Asianet News MalayalamAsianet News Malayalam

ഇന്ത്യ-ഓസ്ട്രേലിയ ആദ്യ ടെസ്റ്റ്: പ്ലേയിംഗ് ഇലവന്‍ സംബന്ധിച്ച നിര്‍ണായക സൂചനയുമായി രാഹുല്‍

രാജ്യത്തിനായി കളിക്കുന്ന ഓരോ മത്സരത്തിലും ടീം എന്താണോ ആവശ്യപ്പെടുന്നത് അത് ചെയ്യുക എന്നതാണ് എന്‍റെ രീതി. ആ രീതിയിലാണ് ഞാന്‍ തയാറെടുപ്പുകള്‍ നടത്താറുള്ളത്. ടീമിന്‍റെ ആവശ്യമാണ് പ്രധാനം. ആദ്യ ടെസ്റ്റില്‍ മധ്യനിരയിലാണ് എന്നോട് ബാറ്റ് ചെയ്യാന്‍ പറയുന്നതെങ്കില്‍ സന്തോഷത്തോടെ ഞാനത് സ്വീകരിക്കും-രാഹുല്‍ പറഞ്ഞു.

 

 KL Rahul hints 3 spinners will play in Nagpur vs Australia gkc
Author
First Published Feb 7, 2023, 4:35 PM IST

നാഗ്‌പൂര്‍: ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫിക്കുവേണ്ടിയുള്ള ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരക്ക് വ്യാഴാഴ്ച തുടക്കമാകാനിരിക്കെ ഇന്ത്യയുടെ പ്ലേയിംഗ് ഇലവന്‍ സംബന്ധിച്ച് നിര്‍ണായക സൂചനയുമായി ഓപ്പണര്‍ കെ എല്‍ രാഹുല്‍. മികച്ച ഫോമിലുള്ള ശുഭ്മാന്‍ ഗില്ലിനെ ഓപ്പണറായി നിലനിര്‍ത്തുമോ എന്ന ചോദ്യത്തിന് ടീമിന്‍റെ ആവശ്യം അനുസരിച്ച് ഏത് പൊസിഷനിലും ബാറ്റ് ചെയ്യാന്‍ താന്‍ തയാറാണെന്നും ആവശ്യം വന്നാല്‍ ഗില്ലിനെ ഓപ്പണറാക്കി മധ്യനിരയില്‍ കളിക്കുന്നതില്‍ തനിക്ക് സന്തോഷമേയുള്ളൂവെന്നും രാഹുല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

രാജ്യത്തിനായി കളിക്കുന്ന ഓരോ മത്സരത്തിലും ടീം എന്താണോ ആവശ്യപ്പെടുന്നത് അത് ചെയ്യുക എന്നതാണ് എന്‍റെ രീതി. ആ രീതിയിലാണ് ഞാന്‍ തയാറെടുപ്പുകള്‍ നടത്താറുള്ളത്. ടീമിന്‍റെ ആവശ്യമാണ് പ്രധാനം. ആദ്യ ടെസ്റ്റില്‍ മധ്യനിരയിലാണ് എന്നോട് ബാറ്റ് ചെയ്യാന്‍ പറയുന്നതെങ്കില്‍ സന്തോഷത്തോടെ ഞാനത് സ്വീകരിക്കും-രാഹുല്‍ പറഞ്ഞു.

രാഹുല്‍ ടെസ്റ്റില്‍ അരങ്ങേറിയത് മധ്യനിര ബാറ്ററായിട്ടാണ്. 2013-2014ല്‍ ഓസ്ട്രേലിയക്കെതിരെ തന്നെയായിരുന്നു രാഹുലിന്‍റെ ടെസ്റ്റ് അരങ്ങേറ്റം. റിഷഭ് പന്ത് കാര്‍ അപകടത്തില്‍ പരിക്കേറ്റ് ടീമില്‍ നിന്ന് പുറത്താവുകയും ശ്രേയസ് അയ്യര്‍ക്ക് പരിക്കുമൂലം ആദ്യ ടെസ്റ്റില്‍ കളിക്കാനാവില്ലെന്ന് ഉറപ്പാകുകയും ചെയ്തതോടെയാണ് ഗില്ലിനെ ഓപ്പണറായി നിലനിര്‍ത്തി രാഹുലിനെ മധ്യനിരയില്‍ കളിപ്പിക്കണമെന്ന ആവശ്യം ഉയര്‍ന്നത്.

ജനുവരിയിലെ ഐസിസി പുരുഷ താരമാവാനുള്ളവരുടെ ചുരുക്ക പട്ടികയില്‍ രണ്ട് ഇന്ത്യന്‍ താരങ്ങള്‍

പ്ലേയിംഗ് ഇലവനെ സംബന്ധച്ച് ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്നും കളി തുടങ്ങാന്‍ ഇനിയും ഒരു ദിവസം കൂടി ഉണ്ടല്ലോ എന്നും രാഹുല്‍ ചോദിച്ചു. ചില കളിക്കാരുടെ പരിക്ക് മറ്റ് ചില കളിക്കാര്‍ക്ക് അവസരം തുറന്നു നല്‍കുന്നുവെന്നും ആരൊക്കെയാകും പ്ലേയിംഗ് ഇലവനില്‍ എത്തുകയെന്നും അവരുടെ റോള്‍ എന്തായിരിക്കുമെന്നും മത്സരത്തിന് മുമ്പ് വ്യക്തതവരുമെന്നും രാഹുല്‍ പറഞ്ഞു.

പിച്ച് കണ്ടിട്ട് മൂന്ന് സ്പിന്നര്‍മാരെ കളിപ്പിക്കാനുള്ള പ്രേരണ ഉണ്ടെന്നും മത്സരദിവസം മാത്രമെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കൂവെന്നും രാഹുല്‍ പറഞ്ഞു. നമ്മള്‍ ഇന്ത്യയിലാണ് കളിക്കുന്നത് എന്നതിനാല്‍ പിച്ച് സ്പിന്നിനെ തുണക്കുമെന്ന കാര്യം പ്രത്യേകം പറയേണ്ടല്ലോ എന്നും രാഹുല്‍ ചോദിച്ചു. 2004ലാണ് ഇന്ത്യയും ഓസ്ട്രേലിയയും നാഗ്‌പൂരില്‍ അവസാനം ടെസ്റ്റ് കളിച്ചത്. അന്ന് 20 വിക്കറ്റില്‍ 12ഉം സ്വന്തമാക്കിയത് സ്പിന്നര്‍മാരായിരുന്നെങ്കിലും മത്സരം ഓസ്ട്രേലിയ 342 റണ്‍സിന് ജയിച്ചിരുന്നു.

Follow Us:
Download App:
  • android
  • ios