ഏഷ്യാ കപ്പിൽ ഇന്ത്യയുടെ ഗെയിം ചേഞ്ചർമാർ ശുഭ്മാൻ ഗില്ലോ സഞ്ജു സാംസണോ സൂര്യകുമാര്‍ യാദവോ അല്ലെന്ന് വീരേന്ദർ സെവാഗ്.
ദില്ലി: ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീം സെലക്ഷനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടരുമ്പോൾ ആരാകും ഇന്ത്യക്കായി ഓപ്പണർമാരായി ഇറങ്ങുക എന്ന കാര്യത്തില്‍ ടീം മാനേജ്മെന്‍റ് ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ല. അഭിഷേക് ശര്‍മക്കൊപ്പം ഓപ്പണര്‍മാരായി ശുഭ്മാന്‍ ഗില്ലും മലയാളി താരം സഞ്ജു സാംസണും ടീമിലുണ്ട്. ടീമിന്‍റെ വൈസ് ക്യാപ്റ്റൻ കൂടിയായതിനാല്‍ ശുഭ്മാന്‍ ഗില്‍ അഭിഷേകിനൊപ്പം ഓപ്പണറാവുമെന്ന് വിലയിരുത്തലുണ്ടെങ്കിലും കേരള ക്രിക്കറ്റ് ലീഗില്‍ ഓപ്പണറായി ഇറങ്ങി തകര്‍പ്പന്‍ പ്രകടനം നടത്തുന്ന സഞ്ജുവും ഓപ്പണിംഗ് സ്ഥാനത്തേക്ക് അവകാശവാദം ഉന്നയിച്ചു കഴിഞ്ഞു.
എന്നാല്‍ ഏഷ്യാ കപ്പില്‍ സഞ്ജുവോ ഗില്ലോ ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവോ ഒന്നുമായിരിക്കില്ല ഇന്ത്യയുടെ ഗെയിം ചേഞ്ചര്‍മാരാവുകയെന്ന് തുറന്നു പറയുകയാണ് മുന്‍ ഇന്ത്യൻ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്. അത് അഭിഷേക് ശർമയും വരുണ്‍ ചക്രവര്‍ത്തിയും ജസ്പ്രീത് ബുമ്രയും ആയിരിക്കുമെന്ന് സെവാഗ് പറഞ്ഞു. ഏഷ്യാ കപ്പില്‍ അഭിഷേക് ശര്‍മായിരിക്കും ഇന്ത്യയുടെ ഗെയിം ചേഞ്ചറെന്ന് പറയാവുന്ന ഒരു കളിക്കാരന്‍. തന്‍റേതായ ദിവസം ഏത് ആക്രമണത്തെയും ഒറ്റക്ക് തകര്‍ക്കാന്‍ അഭിഷേകിനാവും. അതുപോലെ ചാമ്പ്യൻസ് ട്രോഫിയിലടക്കം ദുബായിലെ ടേണിംഗ് വിക്കറ്റുകളില്‍ തിളങ്ങിയ വരുണ്‍ ചക്രവര്‍ത്തിയാണ് ഇന്ത്യയുടെ ഗെയിം ചേഞ്ചറാവാന്‍ കെല്‍പുള്ള മറ്റൊരു താരം. അതുപോലെ കഴിഞ്ഞ ടി20 ലോകകപ്പിനുശേഷം ആദ്യമായി ഇന്ത്യൻ കുപ്പായത്തില്‍ ടി20 മത്സരം കളിക്കാനിറങ്ങുന്ന ജസ്പ്രീത് ബുമ്രയും പതിവുപോലെ ഇന്ത്യയുടെ വജ്രായുധമാകും. ഒറ്റക്ക് മത്സരം ജയിപ്പിക്കാൻ കെല്‍പ്പുള്ള താരങ്ങളാണ് ഇവര്‍ മൂന്നുപേരുമെന്നും സെവാഗ് സോണി സ്പോര്‍ട്സിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
കഴിഞ്ഞ ടി20 ലോകകപ്പില്‍ 15 വിക്കറ്റുമായി ബുമ്ര ഇന്ത്യയുടെ കിരീടനേട്ടത്തില്‍ പ്രധാന പങ്കുവഹിച്ചിരുന്നു. ഇന്ത്യക്കായി 17 മത്സരങ്ങളില്‍ ഓപ്പണറായി ഇറങ്ങിയ അഭിഷേക് ശര്‍മയാകട്ടെ 193.84 എന്ന മോഹിപ്പിക്കുന്ന സ്ട്രൈക്ക് റേറ്റില്‍ 535 റണ്‍സടിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരെ അഭിഷേക് നേടിയ 135 റണ്‍സാണ് ടി20 ക്രിക്കറ്റിലെ ഒരു ഇന്ത്യൻ താരത്തിന്‍റെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോര്‍. ഇന്ത്യക്കായി 15 ടി20 മത്സരങ്ങളില്‍ പന്തെറിഞ്ഞ വരുണ്‍ ചക്രവര്‍ത്തിയാകട്ടെ 33 വിക്കറ്റുകള്‍ എറിഞ്ഞിട്ടുണ്ട്. അടുത്തമാസം ഒമ്പതിന് യുഎഇയില്‍ തുടങ്ങുന്ന ഏഷ്യാ കപ്പില്‍ 10ന് യുഎഇക്കെതിരെ ആണ് ഇന്ത്യയുടെ ആദ്യ മത്സരം. 14നാണ് ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടം. ഒമാനാണ് ഇന്ത്യയുടെ ഗ്രൂപ്പിലുള്ള മൂന്നാമത്തെ ടീം. 19നാണ് ഇന്ത്യ-ഓമാന്‍ പോരാട്ടം.


