്ട്. എന്നാല്‍ എവിടെയാണ് സംഘം യാത്ര ചെയ്യുന്നത് വ്യക്തമമല്ല. സഞ്ജു പങ്കുവച്ച വീഡിയോ പിന്നീടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സും മറ്റൊരു വീഡിയോ രാജസ്ഥാന്‍ റോയല്‍സും പങ്കുവച്ചിട്ടുണ്ട്.
സഞ്ജു പങ്കുവച്ച വീഡിയോയില്‍ താരങ്ങളെല്ലാം സന്തോഷത്തോടെ ഇരിക്കുന്നത് കാണാം. വീഡിയോ എടുക്കുന്നത് ശ്രദ്ധിക്കാതിരുന്ന റിങ്കുവിനെ പിന്നീട് ബിഷ്‌ണോയിയാണ് ക്യാമറയിലേക്ക് നോക്കാന്‍ പറയുന്നത്. അതും രണ്ടും മൂന്നും തവണ തലയില്‍ തട്ടി വിളിച്ചപ്പോഴാണ് റിങ്കു വീഡിയോ എടുക്കുന്ന കാര്യം അറിയുന്നത് തന്നെ. പരമ്പരയ്ക്ക് മുമ്പ് മനസ് ശാന്തമാക്കുന്നതിനൊക്കെ വേണ്ടിയാണ് ഇത്തരത്തില്‍ താരങ്ങള്‍ യാത്രകളൊക്കെ നടത്തുന്നത്. വീഡിയോക്ക് ഒരുപാട് പേര്‍ പിന്തുണയുമായെത്തി. അതിലൊരാള്‍ ചലച്ചിത്ര താരം ടൊവിനോ തോമസായിരുന്നു. വീഡിയോ കാണാം...
നാഗ്പൂരിലാണ് ഇന്ത്യ-ന്യൂസിലന്‍ഡ് പരമ്പരയിലെ ആദ്യ ടി20. അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ഏകദിന പരമ്പരയില്‍ 2-1ന് പരാജയപ്പെട്ട സാഹചര്യത്തില്‍ ടി20 പരമ്പര ജയിക്കേണ്ടത് ഇന്ത്യക്ക് അനിവാര്യമാണ്. ലോകകപ്പ് മുന്നില്‍ നില്‍ക്കെ ഇന്ത്യ കളിക്കുന്ന അവസാന ടി20 പരമ്പരയാണിത്. ഇന്ത്യയുടെ സാധ്യതാ ഇലവന്‍ പരിശോധിക്കും. ഓപ്പണിംഗ് സ്ലോട്ടില്‍ അഭിഷേകിന് സ്ഥാനം ഉറപ്പാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ നന്നായി കളിക്കാന്‍ അഭിഷേകിന് സാധിച്ചിരുന്നു. ഫോം നിലനിര്‍ത്താനാവുമെന്നാണ് താരത്തിന്റെ പ്രതീക്ഷ.
ടി20 ടീമില്‍ നിന്ന് ശുഭ്മാന്‍ ഗില്ലിനെ ഒഴിവാക്കിയ സാഹചര്യത്തില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഓപ്പണറായി തിരിച്ചെത്തും. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അവസാന ടി20യില്‍ സഞ്ജു ഓപ്പണറായിരുന്നു. ലോകകപ്പ് ടീമിലും സഞ്ജു ഉണ്ട്. വിക്കറ്റ് കീപ്പറും സഞ്ജു തന്നെ. മൂന്നാമനായി ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്. അടുത്ത കാലത്ത് ടി20 ഫോര്‍മാറ്റില്‍ സ്വതസിദ്ധമായി കളിക്കാന്‍ സൂര്യക്ക് കഴിയുന്നില്ല. ടി20 ലോകകപ്പിന് സൂര്യ ഫോമിലേക്ക് മടങ്ങിയെത്തുമെന്നാണ് ഇന്ത്യന്‍ ടീം ക്രിക്കറ്റ് ആരാധകരുടെ പ്രതീക്ഷ.
തിലക് വര്‍മയ്ക്ക് പകരമെത്തിയ ശ്രേയസ് അയ്യരും ടീമിലുണ്ടാകും. പരിക്കിനെ തുടര്‍ന്ന് പുറത്തായിരുന്ന ഹാര്‍ദിക് പാണ്ഡ്യ ദക്ഷിണാഫ്രിക്കയ്‌ക്കെിരായ പരമ്പരയിലാണ് തിരിച്ചെത്തിയത്. തൊട്ടുപിന്നാലെ റിങ്കു സിംഗ് കളിക്കും. ഫിനിഷിംഗ് റോളായിരിക്കും റിങ്കുവിനുണ്ടാവുക. സ്പിന്‍ ഓള്‍റൗണ്ടറായി അക്‌സര്‍ പട്ടേല്‍ ടീമിലെത്തും. ടീമിന്റെ വൈസ് ക്യാപ്റ്റന്‍ കൂടിയാണ് അക്‌സര്‍. വാലറ്റത്ത് ദുബെയുടെ കൈകരുത്ത് ടീമിനം ഗുണം ചെയ്യും. എട്ടാമനായിട്ടായിരിക്കും ദുബെ ക്രീസിലെത്തുക. പേസ് ഓള്‍റൗണ്ടറായ ഹര്‍ഷിത് റാണയ്ക്കും ടീമില്‍ സ്ഥാനമുറപ്പാണ്.
ഇന്ത്യന്‍ പേസ് നിരയെ നയിക്കാനുള്ള ചുമതല ജസ്പ്രിത് ബുമ്രയ്ക്കായിരിക്കും. ബുമ്രയെ പോലെ ഇന്ത്യക്ക് വിലപ്പെട്ടതാണ് സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയുടെ നാല് ഓവറുകള്‍. വിക്കറ്റെടുക്കാനും പന്തുകള്‍ ഡോട്ട് ആക്കാനും ഒരുപോലെ മിടുക്കനാണ് വരുണ്‍. വരുണ്‍ വരുമ്പോള്‍ കുല്‍ദീപ് യാദവിന് പുറത്തിരിക്കാം.

