റഷ്യൻ എണ്ണയ്ക്ക് മേലുള്ള താൽക്കാലിക ഉപരോധ ഇളവുകൾ നീട്ടേണ്ടതില്ലെന്ന് യുഎസ് തീരുമാനിച്ചു. പശ്ചിമേഷ്യൻ യുദ്ധ പശ്ചാത്തലത്തിൽ വിപണി സുസ്ഥിരമാക്കാൻ നൽകിയ ഇളവ് അവസാനിച്ചതോടെ, ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ ഇത് ബാധിക്കും. ഈ നീക്കം ആഗോള വിപണിയിൽ എണ്ണ വിതരണം കുറയ്ക്കുകയും ഇന്ധനവില വീണ്ടും കുതിച്ചുയരാൻ കാരണമാകുമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

വാഷിംഗ്ടൺ: റഷ്യൻ എണ്ണയ്ക്ക് മേൽ ഏർപ്പെടുത്തിയിരുന്ന താൽക്കാലിക ഉപരോധ ഇളവുകൾ നീട്ടേണ്ടതില്ലെന്ന് യുഎസ് ട്രഷറി ഡിപ്പാർട്ട്‌മെന്‍റ് തീരുമാനിച്ചു. നിശ്ചിത കാലാവധി കഴിഞ്ഞ ശനിയാഴ്ച അവസാനിച്ചതോടെയാണ് ഈ സുപ്രധാന നടപടി. ഇതോടെ കടലിൽ കപ്പലുകളിൽ കുടുങ്ങിക്കിടക്കുന്ന റഷ്യൻ അസംസ്‌കൃത എണ്ണ വാങ്ങുന്നതിൽ നിന്ന് ആഗോളതലത്തിലുള്ള ഇന്ധന ഇറക്കുമതിക്കാരെ യുഎസ് പൂർണ്ണമായും വിലക്കി. പശ്ചിമേഷ്യൻ യുദ്ധത്തിന്‍റെ പശ്ചാത്തലത്തിൽ ആഗോള ഊർജ്ജ വിപണിയിലുണ്ടായ കടുത്ത വിതരണ തടസങ്ങളും വിലക്കയറ്റവും താൽക്കാലികമായി ശാന്തമാക്കുന്നതിനായാണ് ട്രംപ് ഭരണകൂടം ഒരു മാസം നീണ്ടുനിന്ന ഈ അടിയന്തര ഇളവ് പ്രഖ്യാപിച്ചിരുന്നത്.

Add Asianetnews as a Preferred SourcegooglePreferred

ഇറാനെതിരെ അമേരിക്കയും ഇസ്രായേലും നടത്തിയ സംയുക്ത വ്യോമാക്രമണങ്ങളെത്തുടർന്ന് രാജ്യാന്തര ഇന്ധനക്കടത്തിന്‍റെ പ്രധാന പാതയായ ഹോർമുസ് കടലിടുക്ക് അടച്ചിടേണ്ടി വന്നിരുന്നു. ഇത് ആഗോള വിപണിയിൽ ഇന്ധനവില കുതിച്ചുയരാൻ കാരണമായി. ഈ പ്രതിസന്ധി ഘട്ടത്തിൽ ഒരു ആഗോള ഊർജ്ജ തകർച്ച ഒഴിവാക്കുന്നതിനാണ് കടലിൽ കെട്ടിക്കിടന്ന റഷ്യൻ എണ്ണ ബാരലുകൾ വാങ്ങാൻ ഇന്ത്യ ഉൾപ്പെടെയുള്ള വൻകിട ഉപഭോക്തൃ രാജ്യങ്ങൾക്ക് അമേരിക്ക അനുമതി നൽകിയത്. ഈ ഇളവ് കാലയളവിൽ ഇന്ത്യ പ്രതിദിനം 2.3 ദശലക്ഷം ബാരൽ എന്ന എക്കാലത്തെയും ഉയർന്ന റെക്കോർഡ് നിരക്കിലാണ് റഷ്യൻ അസംസ്‌കൃത എണ്ണ വാങ്ങിയിരുന്നത്. എന്നാൽ ഇപ്പോൾ ഇളവുകൾ അവസാനിച്ചതോടെ ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് മറ്റ് ഇന്ധന സ്രോതസ്സുകൾ കണ്ടെത്തേണ്ടി വരും.

അമേരിക്കയുടെ ഈ പുതിയ കടുത്ത നിലപാടോടെ ആഗോള വിപണിയിൽ എണ്ണ വിതരണം വീണ്ടും പരിമിതപ്പെടുമെന്നും ഇത് ഇന്ധനവില വീണ്ടും കുതിച്ചുയരാൻ കാരണമാകുമെന്നും സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. യുദ്ധം ആരംഭിച്ചതുമുതൽ അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണവില ബാരലിന് 100 ഡോളറിന് മുകളിലാണ് തുടരുന്നത്. നിലവിൽ അമേരിക്കയിൽ തന്നെ പെട്രോൾ വില ഗാലന് (3.8 ലിറ്റർ) ശരാശരി 4.50 ഡോളർ എന്ന ഉയർന്ന നിരക്കിലാണ് വിപണനം നടക്കുന്നത്. പുതിയ ഉപരോധം കർശനമാകുന്നതോടെ ആഗോള എണ്ണ സൂചികകൾ ഇനിയും മുകളിലേക്ക് ഉയരാൻ സാധ്യതയുണ്ടെന്നാണ് അന്താരാഷ്ട്ര ഏജൻസികൾ വിലയിരുത്തുന്നത്.