ആനന്ദ് കൃഷ്ണന് സെഞ്ചുറി, കൊച്ചി ബ്ലൂ ടൈഗേഴ്സിന് ജയം! ആലപ്പി റിപ്പിള്‍സിനെ തകര്‍ത്തത് 25 റണ്‍സിന്
66 പന്തില്‍ നിന്ന് 11 സിക്സും ഒന്‍പത് ബൗണ്ടറിയും ഉള്‍പ്പെടെയാണ് ആനന്ദ് കൃഷ്ണന്‍ 138 നേടിയത്.
തിരുവനന്തപുരം: കേരളാ ക്രിക്കറ്റ് ലീഗില്‍ ആലപ്പി റിപ്പിള്‍സിനെതിരെ കൊച്ചി ബ്ലൂ ടൈഗേഴ്സിന് 25 റണ്‍സ് ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ബ്ലൂ ടൈഗേഴ്സ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സ് നേടി. 194 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ റിപ്പിള്‍സിന് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സ് നേടാനെ കഴിഞ്ഞുള്ളു. ബ്ലൂ ടൈഗേഴ്സിന് 25 റണ്‍സ് ജയം. സെഞ്ചുറി നേടിയ ബ്ലൂ ടൈഗേഴ്‌സിന്റെ ആനന്ദ് കൃഷ്ണനാണ് (66 പന്തില്‍ 138) പ്ലയര്‍ ഓഫ് ദ മാച്ച്.
66 പന്തില്‍ നിന്ന് 11 സിക്സും ഒന്‍പത് ബൗണ്ടറിയും ഉള്‍പ്പെടെയാണ് ആനന്ദ് കൃഷ്ണന്‍ 138 നേടിയത്. താരത്തെ പുറത്താക്കാന്‍ റിപ്പിള്‍സ് ബൗളര്‍മാര്‍ക്ക് സാധിച്ചില്ല. ആനന്ദ് കൃഷ്ണന്‍ - ജോബിന്‍ ജോബി കൂട്ടുകെട്ടാണ് ബ്ലൂ ടൈഗേഴ്‌സിനായി ഓപ്പണിംഗിനിറങ്ങിയത്. ആറാം ഓവറിലെ അവസാനപന്തില്‍ ബ്ലൂ ടൈഗേഴ്‌സിന് ആദ്യ വിക്കറ്റ് നഷ്ടമായി. 14 പന്തില്‍ 11 റണ്‍സ് നേടിയ ജോബിന്‍ ജോബിയെ വിശ്വേശ്വര്‍ സുരേഷ് പുറത്താക്കി. തുടര്‍ന്നെത്തിയ ഷോണ്‍ റോജറുമായി ചേര്‍ന്ന് ആനന്ദ് കൃഷ്ണന്‍ സ്‌കോര്‍ 95 ലെത്തിച്ചു.
ഓപ്പണറായി ഇറങ്ങിയ ആനന്ദ് കൃഷ്ണന്‍ ഒരറ്റത്ത് കൂറ്റനടികളോടെ ടീം സ്‌കോര്‍ അതിവേഗം ഉയര്‍ത്തിക്കൊണ്ടിരുന്നു. കെ ബി അനന്തുവുമായി ചേര്‍ന്ന് അവസാന ഓവറുകളില്‍ അതിവേഗം റണ്‍സുയര്‍ത്തി. ഇതുതന്നെയാണ് സ്‌കോര്‍ ഉയര്‍ത്തിയതും. ഏഴു പന്തില്‍ നിന്നും 13 റണ്‍സെടുത്ത അനന്തു പുറത്താകാതെ നിന്നു. 194 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ ആലപ്പി റിപ്പിള്‍സിനായി മുഹമ്മദ് അസ്ഹറുദീന്‍ - കൃഷ്ണപ്രസാദ് സഖ്യമാണ് ഓപ്പണിംഗിനിറങ്ങിയത്.
പ്രസാദിനെ കീപ്പര്‍ സ്റ്റംപ് ചെയ്തു പുറത്താക്കി. 33 പന്തില്‍ നിന്ന് 39 റണ്‍സ് നേടിയാണ് പുറത്തായത്. 13-ാം ഓവറിലെ അവസാന പന്തില്‍ മുഹമ്മദ് അസ്ഹറുദീനെ എന്‍.എസ് അജയഘോഷ് ഷോണ്‍ റോജറിന്റെ കൈകളിലെത്തിച്ചു. 42 പന്തില്‍ നാലു സിക്സും നാലും ഫോറും ഉള്‍പ്പെടെ 65 റണ്‍സുമായാണ് അസ്ഹറുദീന്‍ മടങ്ങിയത്. തുടര്‍ച്ചയായി വിക്കറ്റ് വീണത് ആലപ്പുഴയ്ക്ക് തിരിച്ചടിയായി. ഇതോടെ തോല്‍വിയും.