ബംഗലൂരു: ഇന്ത്യന്‍ ക്രിക്കറ്റ് താരം കെ എല്‍ രാഹുലിന്റെ ലോകകപ്പ് ബാറ്റ് ലേലം ചെയ്തു. ലേലത്തിലൂടെ ലഭിച്ച 2,64,228 രൂപ സമൂഹത്തില്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന അവെയര്‍ ഫൗണ്ടഷന് നല്‍കും. 28ാം പിറന്നാള്‍ ദിനത്തിലാണ്  ലോകകപ്പില്‍ ഉപയോഗിച്ച ബാറ്റ്, ഹെല്‍മറ്റ്, പാഡുകള്‍, ജേഴ്സി, ഗ്ലൗസ് എന്നിവ ലേലം ചെയ്യുമെന്ന് രാഹുല്‍ ട്വിറ്ററിലൂടെ അറിയിച്ചത്.

ലേലത്തില്‍ രാഹുലിന്റെ ഹെല്‍മറ്റിന് 1,22,677 രൂപയും, പാഡുകള്‍ക്ക്  33,028 രൂപയും, ഏകദിന ജേഴ്സിക്ക് 1,13,240 രൂപയും ടി20 ജേഴ്സിക്ക് 1,04,824 രൂപയും ടെസ്റ്റ് ജേഴ്സിക്ക് 1,32,774  രൂപയും, ഗ്ലൗസുകള്‍ക്ക് 28,782 രൂപയും ലഭിച്ചു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ആരാധക കൂട്ടായ്മയായ ഭാരത് ആര്‍മിയുടെ സഹകരണത്തോടെയാണ് ലേലം നടത്തിയത്.

Also Read: എല്ലാം മാറ്റിമറിച്ചത് അദ്ദേഹത്തിന്റെ ഉപദേശം; പിന്നീട് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല: സച്ചിന്‍

സമൂഹത്തിലെ പിന്നാക്കം നില്‍ക്കുന്ന കുട്ടികളുടെ  ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയാണ് അവെയര്‍ ഫൗണ്ടേഷന്‍. കൊവിഡ‍് ദുരിതബാധിതരെ സഹായിക്കാനായി ക്രിക്കറ്റ് താരങ്ങള്‍ പ്രധാനമന്ത്രിയുടെയും അതാത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെയും ദുരിതാശ്വാസ നിധിയിലേക്ക് സംഭവനകള്‍ നല്‍കിയിരുന്നു.