കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയുടെ മോശം ഫോമില്‍ ടീം മാനേജ്മെന്റിന് ആശങ്കയില്ല. താരം നിരവധി വെല്ലുവിളികള്‍ നേരിട്ടിട്ടുണ്ടെന്നും, ഈ പ്രതിസന്ധിയും മറികടന്ന് ശക്തമായി തിരിച്ചുവരുമെന്നും കോച്ച് അഭിഷേക് നായര്‍ വ്യക്തമാക്കി.

കൊല്‍ക്കത്ത: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ മിസ്റ്ററി സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയുടെ ഫോമിലെ ഇടിവ് ആരാധകര്‍ക്കിടയില്‍ ആശങ്കയുണ്ടാക്കുന്നുണ്ടെങ്കിലും, താരത്തിന് പൂര്‍ണ്ണ പിന്തുണയുമായി ടീം മാനേജ്മെന്റ്. സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിന് മുന്നോടിയായി നടന്ന വാര്‍ത്താ സമ്മേളനത്തില്‍ കൊല്‍ക്കത്ത കോച്ച് അഭിഷേക് നായരാണ് വരുണിന്റെ ഫോമിനെ കുറിച്ച് സംസാരിച്ചത്.

കഴിഞ്ഞ കുറച്ചു മത്സരങ്ങളില്‍ വരുണിന്റെ പ്രകടനം പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നില്ലെങ്കിലും താരം ഉടന്‍ തന്നെ താളം വീണ്ടെടുക്കുമെന്ന് നായര്‍ പറഞ്ഞു. ''കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി വരുണ്‍ ഒരുപാട് വെല്ലുവിളികളിലൂടെയാണ് കടന്നുപോയിട്ടുള്ളത്. ഒരു ഫ്രാഞ്ചൈസി എന്ന നിലയിലും സപ്പോര്‍ട്ട് സ്റ്റാഫ് എന്ന നിലയിലും ഞങ്ങള്‍ അദ്ദേഹത്തെ പൂര്‍ണമായും പിന്തുണയ്ക്കുന്നു. എതിര്‍ ടീമുകള്‍ ഇപ്പോള്‍ അദ്ദേഹത്തെ നന്നായി നേരിടുന്നുണ്ടാകാം, എന്നാല്‍ അതിനര്‍ത്ഥം അദ്ദേഹത്തിന് തിരിച്ചുവരാന്‍ കഴിയില്ല എന്നല്ല. ഇത് അദ്ദേഹത്തിന്റെ ജീവിതത്തിലെ മറ്റൊരു വെല്ലുവിളി മാത്രമാണ്.'' അഭിഷേക് വ്യക്തമാക്കി. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വരുണ്‍ മാനസികമായി ഇപ്പോള്‍ കൂടുതല്‍ കരുത്തനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമ്മര്‍ദ്ദവും പ്രകടനവും

ഐപിഎല്‍ സീസണിന്റെ തുടക്കം വരുണിനെ സംബന്ധിച്ചിടത്തോളം പ്രയാസകരമായിരുന്നു. മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ രോഹിത് ശര്‍മ്മയും റയാന്‍ റിക്കല്‍ട്ടണും ചേര്‍ന്ന് വരുണിനെ കടന്നാക്രമിച്ചപ്പോള്‍ നാല് ഓവറില്‍ 48 റണ്‍സാണ് അദ്ദേഹം വഴങ്ങിയത്. ടി20 ലോകകപ്പില്‍ 14 വിക്കറ്റുകള്‍ നേടി ജസ്പ്രീത് ബുംറയ്ക്കൊപ്പം വിക്കറ്റ് വേട്ടയില്‍ മുന്നിലായിരുന്നെങ്കിലും, 9.24 എന്ന ഉയര്‍ന്ന എക്കോണമി റേറ്റ് അദ്ദേഹത്തിന് തിരിച്ചടിയായിരുന്നു. പ്രത്യേകിച്ച് ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തില്‍ 47 റണ്‍സ് വഴങ്ങിയത് വലിയ ചര്‍ച്ചയായിരുന്നു.

എവിടെയാണ് പിഴയ്ക്കുന്നത്?

ഒരുകാലത്ത് ബാര്‍റ്റര്‍മാര്‍ക്ക് വായിച്ചെടുക്കാന്‍ പ്രയാസമായിരുന്ന വരുണിന്റെ പന്തുകളെ ഇപ്പോള്‍ ടീമുകള്‍ കൂടുതല്‍ കരുതലോടെയും ആക്രമണോത്സുകതയോടെയുമാണ് നേരിടുന്നത്. മിഡില്‍ ഓവറുകളില്‍ റണ്‍ റേറ്റ് കുറയ്ക്കാന്‍ വരുണ്‍ എത്തുമ്പോള്‍, അദ്ദേഹത്തെ സമ്മര്‍ദ്ദത്തിലാക്കി താളം തെറ്റിക്കാനാണ് എതിര്‍ ടീമുകള്‍ ശ്രമിക്കുന്നത്. ഇന്ത്യന്‍ ദേശീയ ടീമിന് വേണ്ടി മികച്ച പ്രകടനം നടത്തിയതോടെ വരുണില്‍ നിന്നുള്ള പ്രതീക്ഷകള്‍ വര്‍ധിച്ചു. ഇതോടെ ചെറിയ പിഴവുകള്‍ പോലും വലിയ റണ്‍സ് വഴങ്ങാന്‍ കാരണമാകുന്നു.

YouTube video player