ഓപ്പണറായി കളിച്ചിരുന്ന കെ എല്‍ രാഹുല്‍ ഇപ്പോള്‍ മധ്യനിരയിലാണ് ഇറങ്ങുന്നത്

കൊല്‍ക്കത്ത: ടീം ആവശ്യപ്പെടുന്ന സമയത്ത് നിര്‍ണായക ഇന്നിംഗ്‌സുമായി ടീമിന്‍റെ രക്ഷകനായിരിക്കുകയാണ് കെ എല്‍ രാഹുല്‍. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ രാഹുലിന്‍റെ പോരാട്ടത്തിലാണ് ടീം ഇന്ത്യ നിര്‍ണായക രണ്ടാം ഏകദിന വിജയിച്ച് ശ്രീലങ്കയ്ക്ക് എതിരായ പരമ്പര സ്വന്തമാക്കിയത്. ഇതോടെ വിമര്‍ശകര്‍ക്കെല്ലാം മറുപടി നല്‍കിക്കഴിഞ്ഞ രാഹുല്‍ ഈ വര്‍ഷത്തെ ഏകദിന ലോകകപ്പിലേക്ക് തന്‍റെ പേര് മുന്നോട്ടുവയ്ക്കുകയാണ്.

ഓപ്പണറായി കളിച്ചിരുന്ന കെ എല്‍ രാഹുല്‍ ഇപ്പോള്‍ മധ്യനിരയിലാണ് ഇറങ്ങുന്നത്. വരുന്ന ഏകദിന ലോകകപ്പില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ എവിടെ ഇറങ്ങണമെന്ന കാര്യത്തില്‍ രോഹിത് ശര്‍മ്മയ്ക്ക് കൃത്യമായ പദ്ധതിയുണ്ട് എന്ന് രാഹുല്‍ ലങ്കയ്ക്ക് എതിരായ രണ്ടാം ഏകദിനത്തിന് ശേഷം വ്യക്തമാക്കി. അഞ്ചാം നമ്പറില്‍ പ്രധാനമായും സ്‌പിന്നറെയാണ് നേരിടേണ്ടിവരിക. അത് ഞാനിഷ്‌ടപ്പെടുന്നു. ഞാന്‍ എവിടെയാണ് ബാറ്റ് ചെയ്യേണ്ടത് എന്ന് രോഹിത്തിന് കൃത്യമായി അറിയാം. അത് എന്നെ അറിയിച്ചിട്ടുമുണ്ട്. അഞ്ചാം നമ്പറില്‍ ഇറങ്ങുമ്പോള്‍ ഓപ്പണിംഗ് റോളിലെ പോലെ വേഗം ഇറങ്ങേണ്ട ആവശ്യമില്ല. മതിയായ വിശ്രമം എടുത്ത ശേഷം ക്രീസിലെത്തിയാല്‍ മതി. ടീം ആവശ്യപ്പെടുന്ന സ്ട്രൈക്ക് റേറ്റില്‍ ബാറ്റേന്തിയാല്‍ മതി എന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. 

കൊല്‍ക്കത്ത ഏകദിനത്തില്‍ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക 39.4 ഓവറില്‍ 215ന് എല്ലാവരും പുറത്തായിരുന്നു. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 43.2 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ജയത്തോടെ ഇന്ത്യ പരമ്പര 2-0ന് നേടി. 103 പന്തില്‍ 64 റണ്‍സ് നേടിയ കെ എല്‍ രാഹുലാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. അഞ്ചാം നമ്പറിലിറങ്ങിയ രാഹുല്‍, ശ്രേയസ് അയ്യര്‍, ഹാര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ് എന്നിവര്‍ക്കൊപ്പം ബാറ്റ് ചെയ്തു. നേരത്തെ രോഹിത് ശര്‍മ്മ(17), ശുഭ്‌മാന്‍ ഗില്‍(21), വിരാട് കോലി(4), ശ്രേയസ് അയ്യര്‍(28) എന്നീ സ്കോറില്‍ പുറത്തായിരുന്നു. ഹാര്‍ദിക് പാണ്ഡ്യ(36), അക്‌സര്‍ പട്ടേല്‍(21), കുല്‍ദീപ് യാദവ്(10*) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ സ്കോര്‍. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ അവസാന ഏകദിനം ഞായറാഴ്ച്ച കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കും.

വന്‍മതില്‍ പോലെ തന്‍റെ കണക്കുകള്‍ ബിഗ് സ്ക്രീനില്‍; സന്തോഷമടക്കാനാവാതെ ദ്രാവിഡ്- വീഡിയോ