ടോസ് നഷ്ടത്തിന് പിന്നാലെ ക്രീസിലിറങ്ങിയ കൊച്ചിക്കായി സഞ്ജു വീണ്ടും ഓപ്പണറായി എത്തി. കൊച്ചിക്കായി അടി തുടങ്ങിയതും സഞ്ജു തന്നെയായിരുന്നു.

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ അദാനി ട്രിവാന്‍ഡ്രം റോയല്‍സിനെതിരെ കൊച്ചി ബ്ലൂ ടൈഗേഴ്സിന് നല്ല തുടക്കം. ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ കൊച്ചി ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ എട്ടോവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 71 റണ്‍സെന്ന നിലയിലാണ്. 20 പന്തില്‍ 27 റണ്‍സുമായി സഞ്ജു സാംസണും മൂന്ന് പന്തില്‍ മൂന്ന് റണ്‍സോടെ സാലി സാംസണും ക്രീസില്‍. 26 പന്തില്‍ 42 റണ്‍സെടുത്ത വിനൂപ് മനോഹരന്‍റെ വിക്കറ്റാണ് കൊച്ചിക്ക് നഷ്ടമായത്. 

ടോസ് നഷ്ടത്തിന് പിന്നാലെ ക്രീസിലിറങ്ങിയ കൊച്ചിക്കായി സഞ്ജു വീണ്ടും ഓപ്പണറായി എത്തി. കൊച്ചിക്കായി അടി തുടങ്ങിയതും സഞ്ജു തന്നെയായിരുന്നു. ബേസില്‍ തമ്പിയെറിഞ്ഞ ആദ്യ ഓവറിലെ ആദ്യ പന്ത് തന്നെ ബൗണ്ടറി കടത്തിയ സഞ്ജു ആ ഓവറിലെ അഞ്ചാം പന്ത് സിക്സിനു തൂക്കി. പിന്നാലെ വീണ്ടുമൊരു ബൗണ്ടറി കൂടിനേടി സഞ്ജു വെടിക്കെട്ടിന് തിരികൊളുത്തി. സഞ്ജുവില്‍ നിന്ന് ആക്രമണം ഏറ്റെടുത്ത വിനൂപ് മനോഹരന്‍ ആസിഫ് സലാം എറിഞ്ഞ രണ്ടാം ഓവറില്‍ രണ്ട് ബൗണ്ടറികള്‍ നേടി.

അജിത് എറിഞ്ഞ മൂന്നാം ഓവറിലും രണ്ട് ബൗണ്ടറികള്‍ നേടിയ വിനൂപ് സഞ്ജുവിനെ സാക്ഷി നിര്‍ത്തി അടിച്ചു തകര്‍ത്തു. മൂന്നോവറില്‍ 33 റണ്‍സെടുത്തെങ്കിലും പവര്‍ പ്ലേയിലെ നാലും അഞ്ചും ഓവറുകളില്‍ സഞ്ജുവിനും വിനൂപിനും കാര്യമായി സ്കോര്‍ ചെയ്യാനായില്ല. രണ്ടോവറില്‍ 10 റണ്‍സ് മാത്രമാണ് ഇരുവരും നേടിയത്.പവര്‍ പ്ലേയിലെ അവസാന ഓവരില്‍ മൂന്ന് ബൗണ്ടറികള്‍ കൂടി നേടിയ വിനൂപ് മനോഹരന്‍ കൊച്ചിയെ 57 റണ്‍സിലെത്തിച്ചു. ഏഴാം ഓവറില്‍ പ്രവീണിന്‍റെ പന്തില്‍ സഞ്ജു നല്‍കിയ അവസരം വിക്കറ്റ് കീപ്പര്‍ അദ്വൈത് പ്രിന്‍സ് നഷ്ടമാക്കിയത് ട്രിവാന്‍ഡ്രത്തിന് തിരിച്ചടിയായി. 18 പന്തില്‍ 25 റൺസായിരുന്നു അപ്പോള്‍ സഞ്ജുവിന്‍റെ സ്കോര്‍. പിന്നാലെ വിനൂപ് മനോഹരനെ അബ്ദുള്‍ ബാസിത് വിക്കറ്റിന് മുന്നില്‍ കുടുക്കി.

കൊച്ചി ബ്ലൂ ടൈഗേഴ്സ്: വിനൂപ് മനോഹരൻ, മുഹമ്മദ് ഷാനു, സഞ്ജു സാംസൺ, നിഖിൽ തോട്ടത്ത് (WK), സാലി സാംസൺ (c), ആൽഫി ഫ്രാൻസിസ് ജോൺ, ജോബിൻ ജോബി, ജെറിൻ പിഎസ്, മുഹമ്മദ് ആഷിക്, രാകേഷ് കെജെ, അജീഷ് കെ.

അദാനി ട്രിവാൻഡ്രം റോയൽസ്: കൃഷ്ണ പ്രസാദ് (c), ഗോവിന്ദ് ദേവ് പൈ, റിയ ബഷീർ, അബ്ദുൾ ബാസിത്ത്, അദ്വൈത് പ്രിൻസ് (WK), നിഖിൽ എം, അഭിജിത്ത് പ്രവീൺ വി, സഞ്ജീവ് സതരേശൻ, ബേസിൽ തമ്പി, ആസിഫ് സലാം, അജിത് വി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക