ബംഗളൂരു: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മൂന്നാം ടി20യില്‍ ഇന്ത്യയുടെ തോല്‍വിയുടെ പ്രധാന കാരണമായി പലരും ചൂണ്ടികാട്ടുന്നത് കോലിയുടെ ഒരു തീരുമാനമായിരുന്നു. ബംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ടോസ് നേടിയിട്ടും ബാറ്റ് ചെയ്യാനുള്ള തീരുമാനം. മിക്കപ്പോഴും രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമാണ് ചിന്നസ്വാമിയില്‍ ജയിച്ചിട്ടുള്ളത്. എന്നിട്ടും കോലി ബാറ്റിങ് തിരഞ്ഞെടുത്തു.

എന്നാല്‍ ആ തീരുമാനത്തിന് പിന്നില്‍ ഒരു കാരണമുണ്ട് കോലിക്ക്. വെല്ലുവിളി ഏറ്റെടുക്കുകയായിരുന്നു ലക്ഷ്യമെന്ന് കോലി വ്യക്താക്കി. അദ്ദേഹം തുടര്‍ന്നു... ''ചിന്നസ്വാമിയിലെ പിച്ച് രണ്ടാമത് ബാറ്റ് ചെയ്യുന്നവരെയാണ് പിന്തുണയ്ക്കുന്നത് എന്നറിയായിരുന്നു. ഒരു വെല്ലുവിളി ഏറ്റെടുക്കുന്നതിന്റെ ഭാഗമായിട്ടാണ് ആദ്യം ബാറ്റ് ചെയ്തത്. സുരക്ഷിത മേഖലയില്‍ നിന്ന് ടീം പുറത്തുവരണം. ടി20 ലോകകപ്പ് മുന്നില്‍ നില്‍ക്കെ ശക്തമായ ടീമിനെ ഒരുക്കേണ്ടത്. അതുകൊണ്ടുതന്നെ ഇത്തരം പരീക്ഷണങ്ങള്‍ നടത്തേണ്ടി വരും. അതുകൊണ്ടാണ് ടോസ് നേടിയിട്ടും ബാറ്റിങ് തെരഞ്ഞെടുത്തത്.''

കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഒമ്പത് വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെട്ടത്. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സെടുക്കാനാണ് സാധിച്ചത്. ദക്ഷിണാഫ്രിക്ക 16.5 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.