ദില്ലി: ഇംഗ്ലണ്ട് ലോകകപ്പിനിടെ അനുഷ്‌ക ശര്‍മ്മയ്ക്ക് സെലക്‌ടര്‍ ചായ കൊടുക്കുന്നത് കണ്ടുവെന്ന ഫറൂഖ് എഞ്ചിനീയറുടെ വെളിപ്പെടുത്തലിനോട് ഒടുവില്‍ പ്രതികരിച്ച് വിരാട് കോലി. എഞ്ചിനീയറുടെ പരാമര്‍ശം വിണ്ഢിത്തമാണെന്ന് കോലി പറഞ്ഞു. വിവാദത്തില്‍ രൂക്ഷമായ ഭാഷയില്‍ അനുഷ്‌ക ശര്‍മ്മ മുന്‍പ് പ്രതികരിച്ചിരുന്നു. പരാമര്‍ശങ്ങള്‍ വലിയ വിവാദമായതിനെ തുടര്‍ന്ന് ഫറൂഖ് എഞ്ചിനിയര്‍ മാപ്പുപറഞ്ഞിരുന്നു. 

"ലോകകപ്പില്‍ ശ്രീലങ്കയ്‌ക്ക് എതിരായ ഒരു മത്സരം കാണാന്‍ മാത്രമാണ് അനുഷ്‌ക എത്തിയത്. അനുഷ്‌കയ്‌ക്കൊപ്പം രണ്ട് സുഹ‍ൃത്തുക്കളുമുണ്ടായിരുന്നു. ഫാമിലി ബോക്‌സിലിരുന്നാണ് അനുഷ്‌ക മത്സരം കണ്ടത്. ഫാമിലി ബോക്‌സും സെലക്‌ടര്‍ ബോക്‌സും രണ്ടാണ്. അനുഷ്‌കയുടെ ബോക്‌സില്‍ സെലക്‌ടര്‍മാര്‍ ആരുമുണ്ടായിരുന്നില്ല" എന്നും കോലി ഇന്ത്യ ടുഡേയോട് പറഞ്ഞു. 

വിവാദങ്ങളില്‍ മാപ്പ് ചോദിച്ച് ഫറൂഖ് എഞ്ചിനീയര്‍

വിവാദങ്ങള്‍ക്ക് പിന്നാലെ മാപ്പ് ചോദിച്ച് ഫറൂഖ് എഞ്ചിനീയര്‍ രംഗത്തെത്തിയിരുന്നു. "ലോകകപ്പ് വേളയിലെ സെലക്ഷന്‍ കമ്മിറ്റി അംഗങ്ങളെ തനിക്കറിയില്ല. അനുഷ്‌കയ്‌ക്ക് ചായ കൊടുത്തയാളോട് താങ്കള്‍ ആരാണെന്ന് ആരാഞ്ഞു. അപ്പോഴാണ് മനസിലായത് അയാള്‍ സെലക്ഷന്‍ കമ്മിറ്റി അംഗമാണെന്ന്. ടീം ഇന്ത്യയുടെ സെലക്ഷന്‍ കമ്മിറ്റിക്ക് എതിരെയായിരുന്നു തന്‍റെ പരാമര്‍ശങ്ങള്‍. പാവം അനുഷ്‌ക വിവാദത്തിലേക്ക് വലിച്ചിഴയ്‌ക്കപ്പെടുകയായിരുന്നു. വിവാദങ്ങള്‍ അനാവശ്യമായി പുകയുകയാണ്" എന്നുമായിരുന്നു ഫറൂഖ് എഞ്ചിനീയറുടെ വിശദീകരണം. 

ഫറൂഖിന്റെ പരാമർശത്തിനെതിരെ ആഞ്ഞടിച്ച് അനുഷ്‌ക ശർമ്മ അന്ന് രംഗത്തെിയിരുന്നു. "ഇന്ത്യന്‍ ക്രിക്കറ്റ് ടീം സെലക്ഷനുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളിലേക്ക് തന്നെ വലിച്ചിഴക്കരുത്. ഇത്രയും കാലം മിണ്ടാതിരുന്നത് ബലഹീനതയായി കാണരുതെന്നും ഒരു നുണ നൂറുവട്ടം ആവര്‍ത്തിച്ചാല്‍ സത്യമാകുമെന്ന് പറയുന്നത് പോലെയാണ് ഇപ്പോള്‍ കാര്യങ്ങള്‍"- അനുഷ്ക സോഷ്യൽമീഡിയയിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു

"ഇന്ത്യയുടെ ടീം മീറ്റിങ്ങില്‍ താന്‍ പങ്കെടുക്കുന്നുവെന്നും സെലക്ഷനില്‍ ഇടപെടുന്നുവെന്നും ആരോപണങ്ങളുണ്ടായിരുന്നു. ഇന്ത്യന്‍ ടീമിന്റെ പ്രോട്ടോകോള്‍ അനുസരിച്ച് മാത്രമേ വിദേശ പരമ്പരകളില്‍ ഭര്‍ത്താവിനൊപ്പം പോയിട്ടുള്ളു. അതുകൊണ്ടാണ് അതിനോടൊന്നും പ്രതികരിക്കാതിരുന്നത്. എനിക്കായി സുരക്ഷ ഒരുക്കുന്നതും ടിക്കറ്റെടുക്കുന്നതും ബിസിസിഐ ആണെന്നും ആരോപണമുണ്ടായിരുന്നു. തന്റെ സ്വന്തം പൈസ കൊണ്ടാണ് വിമാന ടിക്കറ്റെടുക്കുന്നത്" എന്നും അനുഷ്ക വ്യക്തമാക്കി.

'ചായയല്ല, ഞാന്‍ കാപ്പിയാണ് കുടിക്കാറ്'

സെലക്ഷന്‍ കമ്മിറ്റിയെ വിമര്‍ശിക്കുന്നതിലേക്ക് എന്റെ പേര് വലിച്ചിഴക്കേണ്ട ആവശ്യമില്ല. ഇപ്പോള്‍ ഉയര്‍ന്ന ആരോപണത്തിന് മാത്രമുള്ള മറുപടിയല്ല ഇത്. ഏറെക്കാലമായി ഉയരുന്ന ആരോപണങ്ങള്‍ക്കെല്ലാമുള്ള മറുപടിയാണ്. ഇനി അടുത്തതവണ എന്റെ പേരുപയോഗിച്ച് ആരെയെങ്കിലും പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ ഒരുങ്ങുന്നതിന് മുമ്പ് വസ്തുതകള്‍ നിരത്തണം. ഞാന്‍ ചായയല്ല, കാപ്പിയാണ് കുടിക്കാറ് എന്നും അനുഷ്‌ക പറഞ്ഞിരുന്നു.