Asianet News MalayalamAsianet News Malayalam

ധോണി, രോഹിത്, കോലി... അവരാണെന്റെ ഹീറോസ്; ഐപിഎല്‍ നായകനായി അരങ്ങേറ്റത്തിനൊരുങ്ങുന്ന രാഹുലിന്റെ വാക്കുകള്‍

സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മയേയും എം എസ് ധോണിയേയും വിരാട് കോലിയേയും അദ്ദേഹത്തിന് ഓര്‍ക്കാതിരിക്കാന്‍ ആവുന്നില്ല. സീനിയര്‍ ക്യാപ്റ്റന്മാരുടെ ക്യാപ്റ്റന്‍സി എങ്ങനെ സ്വാധീനിച്ചുവെന്ന് പറയുകയാണ് രാഹുല്‍.

KL Rahul talking on dhoni and kohli ahead of ipl
Author
Dubai - United Arab Emirates, First Published Aug 24, 2020, 11:18 PM IST

ദുബായ്: ഒരിക്കല്‍ മാത്രമാണ് കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് ഐപിഎല്‍ ഫൈനലിലെത്താന്‍ സാധിച്ചിരുന്നത്. 2014ല്‍ ഐപിഎല്‍ ഭാഗികമായി യുഎഇയില്‍ നടന്നപ്പോഴായിരുന്നു അത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സുമായുള്ള ഫൈനലില്‍ മൂന്ന് വിക്കറ്റിനായിരുന്നു കിംഗ്‌സ് ഇലവന്റെ പരാജയം. മുന്‍ ഓസീസ് ക്യാപ്റ്റന്‍ ജോര്‍ജ് ബെയ്‌ലിയായിരുന്നു അന്ന് നായകന്‍. ഒരു ഐപിഎല്‍ കൂടെ യുഎഇയില്‍ നടക്കാന്‍ പോകുന്നു. ഇത്തവണ കെ എല്‍ രാഹുലാണ് ടീമിന്റെ ക്യാപ്റ്റന്‍. 

ആദ്യമായിട്ടാണ് രാഹുല്‍ ഐപിഎല്‍ ടീമിന്റെ ക്യാപ്റ്റനാവുന്നത്. അതുകൊണ്ട് സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മയേയും എം എസ് ധോണിയേയും വിരാട് കോലിയേയും അദ്ദേഹത്തിന് ഓര്‍ക്കാതിരിക്കാന്‍ ആവുന്നില്ല. സീനിയര്‍ ക്യാപ്റ്റന്മാരുടെ ക്യാപ്റ്റന്‍സി എങ്ങനെ സ്വാധീനിച്ചുവെന്ന് പറയുകയാണ് രാഹുല്‍. ''ധോണിയുടെ ശാന്തതയും താരങ്ങളെ പിന്തുണക്കുന്നതിലുള്ള മിടുക്കും എന്നില്‍ ഒരുപാട് സ്വാധീനം ചെലുത്തിയിട്ടുണ്ട്. അതുപോലെ കോലിയുടെ എല്ലാം തിരിച്ചെടുക്കണമെന്നുള്ള വാശി. ആത്മാര്‍ത്ഥത കാണിക്കുന്ന കാര്യല്‍ ഈ രണ്ട് ക്യാപ്റ്റന്മാരെ പോലെ രോഹിത്തിന്റെ ശൈലിയും എനിക്ക് കരുത്താണ്.'' രാഹുല്‍ പറഞ്ഞു. 

ധോണിയുടെ വിരമിക്കലിനെ കുറിച്ചും രാഹുല്‍ വാചാലനായി. ''രാജ്യത്തുള്ള എല്ലാ ക്രിക്കറ്റ് ആരാധകരെ പോലെ എനിക്കും വിഷമമുണ്ടായിരുന്നു. അദ്ദേഹത്തില്‍ ഇനിയും ക്രിക്കറ്റ് അവശേഷിക്കുന്നുണ്ടായിരുന്നു. ധോണിയുടെ ശാന്തത ഡ്രസിംഗ് റൂം മിസ് ചെയ്യും.'' രാഹുല്‍ പറഞ്ഞുനിര്‍ത്തി.

ആദ്യമായിട്ടാണ് ഐപിഎല്‍ ടീമിന്റെ പരിശീലകനാകുന്നതെങ്കിലും അനില്‍ കുംബ്ലെയെ പോലയുള്ള ഇതിഹാസങ്ങളുടെ സാന്നിധ്യം രാഹുലിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കും. ടീമിന്റെ മുഖ്യ പരിശീലകനാണ് കുംബ്ലെ. വസീം ജാഫര്‍ ബാറ്റിങ് പരിശീലകനായും കൂടെയുണ്ട്.

Follow Us:
Download App:
  • android
  • ios