ആറ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ പഞ്ചാബിന് നാല് ജയവും രണ്ട് തോല്‍വിയുമാണുള്ളത്. എട്ട് പോയിന്റുകളാണ് അക്കൗണ്ടില്‍.

മുല്ലാന്‍പൂര്‍: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ വിജയത്തിന് പിന്നാലെ പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് കയറി പഞ്ചാബ് കിംഗ്‌സ്. ആറ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ പഞ്ചാബിന് നാല് ജയവും രണ്ട് തോല്‍വിയുമാണുള്ളത്. എട്ട് പോയിന്റുകളാണ് അക്കൗണ്ടില്‍. തൊല്‍വിയോടെ കൊല്‍ക്കത്ത ആറാം സ്ഥാനത്തായി. ഏഴ് മത്സരങ്ങളില്‍ ആറ് പോയിന്റാണ് ടീമിന്. മൂന്ന് മത്സരങ്ങള്‍ ജയിച്ചപ്പോള്‍ നാലെണ്ണം പരാജയപ്പെട്ടു.

അതേസമയം, ഗുജറാത്ത് ടൈറ്റന്‍സ് ഒന്നാം സ്ഥാനത്ത് തുടരുന്നു. ആറ് മത്സരങ്ങളില്‍ നാലെണ്ണം ജയിച്ച ഗുജറാത്തിന് എട്ട് പോയിന്റുണ്ട്. രണ്ട് മത്സരങ്ങള്‍ അവര്‍ പരാജയപ്പെട്ടു. ഡല്‍ഹി ക്യാപിറ്റല്‍സ് രണ്ടാം സ്ഥാനത്താണ്. അവര്‍ക്കും എട്ട് പോയിന്റാണുള്ളത്. അഞ്ച് മത്സരങ്ങളില്‍ നാലെണ്ണം ജയിച്ചു. എന്നാല്‍ നെറ്റ് റണ്‍റേറ്റ് ഗുജറാത്തിനെക്കാള്‍ കുറവാണ്. പഞ്ചാബിന് മുകളില്‍ മൂന്നാം സ്ഥാനത്ത് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. ആര്‍സിബിക്കും എട്ട് പോയിന്റുണ്ട്. ലക്‌നൗ സൂപ്പര്‍ ജയന്റ്‌സാണ് അഞ്ചാമത്. ഏഴ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ലക്‌നൗവിനും എട്ട് പോയിന്റുണ്ട്. 

കൊല്‍ക്കത്തയ്ക്ക് പിന്നില്‍ ഏഴാം സ്ഥാനത്ത് മുംബൈ ഇന്ത്യന്‍സ്. ആറ് മത്സരങ്ങളില്‍ നാല് പോയിന്റ്. ഇത്രയും മത്സരങ്ങളില്‍ നാല് പോയിന്റുള്ള രാജസ്ഥാന്‍ റോയല്‍സ് എട്ടാമത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ചെന്നൈ സൂപ്പര്‍ കിംഗ്‌സ് എന്നിവര്‍ യഥാക്രമം ഒമ്പതും പത്തും സ്ഥാനങ്ങളില്‍. ഇരുവര്‍ക്കും നാല് പോയിന്റ്. ഇതില്‍ ഏഴ് മത്സരം പൂര്‍ത്തിയാക്കി. ഹൈദരാാദ് ആറ് മത്സരങ്ങളും. 

ലക്‌നൗവിനെതിരെ അശ്വിനെ എന്തുകൊണ്ട് ഒഴിവാക്കി? മറുപടിയുമായി എം എസ് ധോണി

അതേസമയം, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ ത്രില്ലര്‍ പോരില്‍ 16 റണ്‍സിന്റെ ജയമാണ് പഞ്ചാബ് കിംഗ്‌സ് ഇന്ന് സ്വന്തമാക്കിയത്. 112 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്ത 15.1 ഓവറില്‍ 95 ന് എല്ലാവരും പുറത്തായി. നാല് ഓവറില്‍ 28 റണ്‍സ് വഴങ്ങി നാല് വിക്കറ്റെടുത്ത യൂസ്‌വേന്ദ്ര ചാഹലാണ് വിജയശില്‍പി. 28 പന്തില്‍ 37 റണ്‍സ് നേടിയ രഘുവന്‍ഷിയാണ് കൊല്‍ക്കത്തത്തയുടെ ടോപ് സ്‌കോറര്‍. 

നേരത്തെ, ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പഞ്ചാബ് 15.3 ഓവറില്‍ 111 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു. മൂന്ന് വിക്കറ്റ് നേടിയ ഹര്‍ഷിത് റാണ, രണ്ട് വിക്കറ്റ് വീതം നേടിയ വരുണ്‍ ചക്രവര്‍ത്തി, സുനില്‍ നരെയ്ന്‍ എന്നിവരാണ് പഞ്ചാബിനെ തകര്‍ത്തത്. 30 റണ്‍സ് നേടിയ പ്രഭ്‌സിമ്രാന്‍ സിംഗാണ് ടോപ് സ്‌കോറര്‍. പ്രിയാന്‍ഷ് ആര്യ 22 റണ്‍സെടുത്തു.