ദുബായ്: ഐസിസി ടി20 റാങ്കിംഗില്‍ ഇന്ത്യന്‍ താരങ്ങളായ കെ എല്‍ രാഹുലിനും ജസ്പ്രീത് ബുംറക്കും നേട്ടം. ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ 36 പന്തില്‍ 50 റണ്‍സടിച്ച രാഹുല്‍ രണ്ടാം മത്സരത്തില്‍ 26 പന്തില്‍ 47 റണ്‍സടിച്ചിരുന്നു. ഈ പ്രകടനത്തോടെ ബാറ്റിംഗ് റാങ്കിംഗില്‍ നാലു സ്ഥാനം മെച്ചപ്പെടുത്തി രാഹുല്‍ ആറാം സ്ഥാനത്തേക്ക് ഉയര്‍ന്നു.

ആദ്യ ടി20യില്‍ വിസ്മയകരമായ ബൗളിംഗ് കാഴ്ചവെച്ച് മൂന്ന് വിക്കറ്റെടുത്ത ബുംറ 12 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി പതിന‍ഞ്ചാം സ്ഥാനത്തെത്തി. പരമ്പരയില്‍ ഓസ്ട്രേലിയക്കായി ബാറ്റിംഗില്‍ തിളങ്ങിയ ഗ്ലെന്‍ മാക്സ്‌വെല്‍ രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നപ്പോള്‍ രണ്ടാം ടി20യിലെ അര്‍ധസെഞ്ചുറിയോടെ ഇന്ത്യന്‍ നായകന്‍ വിരാട് കോലി രണ്ട് സ്ഥാനങ്ങള്‍ കയറി പതിനേഴാം സ്ഥാനത്തെത്തി.

ഓള്‍ റൗണ്ടര്‍ ക്രനാല്‍ പാണ്ഡ്യയാണ് നേട്ടം കൊയ്ത മറ്റൊരു ഇന്ത്യന്‍ താരം. 19 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ക്രുനാല്‍ കരിയറിലെ ഏറ്റവും മികച്ച റാങ്കിംഗായ 43-ാം സ്ഥാനത്തെത്തി. ബാറ്റിംഗ് റാങ്കിംഗില്‍ പാക്കിസ്ഥാന്റെ ബാബര്‍ അസം തന്നെയാണ് ഒന്നാമത്. കോളിന്‍ മണ്‍റോ, മാക്സ്‌വെല്‍, ആരോണ്‍ ഫിഞ്ച്, എവിന്‍ ലൂയിസ് എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. ബൗളര്‍മാരില്‍ റഷീദ് ഖാന്‍ ഒന്നാം സ്ഥാനത്ത് തുടരുമ്പോള്‍ ഇന്ത്യയുടെ കുല്‍ദീപ് യാദവ് നാലാം സ്ഥാനത്തുണ്ട്.