ഇന്ത്യന്‍ വിക്കറ്റ് കീപ്പറും മധ്യനിര താരവുമായിരുന്ന രാഹുല്‍ അഞ്ച് മത്സരങ്ങളില്‍ നിന്ന് 140 റണ്‍സാണ് അടിച്ചെടുത്തത്.

മുംബൈ: ദുബായ് രണ്ടാം വീടെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം കെ എല്‍ രാഹുല്‍. ഇന്ത്യയ്ക്ക് പുറത്ത് ഏറ്റവും അനുയോജ്യമായ ഇടമെന്നാണ് ദുബായിയെ കെ എല്‍ രാഹുല്‍ വിശേഷിപ്പിച്ചത്. ദുബായില്‍ ഇന്ത്യന്‍ ആരാധകരുടെ മികച്ച പിന്തുണ ടീമിന് ലഭിച്ചെന്നും ചാംപ്യന്‍സ് ട്രോഫിയുടെ നടത്തിപ്പ് മികച്ചതായിരുന്നുവെന്നും കെ.എല്‍ രാഹുല്‍ ദുബായില്‍ പറഞ്ഞു. ''മൂന്ന് മണിക്കൂര്‍ യാത്ര ചെയ്താല്‍ എത്താനാവുന്നതാണ് ദുബായ്. വീണ്ടും തിരികെ വരാനും കളിക്കാനും ആഗ്രഹിക്കുന്നു. ആരാധക പിന്തുണയും വളരെ വലുതായിരുന്നു.'' യുഎഇയിലെ അല്‍ ഫര്‍ദാന്‍ എക്‌സ്‌ചേഞ്ചിന്റെ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു രാഹുല്‍. 

ടൂര്‍ണമെന്റില്‍ മിന്നുന്ന പ്രകടനമാണ് രാഹുല്‍ പുറത്തെടുത്തത്. ഇന്ത്യന്‍ വിക്കറ്റ് കീപ്പറും മധ്യനിര താരവുമായിരുന്ന രാഹുല്‍ അഞ്ച് മത്സരങ്ങളില്‍ നിന്ന് 140 റണ്‍സാണ് അടിച്ചെടുത്തത്. പിന്നാലെ ഐസിസി തിരഞ്ഞെടുത്ത ചാംപ്യന്‍സ് ട്രോഫി ടീമില്‍ രാഹുല്‍ ഇടം പിടിച്ചു. ടീമിലെ വിക്കറ്റ് കീപ്പറും രാഹുല്‍ തന്നെ. ഐസിസി പ്രഖ്യാപിച്ച ചാംപ്യന്‍സ് ട്രോഫി ടീമില്‍ ആറ് ഇന്ത്യന്‍ താരങ്ങള്‍ ഇടം നേടി. അതേസമയം, ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് ഇടം നേടാന്‍ സാധിച്ചില്ല. ന്യൂസിലന്‍ഡ് നായകന്‍ മിച്ചല്‍ സാന്റ്നറാണ് ടീമിന നയിക്കുന്നത്. ന്യൂസിലന്‍ഡിന്റെ നാല് താരങ്ങളും അഫ്ഗാനിസ്ഥാന്റെ രണ്ട് താരങ്ങളും ടീമില്‍ ഇടം പിടിച്ചു. 

എന്തുകൊണ്ട് പിസിബി പ്രതിനിധികളെ ചാംപ്യന്‍സ് ട്രോഫി സമ്മാനദാന ചടങ്ങില്‍ നിന്നൊഴിവാക്കി? ഐസിസിയുടെ വിശദീകരണം

ഓസ്ട്രേലിയ, പാകിസ്ഥാന്‍, ദക്ഷിണാണാഫ്രിക്ക, ഇംഗ്ലണ്ട് എന്നീ ടീമുകളില്‍ നിന്നുള്ള ഒരു താരത്തിനും ഐസിസി സ്‌ക്വാഡില്‍ ഉള്‍പ്പെടാന്‍ സാധിച്ചില്ല. രാഹുലിന് പുറമെ വിരാട് കോലി, ശ്രേയസ് അയ്യര്‍, മുഹമ്മദ് ഷമി, വരുണ്‍ ചക്രവര്‍ത്തി എന്നിവരാണ് പ്ലേയിംഗ് ഇലവനിലെത്തിയ ഇന്ത്യന്‍ താരങ്ങള്‍. 12-ാമനായി അക്സര്‍ പട്ടേലും ഐസിസി ടീമില്‍ ഇടംപിടിച്ചു. ന്യൂസിലന്‍ഡ് ടീമില്‍ നിന്ന് രചിന്‍ രവീന്ദ്ര, ഗ്ലെന്‍ ഫിലിപ്സ്, സാന്റ്നര്‍, മാറ്റ് ഹെന്റി എന്നിവരും ടീമില്‍ ഉള്‍പ്പെട്ടു. മുന്‍ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണും ടീമില്‍ ഇടമുണ്ടായില്ല. അഫ്ഗാനിസ്ഥാന്റെ ഇബ്രാഹിം സദ്രാന്‍, അസ്മത്തുള്ള ഒമര്‍സായ് എന്നിവരും ടീമിലെത്തി.

ഐസിസി ടീം: രചിന്‍ രവീന്ദ്ര, ഇബ്രാഹിം സദ്രാന്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഗ്ലെന്‍ ഫിലിപ്സ്, അസ്മത്തുള്ള ഒമര്‍സായ്, മിച്ചല്‍ സാന്റ്നര്‍, മാറ്റ് ഹെന്റി, മുഹമ്മദ് ഷമി, വരുണ്‍ ചക്രവര്‍ത്തി, അക്സര്‍ പട്ടേല്‍ (12ാമന്‍).