കഴിഞ്ഞ ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ പ്രധാന വിക്കറ്റ് കീപ്പറായിരുന്ന രാഹുല്‍ 75.33 ശരാശരിയില്‍ 452 റണ്‍സടിച്ച് മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.

മുംബൈ: ഈ മാസം നടക്കുന്ന ഇംഗ്ലണ്ടിനെതിരായ ഏകദിന, ടി20 പരമ്പരകളില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെ എല്‍ രാഹുലിന് വിശ്രമം അനുവദിക്കുമെന്ന് റിപ്പോര്‍ട്ട്. ഈ മാസം 22 മുതലാണ് ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര തുടങ്ങുന്നത്. അഞ്ച് മത്സരങ്ങളാണ് ടി20 പരമ്പരയിലുള്ളത്. ഇതിനുശേഷം മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലും ഇന്ത്യ കളിക്കും. ഈ രണ്ട് പരമ്പരകളിലും രാഹുലിന് വിശ്രമം അനുവദിച്ചാലും അടുത്തമാസം പാകിസ്ഥാനില്‍ നടക്കുന്ന ചാമ്പ്യൻസ് ട്രോഫി ടൂര്‍ണമെന്‍റില്‍ രാഹുല്‍ പ്രധാന വിക്കറ്റ് കീപ്പറായി ടീമിലുണ്ടാകുമെന്നാണ് ടീം മാനേജ്മെന്‍റ് ഉറപ്പ് നല്‍കിയിരിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഓപ്പണറായി ഇറങ്ങിയ രാഹുല്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തിരുന്നു. പരമ്പരയില്‍ ഇന്ത്യ ജയിച്ച പെര്‍ത്ത് ടെസ്റ്റില്‍ ഓപ്പണറായി തിളങ്ങിയ രാഹുലിന് പിന്നീട് ആ മികവ് നിലിര്‍ത്താനായില്ലെങ്കിലും ചാമ്പ്യൻസ് ട്രോഫി ടീമിലെ പ്രധാന വിക്കറ്റ് കീപ്പര്‍ രാഹുല്‍ തന്നെയായിരിക്കുമെന്നാണ് ബിസിസിഐ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

ക്യാൻസറിനെ അതിജീവിച്ച് തിരിച്ചുവന്ന യുവരാജിനെ ഇന്ത്യൻ ടീമിൽ നിന്നൊഴിവാക്കിയത് വിരാട് കോലി, ആരോപണവുമായി ഉത്തപ്പ

കഴിഞ്ഞ ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ പ്രധാന വിക്കറ്റ് കീപ്പറായിരുന്ന രാഹുല്‍ 75.33 ശരാശരിയില്‍ 452 റണ്‍സടിച്ച് മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ഈ സാഹചര്യത്തില്‍ ചാമ്പ്യൻസ് ട്രോഫിയിലും രാഹുല്‍ തന്നെയാകും ഇന്ത്യയുടെ പ്രധാന വിക്കറ്റ് കീപ്പര്‍. ഇതോടെ ചാമ്പ്യൻസ് ട്രോഫി ടീമിലെ രണ്ടാം വിക്കറ്റ് കീപ്പര്‍ ആരായിരിക്കുമെന്ന ആകാംക്ഷയും ഉയര്‍ന്നിട്ടുണ്ട്.

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ രാഹുല്‍ വിട്ടുനിന്നാല്‍ രണ്ടാം വിക്കറ്റ് കീപ്പറായി സഞ്ജു സാംസണെയും ടീമിലേക്ക് പരിഗണിക്കാനിടയുണ്ട്. ഏകദിനങ്ങളില്‍ മികച്ച റെക്കോര്‍ഡുള്ള സഞ്ജുവിന് ഇംഗ്ലണ്ടിനെതിരെ തിളങ്ങിയാല്‍ റിഷഭ് പന്തിനെ പിന്തള്ളി ചാമ്പ്യൻസ് ട്രോഫി ടീമിലെ ബാക്ക് അപ്പ് വിക്കറ്റ് കീപ്പറായി ടീമിലെത്താനും കഴിയും. കഴിഞ്ഞ വര്‍ഷം ഇന്ത്യ മൂന്ന് ഏകദിനങ്ങള്‍ മാത്രമാണ് കളിച്ചത്. ഇതില്‍ ശ്രീലങ്കക്കെതിരായ ഒരു ഏകദിനത്തില്‍ മാത്രമാണ് റിഷഭ് പന്ത് കളിച്ചത്. ഇതില്‍ ആറ് റണ്‍സെടുത്ത് പുറത്താവുകയും ചെയ്തു. അതേസമയം, ദക്ഷിണാഫ്രിക്കക്കെതിരെ അവസാനം കളിച്ച ഏകദിന മത്സരത്തില്‍ സെഞ്ചുറി നേടിയ സഞ്ജുവിന് ഏകദിനങ്ങളില്‍ 50ന് മുകളില്‍ ബാറ്റിംഗ് ശരാശരിയുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക