ഐപിഎല്‍ 2023ല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് എതിരായ മത്സരത്തിലാണ് ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് നായകനായ കെ എല്‍ രാഹുലിന്‍റെ കാലിന് പരിക്കേറ്റത്

ബെംഗളൂരു: ശസ്‌ത്രക്രിയക്ക് ശേഷം സജീവ ക്രിക്കറ്റിലേക്ക് തിരിച്ചുവരാന്‍ ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ കെ എല്‍ രാഹുല്‍ ശ്രമം തുടങ്ങി. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ രാഹുല്‍ തുടര്‍ ചികില്‍സയും പരിശീലനവും തുടങ്ങി. ബെംഗളൂരുവില്‍ എത്തിയ വിവരം രാഹുല്‍ ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരെ അറിയിച്ചു. ടീം ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലുണ്ടാകുമോ എന്ന് വ്യക്തമല്ലെങ്കിലും ഏഷ്യാ കപ്പിലൂടെ തിരിച്ചെത്താം എന്ന പ്രതീക്ഷയിലാണ് താരം. ഇതിലൂടെ ഏകദിന ലോകകപ്പ് ടീമില്‍ ഇടംപിടിക്കാമെന്നും കെ എല്‍ രാഹുല്‍ സ്വപ്‌നം കാണുന്നു. 

ഐപിഎല്‍ 2023ല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് എതിരായ മത്സരത്തിലാണ് ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് നായകനായ കെ എല്‍ രാഹുലിന്‍റെ കാലിന് പരിക്കേറ്റത്. ഇതോടെ ഐപിഎല്ലിലെ അവശേഷിക്കുന്ന മത്സരങ്ങളിലും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഓസ്ട്രേലിയക്ക് എതിരായ ഫൈനലില്‍ നിന്നും രാഹുല്‍ പുറത്തായിരുന്നു. രാഹുലിന് കാലില്‍ ശസ്‌ത്രക്രിയ വേണമെന്ന് ബിസിസിഐ പിന്നാലെ വ്യക്തമാക്കിയിരുന്നു. ഈ ശസ്‌ത്രക്രിയ കഴിഞ്ഞാണ് രാഹുല്‍ ഇപ്പോള്‍ ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ എത്തിയിരിക്കുന്നത്. എന്‍സിഎയിലെ തുടര്‍ ചികില്‍സയും പരിശീലനവും എത്രയും വേഗം പൂര്‍ത്തിയാക്കി ഏഷ്യാ കപ്പിനായി ഫിറ്റ്‌നസ് കൈവരിക്കുകയാണ് രാഹുലിന് മുന്നിലുള്ള ലക്ഷ്യം. 

രാജ്യാന്തര ട്വന്‍റി 20, ടെസ്റ്റ് ടീമുകളില്‍ കെ എല്‍ രാഹുലിന്‍റെ സ്ഥാനം ചോദ്യചിഹ്നമാണെങ്കിലും ഏകദിന ടീമിലെ നിര്‍ണായക സാന്നിധ്യമാണ് കെ എല്‍ രാഹുല്‍. ഏകദിനത്തില്‍ മധ്യനിര താരമായ രാഹുലിന് 45ന് മുകളില്‍ ബാറ്റിംഗ് ശരാശരിയുണ്ട്. ഏകദിനത്തില്‍ വിക്കറ്റ് കീപ്പറുടെ റോളും രാഹുലിനുണ്ട്. രാഹുല്‍ പ്ലേയിംഗ് ഇലവനിലേക്ക് വന്നാല്‍ ഏഷ്യാ കപ്പിലും ഏകദിന ലോകകപ്പിലും ഒരു അധികം ബാറ്ററെയോ ബൗളറേയോ ഇന്ത്യന്‍ ടീമിന് കളിപ്പിക്കാം. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ രണ്ട് ടെസ്റ്റുകളും മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20കളുമാണ് ടീം ഇന്ത്യക്ക് ഇനി വരാനിരിക്കുന്നത്. ഇതിന് ശേഷം അയര്‍ലന്‍ഡിനെതിരെ മൂന്ന് ടി20കളും ഏഷ്യാ കപ്പും ഓസീസിനെതിരെ മൂന്ന് ഏകദിനങ്ങളുടെ പരമ്പരയും ടീം ഇന്ത്യക്കുണ്ട്. ഫിറ്റ്‌നസ് വീണ്ടെടുത്താല്‍ ഏഷ്യാ കപ്പിലും ഓസീസ് പരമ്പരയിലും രാഹുലിന് കളിക്കാം. 

Read more: 'പൂജാര കളിച്ചത് ഇതുവരെ കാണാത്ത ഷോട്ട്'; ഗാവസ്‌കര്‍ പിന്നോട്ടില്ല, രോഹിത്തിനും ശകാരം