മൊഹാലി: ഈ സീസണിലെ ഐപിഎല്ലിൽ കിംഗ്സ് ഇലവൻ പഞ്ചാബിനെ ഇന്ത്യന്‍ താരം കെ എൽ രാഹുൽ നയിക്കും. ഡൽഹി കാപിറ്റൽസിലേക്ക് മാറിയ ആർ അശ്വിന് പകരമാണ് രാഹുലിനെ നായകനായി പ്രഖ്യാപിച്ചത്. ഐപിഎൽ താരലേലത്തിനിടെ മുഖ്യ പരിശീലകൻ അനിൽ കുംബ്ലെയുമായി ആലോചിച്ചായിരുന്നു പ‌ഞ്ചാബ് ടീം മാനേജ്മെന്‍റിന്‍റെ പ്രഖ്യാപനം.

പത്തേമുക്കാൽ കോടിക്ക് ടീമിൽ തിരിച്ചെത്തിയ ഓസീസ് താരം ഗ്ലെൻ മാക്സ്‍വെൽ പഞ്ചാബ് നായകനായേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് രാഹുലിനെ ക്യാപ്റ്റനായി നിയമിച്ചത്. നേരത്തേ, വസീം ജാഫറിനെ പഞ്ചാബിന്റെ ബാറ്റിംഗ് കോച്ചായി നിയമിച്ചിരുന്നു.

അതേസമയം, പന്ത്രണ്ട് രാജ്യങ്ങളിലെ 332പേരുടെ ലേലത്തിൽനിന്ന് ടീമുകൾ ഇന്നലെ സ്വന്തമാക്കിയത് 62താരങ്ങളെയാണ്, ഇതിൽ 29പേർ വിദേശികളും. ആകെ ടീമുകൾ മുടക്കിയത് 140.3 കോടി രൂപ. ഐ പി എൽ ചരിത്രത്തിലെ ഏറ്റവും വിലയേറിയ വിദേശതാരം എന്ന തലയെടുപ്പോടെയാണ് പാറ്റ് കമ്മിൻസ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിലെത്തിയത്.

ഡൽഹി കാപിറ്റൽസ്, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ എന്നിവരുടെ മത്സരത്തെ അതിജീവിച്ച കൊൽകത്ത കമ്മിൻസിനായി വാരിയെറിഞ്ഞത് പതിനഞ്ചരക്കോടി രൂപയാണ്. 2017 സീസണിൽ റൈസിംഗ് പൂനെ സൂപ്പർ ജയന്റ്, ബെൻ സ്റ്റോക്സിനായി മുടക്കിയ പതിനാലരക്കോടിയുടെ റെക്കോർഡാണ് കമ്മിൻസ് മറികടന്നത്. ഗ്ലെൻ മാക്സ്‍വെൽ പത്തേമുക്കാൽ കോടി രൂപയ്ക്ക് കിംഗ്സ് ഇലവൻ പഞ്ചാബിൽ തിരിച്ചെത്തിയപ്പോൾ ദക്ഷിണാഫ്രിക്കൻ താരം ക്രിസ് മോറിസിനായി ബാംഗ്ലൂർ മുടക്കിയത് പത്തുകോടി രൂപ.

ഷെൽഡൺ കോട്രലിനെ എട്ടരക്കോടിക്ക് പഞ്ചാബും നേഥൻ കോൾട്ടർനൈലിനെ എട്ട് കോടിക്ക് മുംബൈ ഇന്ത്യൻസും ഷിമ്രോൺ ഹെറ്റ്മെയറിനെ ഏഴേമുക്കാൽ കോടിക്ക് ഡൽഹി കാപിറ്റൽസും സാം കറണെ അഞ്ചരക്കോടിക്ക് ചെന്നൈ സൂപ്പർ കിംഗ്സും ആരോൺ ഫിഞ്ചിനെ നാല് കോടി നാൽപത് ലക്ഷത്തിന് ബാംഗ്ലൂരും ടീമിലെത്തിച്ചു.