മുംബൈ: ടീം ഇന്ത്യയില്‍ ഏകദിനത്തില്‍ അഞ്ചാം നമ്പറിലെ ഉചിതനായ താരം കെ എല്‍ രാഹുലെന്ന് മുന്‍താരം സഞ്ജയ് മഞ്ജരേക്കർ. 'അഞ്ചാം നമ്പറില്‍ ഇപ്പോള്‍ ഏറ്റവും ഉചിതനായ താരമാണ് രാഹുല്‍. രാഹുലിന് സ്ഥാനക്കയറ്റം നല്‍കുമ്പോള്‍ യുവ്‍രാജിനെയോ സുരേഷ് റെയ്‍നയെയോ പോലുള്ള താരങ്ങളെ കണ്ടെത്തേണ്ടതുണ്ട്' എന്നും മഞ്ജരേക്കർ വ്യക്തമാക്കി. ട്വിറ്ററില്‍ ഒരു ആരാധകന്‍റെ ചോദ്യത്തിനായിരുന്നു മുന്‍ താരത്തിന്‍റെ മറുപടി. 

സമീപകാലത്ത് മധ്യനിരയില്‍ മികച്ച പ്രകടനം പുറത്തെടുക്കുന്ന ബാറ്റ്സ്‍മാനാണ് കെ എല്‍ രാഹുല്‍. ന്യൂസിലന്‍ഡിലും ഓസ്‍ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലും രാഹുല്‍ തിളങ്ങി. വിക്കറ്റ് കീപ്പിംഗിലും രാഹുലിനെ നന്നായി ഉപയോഗിക്കാന്‍ ഇന്ത്യന്‍ ടീമിനായി. ടെസ്റ്റില്‍ 2006 റണ്‍സും ഏകദിനത്തില്‍ 1239 റണ്‍സും ടി20യില്‍ 1461 റണ്‍സുമാണ് രാഹുലിനുള്ളത്. 

ടി20 ലോകകപ്പിലെ നാലാമന്‍?

ടി20 ലോകകപ്പില്‍ നാലാം നമ്പറിലും ഓള്‍റൌണ്ടർ സ്ഥാനത്തും ഏത് താരങ്ങള്‍ വരണമെന്നും സഞ്ജയ് മഞ്ജരേക്കർ പ്രവചിച്ചു. നാലാം നമ്പറില്‍ യുവതാരം ശ്രേയസ് അയ്യരെയും ഓള്‍റൌണ്ടറായി ഹാർദിക് പാണ്ഡ്യയെയുമാണ് മഞ്ജരേക്കർ തെരഞ്ഞെടുത്തത്. 

ബിസിസിഐ കമന്‍റേറ്റർമാരുടെ പട്ടികയില്‍ നിന്ന് സഞ്ജയ് മഞ്ജരേക്കറെ അടുത്തിടെ പുറത്താക്കിയിരുന്നു. മഞ്ജരേക്കറുടെ ശൈലിയില്‍ ബിസിസിഐ നേതൃത്വത്തിന് അസംതൃപ്തിയുണ്ടായിരുന്നു. ജനുവരിയിൽ സിഎഎ വിരുദ്ധ സമരങ്ങളെ പിന്തുണച്ച് മഞ്ജരേക്കർ ട്വീറ്റ് ചെയ്തത് വിവാദം ആയിരുന്നു. രവീന്ദ്ര ജഡേജയെയും ഹർഷ ഭോഗ്‌ലെയെയും വിമർശിച്ചതും വിവാദമായി.