താരനിരയാല്‍ സമ്പന്നമായിട്ടും ഒരുതവണപോലും ഐപിഎൽ  കിരീടം നേടാൻ ബെംഗളൂരുവിനായിട്ടില്ല

ഇന്ത്യൻ പ്രീമിയര്‍ ലീഗിന്റെ (ഐപിഎല്‍) 2025 സീസണ്‍ ആരംഭിക്കാൻ ആഴ്ചകള്‍ മാത്രമാണ് ബാക്കിയുള്ളത്. ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളില്‍ ഐപിഎല്‍ ആവേശം നിറഞ്ഞുകഴിഞ്ഞു. എന്നാല്‍, ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനും വേണ്ടി വാക്കേറ്റത്തിലേര്‍പ്പെട്ടിരിക്കുകയാണ് മുൻ പാകിസ്ഥാൻ താരങ്ങളായ റഷീദ് ലത്തീഫും അഹമ്മദ് ഷെഹസാദും

പാകിസ്ഥാൻ ആസ്ഥാനമായി പ്രവർ‍ത്തിക്കുന്ന മീഡിയ ഔട്ട്‍‍ലെറ്റായ ജിയൊ ന്യൂസിലെ 'ഹാ‍‍ര്‍ന മന ഹയ്' എന്ന ഷോയിലായിരുന്നു ഇരുവരുടേയും വാക്കേറ്റം. എം എസ് ധോണി കളിക്കുന്നിടത്തോളം കാലം റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു കിരീടം സ്വപ്നം കാണേണ്ടതില്ലെന്നായിരുന്നു റഷീദിന്റെ അഭിപ്രായം. താരനിരയാല്‍ സമ്പന്നമായിട്ടും ഒരുതവണപോലും ഐപിഎൽ കിരീടം നേടാൻ ബെംഗളൂരുവിനായിട്ടില്ല. 

മുഹമ്മദ് ആമിറിന് ബെംഗളൂരുവിനായി കളിക്കാനാകുമെങ്കില്‍ അവര്‍ക്ക് കിരീടം നേടാനാകുമെന്നായിരുന്നു ഷെഹസാദ് അഭിപ്രായപ്പെട്ടത്. എന്നാല്‍ ധോണി ചെന്നൈയില്‍ തുടരുന്നിടത്തോളം കാലം ഐപിഎല്‍ കിരീടത്തില്‍ തൊടാമെന്ന് പോലും ബെംഗളൂരു കരുതേണ്ടതില്ലെന്നായിരുന്നു ലത്തീഫിന്റെ മറുപടി.

വാക്കേറ്റമുണ്ടായെങ്കിലും ആമിറിന് ബെംഗളൂരുവിനായി കളിക്കാനാകില്ല എന്നത് വസ്തുതയായി നിലനില്‍ക്കുന്നു. പാകിസ്ഥാൻ താരങ്ങളെ ഐപിഎല്ലില്‍ നിന്ന് വിലക്കിയിട്ടുള്ളതിനാലാണിത്.

2024 സീസണില്‍ പോയിന്റ് പട്ടികയുടെ അവസാന സ്ഥാനത്തുനിന്ന് തുടര്‍ ജയങ്ങള്‍ നേടി പ്ലെ ഓഫില്‍ കടക്കാൻ ബെംഗളൂരുവിന് സാധിച്ചിരുന്നു. ഇത്തവണ പുതിയ നായകന്റെ കീഴിലാണ് ബെംഗളൂരു ആദ്യ കിരീടം തേടി ഇറങ്ങുന്നത്. യുവതാരം രജത് പാട്ടിദാറാണ് നായകൻ. മെഗാതാരലേലത്തിന് മുന്നോടിയായി വിരാട് കോഹ്ലി, പാട്ടിദാ‍ര്‍, യാഷ് ദയാല്‍ എന്നിവരെ മാത്രമായിരുന്നു ബെംഗളൂരു നിലനിര്‍ത്തിയിരുന്നത്. ജോഷ് ഹെയ്സല്‍വുഡ്, ഫില്‍ സാള്‍ട്ട്, ജിതേഷ് ശര്‍മ, ഭുവനേശ്വര്‍ കുമാര്‍ തുടങ്ങിയ താരങ്ങളെ ടീമിലെത്തിക്കുകയും ചെയ്തു.

ഉദ്ഘാടനമത്സരത്തോടെ ബെംഗളൂരുവിന്റെ സീസണിനും തുടക്കമാകും. നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സാണ് എതിരാളികള്‍.