മൂന്ന് വിക്കറ്റിനായിരുന്നു ദക്ഷിണാഫ്രിക്കയുടെ ജയം. ടോസ് നേട ബാറ്റിംഗിനിറങ്ങിയ ഇന്ത്യ (Team India) ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 274 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ദക്ഷിണാഫ്രിക്ക അവസാന പന്തില്‍ വിജയം പൂര്‍ത്തിയാക്കി.
മുംബൈ: ദക്ഷിണാഫ്രിക്കയോട് തോറ്റതോടെ ഇന്ത്യ വനിതാ ഏകദിന ലോകകപ്പില്‍ (CWC 2022) നിന്ന് പുറത്തായിരുന്നു. മൂന്ന് വിക്കറ്റിനായിരുന്നു ദക്ഷിണാഫ്രിക്കയുടെ ജയം. ടോസ് നേട ബാറ്റിംഗിനിറങ്ങിയ ഇന്ത്യ (Team India) ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 274 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ദക്ഷിണാഫ്രിക്ക അവസാന പന്തില്‍ വിജയം പൂര്‍ത്തിയാക്കി.
എട്ട് ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്താണ് അവസാനിപ്പിച്ചത്. ടീമിനെതിരെ പല ഭാഗത്തുനിന്നും വിമര്‍ശനമുയരുമ്പോഴും ആത്മവിശ്വാസം നല്‍കുകയാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി (Virat Kohli). തലയുയര്‍ത്തിയാണ് ഇന്ത്യന്‍ ടീം മടങ്ങുന്നതെന്ന് കോലി ട്വിറ്ററില്‍ കുറിച്ചിട്ടു. അദ്ദേഹത്തിന്റെ വാക്കുകള്‍... ''കപ്പുയര്‍ത്താന്‍ വന്ന ടൂര്‍ണമെന്റില്‍ നിന്ന് നേരത്തെ പുറത്താവാതുന്നത് വിഷമമുണ്ടാക്കുന്ന കാര്യമാണ്. എന്നാല്‍ വനിതാ ടീം മടങ്ങുന്നത് തലയുയര്‍ത്തിയാണ്. കഴിവിന്റെ പരാമാവധി നിങ്ങള്‍ ടൂര്‍ണമെന്റിന് നല്‍കി. അഭിമാനമുണ്ട് നിങ്ങളെയോര്‍ത്ത്.'' കോലി കുറിച്ചിട്ടു.
ഇന്ത്യ ഉയര്‍ത്തിയ വിജയലക്ഷ്യം തേടിയിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക്ഓപ്പണര്‍ ലിസ്ലീ ലീയെ ആറ് റണ്‍സില്‍ നഷ്ടമായെങ്കിലും സഹ ഓപ്പണര്‍ ലോറ വോള്‍വര്‍ട്ടിന്റെ തകര്‍പ്പന്‍ അര്‍ധ സെഞ്ചുറി ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച തുടക്കം നല്‍കി. ലോറെ 79 പന്തില്‍ നിന്ന് 11 ബൗണ്ടറികള്‍ സഹിതം 80 റണ്‍സെടുത്തു. ലാറ ഗുഡോണ്‍ 49 ഉം സുന്‍ ലസ് 22 ഉം മാരീസാന്‍ കാപ്പ് 32 ഉം റണ്‍സെടുത്ത് പുറത്തായപ്പോള്‍ മിഗ്നന്‍ ഡു പ്രീസിന്റെ അര്‍ധ സെഞ്ചുറി പ്രോട്ടീസ് വനിതകള്‍ക്ക് പ്രതീക്ഷയായി.
ദീപ്തി ശര്‍മ്മയെറിഞ്ഞ അവസാന ഓവറില്‍ ഏഴ് റണ്‍സാണ് ജയിക്കാന്‍ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടിയിരുന്നത്. ആദ്യ പന്തില്‍ ഒരു റണ്‍ പിറന്നപ്പോള്‍ രണ്ടാം പന്തില്‍ ത്രിഷ(7) റണ്ണൗട്ടായി. മൂന്ന്, നാല് പന്തുകളില്‍ ഓരോ റണ്‍ വീതം പിറന്നപ്പോള്‍ അഞ്ചാം പന്ത് നാടകീയമായി. പ്രീസ് ഹര്‍മന്റെ ക്യാച്ചില്‍ പുറത്തായെങ്കിലും അംപയര്‍ നോബോള്‍ വിളിച്ചു. അടുത്ത രണ്ട് പന്തുകളില്‍ സിംഗിളുകള്‍ നേടി പ്രോട്ടീസ് സെമിയിലെത്തി. പ്രീസ് 52 റണ്‍സുമായി പുറത്താകാതെ നിന്നു.
നേരത്തെ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ സ്മൃതി മന്ഥാന, ഷെഫാലി വര്‍മ്മ, മിതാലി രാജ്, ഹര്‍മന്‍പ്രീത് കൗര്‍ എന്നിവരുടെ ബാറ്റിംഗ് കരുത്തില്‍ 50 ഓവറില്‍ ഏഴ് വിക്കറ്റിന് 274 റണ്‍സെടുത്തു. ഓപ്പണര്‍മാരായ സ്മൃതി മന്ഥാനയും ഷെഫാലി വര്‍മ്മയും ഗംഭീര തുടക്കമാണ് ടീം ഇന്ത്യക്ക് നല്‍കിയത്. ഇരുവരും ഒന്നാം വിക്കറ്റില്‍ 15 ഓവറില്‍ 91 റണ്‍സ് ചേര്‍ത്തു. 46 പന്തില്‍ 53 റണ്‍സെടുത്ത ഷെഫാലിയെയാണ് ആദ്യം നഷ്ടമായത്.
പിന്നാലെ മൂന്നാം നമ്പറുകാരി യാസ്തിക ഭാട്യ മൂന്ന് പന്തില്‍ രണ്ട് റണ്‍സുമായി മടങ്ങി. എന്നാല്‍ സ്മൃതിയെ കൂട്ടുപിടിച്ച് ക്യാപ്റ്റന്‍ മിതാലി രാജ് സ്‌കോര്‍ 150 കടത്തി. ഈ കൂട്ടുകെട്ട് 32-ാം ഓവര്‍ വരെ നീണ്ടുനിന്നു. 84 പന്തില്‍ ആറ് ഫോറും ഒരു സിക്സറുമായി 71 റണ്‍സുണ്ടായിരുന്നു പുറത്താകുമ്പോള്‍ സ്മൃതി മന്ഥാനയ്ക്ക്. മിതാലിയാവട്ടെ 84 പന്തില്‍ എട്ട് ബൗണ്ടറികളോടെ 68 റണ്‍സ് നേടി. 45-ാം ഓവറില്‍ പൂജ വസ്ത്രകറിനെ(3) നഷ്ടമായത് തിരിച്ചടിയായി.
അവസാന ഓവറുകളില്‍ റിച്ച ഘോഷിനെ കൂട്ടുപിടിച്ച് ഹര്‍മന്‍പ്രീത് ഇന്ത്യയെ മാന്യമായ സ്‌കോറിലെത്തിച്ചു. ഹര്‍മന്‍ 57 പന്തില്‍ 48 ഉം റിച്ച 13 പന്തില്‍ 8 ഉം റണ്‍സെടുത്ത് പുറത്തായി. സ്നേഹ റാണയും(1), ദീപ്തി ശര്‍മ്മയും(2) പുറത്താകാതെ നിന്നു.
