തുടർച്ചയായ അഞ്ച് ടെസ്റ്റ് ഇന്നിം​ഗ്സുകളിൽ 30 പോലും കടക്കാൻ സാധിക്കാത്ത രാഹുലിലാണോ ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി എന്ന് വരെ ആരാധകർ ചോദിക്കുന്നുണ്ട്. ബം​ഗ്ലാദേശിനെതിരെയുള്ള അവസാന ഏകദിനത്തിൽ ഇന്ത്യൻ നാനൂറിൽ അധികം സ്കോർ ചെയ്തപ്പോഴും രാഹുൽ നിരാശപ്പെടുത്തിയിരുന്നു

മിർപുർ: ബം​ഗ്ലാദേശിനെതിരെയുള്ള ആദ്യ ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ട് ഇന്നിം​ഗ്സുകളിലും പരാജയപ്പെട്ട നായകൻ കെ എൽ രാഹുലിനെ ട്രോളി ആരാധകർ. രണ്ട് ഇന്നിം​ഗ്സുകളിലും ഖാലിദ് അഹമ്മദിന് വിക്കറ്റ് നൽകിയാണ് രാഹുൽ മടങ്ങിയത്. ആദ്യ ഇന്നിം​ഗ്സിൽ 22 റൺസ് എടുത്തപ്പോൾ അടുത്ത അവസരത്തിൽ ഒരു റൺ കൂടെ അധികം ചേർക്കാൻ രാഹുലിന് സാധിച്ചു. വിക്കറ്റ് നഷ്ടപ്പെടാതെയിരിക്കാൻ അമിതമായി പ്രതിരോധത്തിൽ ഊന്നി കളിച്ചിട്ടും രാഹുൽ മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കാത്തതാണ് ആരാധകരെ ചൊടിപ്പിച്ചിട്ടുള്ളത്.

തുടർച്ചയായ അഞ്ച് ടെസ്റ്റ് ഇന്നിം​ഗ്സുകളിൽ 30 പോലും കടക്കാൻ സാധിക്കാത്ത രാഹുലിലാണോ ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി എന്ന് വരെ ആരാധകർ ചോദിക്കുന്നുണ്ട്. ബം​ഗ്ലാദേശിനെതിരെയുള്ള അവസാന ഏകദിനത്തിൽ ഇന്ത്യ നാനൂറിൽ അധികം സ്കോർ ചെയ്തപ്പോഴും രാഹുൽ നിരാശപ്പെടുത്തിയിരുന്നു. അപ്പോഴും ആരാധകർ കടുത്ത വിമർശങ്ങളാണ് ഉന്നയിച്ചത്.

Scroll to load tweet…

അതേസമയം, ബം​ഗ്ലാദേശിനെതിരെ 513 റണ്‍സിന്‍റെ കൂറ്റന്‍ വിജയലക്ഷ്യമാണ് ഇന്ത്യ പടുത്തുയർത്തിയിട്ടുള്ളത്. മൂന്നാം ദിനം ബംഗ്ലാദേശിന്‍റെ ഒന്നാം ഇന്നിംഗ്സ് 150ല്‍ അവസാനിപ്പിച്ച് 254 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ ഇന്ത്യ ആതിഥേയരെ ബാറ്റിംഗിനയക്കാതെ വീണ്ടും ബാറ്റിംഗിനിറങ്ങി. സെഞ്ചുറിയുമായി ശുഭ്മാന്‍ ഗില്ലും ചേതേശ്വര്‍ പൂജാരയും തകര്‍ത്തടിച്ചതോടെ രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 258 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്തു. 513 റണ്‍സ് വിജലക്ഷ്യം പിന്തുടരുന്ന ബംഗ്ലാദേശ് മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 42 റണ്‍സെടുത്തിട്ടുണ്ട്. 25 റണ്‍സോടെ നജ്മുള്‍ ഹൊസൈന്‍ ഷാന്‍റോയും 17 റണ്‍സോടെ സാക്കിര്‍ ഹസനും ക്രീസില്‍.

പൂജാരയും ഗില്ലും ചേര്‍ന്ന് ഏകദിന ശൈലിയില്‍ ബാറ്റ് വീശിയതാണ് മൂന്നാം ദിനത്തിലെ ഇന്ത്യൻ ഇന്നിം​ഗ്സിന്റെ ഹൈലൈറ്റ്. രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 113 റണ്‍സടിച്ചു. 147 പന്തില്‍ തന്‍റെ ആദ്യ ടെസ്റ്റ് സെഞ്ചുറി കുറിച്ച ഗില്‍ 10 ഫോറും മൂന്ന് സിക്സും പറത്തി 152 പന്തില്‍ 110 റണ്‍സെടുത്ത് പുറത്തായി. ഗില്‍ പുറത്തായശേഷം തകര്‍ത്തടിച്ച പൂജാര കോലിയെ കൂട്ടുപിടിച്ച് ഇന്ത്യയെ 200 കടത്തി. പൂജാരയുടെ അവസാന 50 റണ്‍സ് പിറന്നത് 37 പന്തിലായിരുന്നു. 52 ഇന്നിംഗ്സുകള്‍ക്കുശേഷം 130 പന്തില്‍ പൂജാര സെഞ്ചുറിയിലെത്തി. ടെസ്റ്റില്‍ പൂജാരയുടെ വേഗമേറിയ സെഞ്ചുറി കൂടിയാണിത്. പൂജാര സെഞ്ചുറി തികച്ചതിന് ഇന്ത്യ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തു. പൂജാരക്കൊപ്പം 19 റണ്‍സുമായി വിരാട് കോലി പുറത്താകാതെ നിന്നു.

പൂജാരക്കും ഗില്ലിനും സെഞ്ചുറി; ഇന്ത്യക്കെതിരെ ബംഗ്ലാദേശിന് കൂറ്റന്‍ വിജയലക്ഷ്യം