സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തില്‍ ഇംഗ്ലണ്ടിന് 223 റണ്‍സ് വിജയലക്ഷ്യം. ഹെന്റിച്ച് ക്ലാസന്‍ (33 പന്തില്‍ 66), തെംബ ബവൂമ (24 പന്തില്‍ 49) എന്നിവരുടെ ഇന്നിങ്‌സാണ് ആതിഥേയര്‍ക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. ആറ് വിക്കറ്റുകളാണ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്. ഇംഗ്ലണ്ടിനായി ബെന്‍ സ്റ്റോക്‌സ്, ടോം കറന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇരുവരും ഓരോ മത്സരം വീതം ജയിച്ചിച്ചിട്ടുണ്ട്. ഇന്ന് ജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാക്കാം.

സെഞ്ചൂറിയനില്‍ ടോസ് നേടി ബാറ്റിങ്ങിനറിങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് മോഹിപ്പിക്കുന്ന തുടക്കമാണ് ലഭിച്ചത്. ബവൂമ- ക്വിന്റണ്‍ ഡി കോക്ക് (24 പന്തില്‍ 35) സഖ്യം 84 റണ്‍സ് കൂട്ടിച്ചേര്‍ത്തു. നാല് സിക്‌സും ഒരു ഫോറും അടങ്ങിയ ക്യാപ്റ്റന്‍ ഡി കോക്കിന്റെ ഇന്നിങ്‌സാണ് ആദ്യം അവസാനിച്ചത്. ഡി കോക്കിനെ സ്‌റ്റോക്‌സ് പുറത്താക്കി. ടോട്ടലിനോട് രണ്ട് റണ്‍സ് കൂട്ടിച്ചേര്‍ത്ത് ബവൂമയും മടങ്ങി. മൂന്ന് സിക്‌സും നാല് ഫോറും അടങ്ങുന്നതായിരുന്നു ബവൂമയുടെ ഇന്നിങ്‌സ്. റാസി വാന്‍ ഡര്‍ ഡസ്സന്‍ (11) പെട്ടന്ന് മടങ്ങി. എന്നാല്‍ ക്ലാസന്റെയും ഡേവിഡ് മില്ലറുടെയും (35) ഇന്നിങ്‌സ് ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചു. 

നാല് വീതം സിക്‌സും ഫോറും അടങ്ങുന്നതായിരുന്നു ക്ലാസന്റെ ഇന്നിങ്‌സ്. മില്ലര്‍ 20 പന്തില്‍ രണ്ട് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടെയാണ് ഇത്രയും റണ്‍സെടുത്തത്. ഡ്വെയ്ന്‍ പ്രിട്ടോറിയൂസ് (7 പന്തില്‍ 11), ആന്‍ഡിലെ ഫെഹ്‌ലുക്വായോ (1) എന്നിവര്‍ പെട്ടന്ന് മടങ്ങി. മില്ലര്‍ക്കൊപ്പം ബോണ്‍ ഫോര്‍ട്വിന്‍ (0) പുറത്താവാതെ നിന്നു.

കറനും സ്‌റ്റോക്‌സിനും പുറമെ മാര്‍ക് വുഡും ആദില്‍ റഷീദ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.