മുംബൈ ഇന്ത്യന്‍സിനോടേറ്റ പരാജയത്തിന് ശേഷം, കാമറൂണ്‍ ഗ്രീന്‍ എന്തുകൊണ്ട് പന്തെറിയുന്നില്ല എന്നതിന് കൊല്‍ക്കത്ത ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ മറുപടി നല്‍കി. 

മുംബൈ: ഐപിഎല്‍ 2026 സീസണിലെ ആവേശകരമായ പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിനോട് പരാജയപ്പെട്ടതിന് പിന്നാലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ ടീമിനെ അലട്ടുന്ന പ്രധാന പ്രശ്‌നത്തെക്കുറിച്ച് സംസാരിച്ചു. 25.2 കോടി രൂപയ്ക്ക് ടീമിലെത്തിച്ച ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീന്‍ എന്തുകൊണ്ടാണ് പന്തെറിയാത്തത് എന്ന ദുരൂഹതയ്ക്കാണ് ഇപ്പോള്‍ വിരാമമായിരിക്കുന്നത്. ആന്ദ്രെ റസലിന്റെ പകരക്കാരനായി ടീമിലെത്തിയ ഗ്രീന്‍ മുംബൈയ്ക്കെതിരായ മത്സരത്തില്‍ ഒരു ഓവര്‍ പോലും ഗ്രീനിന് നല്‍കിയിരുന്നില്ല.

ഇതിനെക്കുറിച്ച് രഹാനെ പറയുന്നത് ഇങ്ങനെ... ''ഗ്രീന്‍ എന്തുകൊണ്ട് പന്തെറിയുന്നില്ല എന്ന ചോദ്യം നിങ്ങള്‍ ക്രിക്കറ്റ് ഓസ്ട്രേലിയയോടാണ് ചോദിക്കേണ്ടത്. അദ്ദേഹം പന്തെറിയുന്ന കാര്യത്തില്‍ ഞങ്ങള്‍ക്ക് അവരുടെ അനുമതി ലഭിക്കേണ്ടതുണ്ട്.'' ക്രിക്കറ്റ് ഓസ്ട്രേലിയയുടെ കര്‍ശനമായ വര്‍ക്ക് ലോഡ് മാനേജ്മെന്റ് പോളിസിയാണ് ഗ്രീനിനെ ബോളിംഗില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ കാരണമെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. മുംബൈ ഇന്ത്യന്‍സ് ബാറ്റര്‍മാരായ രോഹിത് ശര്‍മയും റിയാന്‍ റിക്കിള്‍ട്ടണും കൊല്‍ക്കത്ത ബൗളര്‍മാരെ കണക്കറ്റ് പ്രഹരിച്ചപ്പോള്‍ ഒരു അധിക ബോളിംഗ് ഓപ്ഷന്റെ അഭാവം ടീം തിരിച്ചറിഞ്ഞു.

നാല് ഓവര്‍ പൂര്‍ത്തിയാക്കിയ വരുണ്‍ ചക്രവര്‍ത്തി 48 റണ്‍സ് വിട്ടുകൊടുത്തു. ഒരു വിക്കറ്റ് പോലും നേടാന്‍ സാധിച്ചില്ല. വൈഭവ് അറോറ 4 ഓവറില്‍ 52 റണ്‍സാണ് നല്‍കിയത്. ബ്ലെസിംഗ് മുസറബാനി മൂന്ന് ഓവറില്‍ 34 റണ്‍സും വിട്ടുകൊടുത്തിരുന്നു. ഹര്‍ഷിത് റാണ, ആകാശ് ദീപ് എന്നിവരുടെ അഭാവവും മതീഷ പതിരണ കളിക്കാന്‍ സജ്ജമല്ലാത്തതും കൊല്‍ക്കത്ത ബൗളിംഗ് നിരയെ തളര്‍ത്തുന്നുണ്ട്. ഗ്രീന്‍ പന്തെറിഞ്ഞു തുടങ്ങുന്നതോടെ ടീമിന്റെ ബാലന്‍സ് മെച്ചപ്പെടുമെന്നും രഹാനെ പ്രത്യാശ പ്രകടിപ്പിച്ചു.

ഇനിയുള്ള പോരാട്ടം

പരിചയസമ്പത്തില്ലാത്ത ബൗളിംഗ് നിരയാണെങ്കിലും വരും മത്സരങ്ങളില്‍ അവര്‍ തിരിച്ചുവരുമെന്ന് രഹാനെ പറഞ്ഞു. ഏപ്രില്‍ 2ന് സ്വന്തം തട്ടകത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെയാണ് കൊല്‍ക്കത്തയുടെ അടുത്ത മത്സരം. ആ മത്സരത്തിന് മുന്‍പെങ്കിലും ഗ്രീനിന് പന്തെറിയാന്‍ അനുമതി ലഭിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

YouTube video player