47 പന്തില്‍ 59 റണ്‍സെടുത്ത അംഗ്രിഷ് രഘുവംശിയാണ് കൊല്‍ക്കത്തയുടെ ടോപ് സ്കോറര്‍. രഹാനെ 36 പന്തില്‍ 43 റണ്‍സെടുത്തപ്പോള്‍ ഫിന്‍ അലന്‍ 13 പന്തില്‍ 29 റണ്‍സടിച്ചു.

ഹൈദരാബാദ്: ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിന്‍റെ തുടര്‍വിജയങ്ങള്‍ക്ക് വിരാമമിട്ട് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. ഹൈദരാബാദിനെ എട്ട് വിക്കറ്റിന് തകര്‍ത്ത കൊല്‍ക്കത്ത സീസണിലെ രണ്ടാം ജയം സ്വന്തമാക്കിയതിനൊപ്പം പ്ലേ ഓഫിലെത്താനുള്ള സാധ്യത നിലനിര്‍ത്തുകയും ചെയ്തു. ഹൈദരാബാദ് ഉയര്‍ത്തിയ 166 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ കൊല്‍ക്കത്ത അര്‍ധസെഞ്ചുറി നേടിയ അംഗ്രിഷ് രഘുവംശിയുടെയും ക്യാപ്റ്റൻ അജിങ്ക്യാ രഹാനെയുടെയും ഫിൻ അലന്‍റെയും ബാറ്റിംഗ് മികവില്‍ 19 ഓവറില്‍ ലക്ഷ്യത്തിലെത്തി.

View post on Instagram

47 പന്തില്‍ 59 റണ്‍സെടുത്ത അംഗ്രിഷ് രഘുവംശിയാണ് കൊല്‍ക്കത്തയുടെ ടോപ് സ്കോറര്‍. രഹാനെ 36 പന്തില്‍ 43 റണ്‍സെടുത്തപ്പോള്‍ ഫിന്‍ അലന്‍ 13 പന്തില്‍ 29 റണ്‍സടിച്ചു. 11 പന്തില്‍ 22 റണ്‍സുമായി റിങ്കു സിംഗും രണ്ട് റണ്‍സുമായി കാമറൂണ്‍ ഗ്രീനും പുറത്താകാതെ നിന്നു. ജയിച്ചിരുന്നെങ്കില്‍ 14 പോയിന്‍റുമായി ഒന്നാം സ്ഥാനത്തെത്താമായിരുന്ന ഹൈദരാബാദ് തോല്‍വിയോടെ നാലാം സ്ഥാനത്ത് തുടരുമ്പോള്‍ ജയത്തോടെ 7 പോയിന്‍റുമായി കൊല്‍ക്കത്ത എട്ടാം സ്ഥാനത്താണ്. സ്കോര്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് 19 ഓവറില്‍ 165ന് ഓള്‍ ഔട്ട്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 18.2 ഓവറില്‍ 169-3.

166 റൺസ് പിന്തുടർന്ന കൊൽക്കത്തയ്ക്ക് വേണ്ടി ഓപ്പണർമാരായ ഫിൻ അലനും അജിങ്ക്യ രഹാനെയും തകർപ്പൻ തുടക്കമാണ് നൽകിയത്. തുടക്കത്തില്‍ രഹാനെയാണ് ആക്രമിച്ചതെങ്കിലും ഹൈദരാാബദാന് നായകന്‍ പാറ്റ് കമിൻസ് എറി‌ഞ്ഞ നാലാം ഓവറില്‍ 27 റണ്‍സടിച്ച ഫിന്‍ അലൻ കൊല്‍ക്കത്ത ആശിച്ച തുടക്കം നല്‍കി. എന്നാല്‍ ഓവറിലെ അവസാന പന്തില്‍ 13 പന്തിൽ 29 റൺസെടുത്ത അലനെ പുറത്താക്കി കമിൻസ് ഹൈദരാബാദിന് ആദ്യ ബ്രേക്ക് ത്രൂ നൽകി.

View post on Instagram

എന്നാല്‍ രണ്ടാം വിക്കറ്റില്‍ രഹാനെയും രഘുവൻഷിയും ചേർന്ന് 66 പന്തില്‍ 84 റണ്‍സെടുത്ത് പതിനഞ്ചാം ഓവറില്‍ കൊല്‍ക്കത്തയെ 133 റണ്‍സിലെത്തിച്ചതോടെ ഹൈദരാബാദിന്‍റെ പ്രതീക്ഷയറ്റു. വിജയത്തിനരികെ രഹാനെയും രഘുവംശിയും മടങ്ങിയെങ്കിലും റിങ്കുവും ഗ്രീനും ചേര്‍ന്ന് കൊല്‍ക്കത്തയുടെ വിജയം പൂര്‍ത്തിയാക്കി. നേരത്തെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദ് നിശ്ചിത 20 ഓവറിൽ 165 റൺസിന് പുറത്താവുകയായിരുന്നു.

28 പന്തിൽ 61 റൺസെടുത്ത ഹെഡ് ഹൈദരാബാദിന് സ്വപ്നതുല്യമായ തുടക്കം നൽകി. ആദ്യ 10 ഓഴറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 105 റണ്‍സെടുത്ത ഹൈദരാബാദ് ഒരു ഘട്ടത്തിൽ കൂറ്റൻ സ്കോറിലേക്ക് നീങ്ങുമെന്ന് കരുതിയെങ്കിലും വരുൺ ചക്രവർത്തിയുടെയും സുനിൽ നരൈന്റെയും സ്പിൻ മികവില്‍ കൊല്‍ക്കത്ത മത്സരത്തില്‍ തിരിച്ചെത്തി. അവസാന 9 ഓവറില്‍ 65 റണ്‍സ് മാത്രം നേടിയ ഹൈദരാബാദ് 19 ഓവറില്‍ ഓള്‍ ഔട്ടായി. വരുൺ ചക്രവർത്തി 36 റൺസിന് 3 വിക്കറ്റ് വീഴ്ത്തിയപ്പോൾ നരെയ്ൻ 2 വിക്കറ്റുകൾ നേടി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക