ഇംഗ്ലീഷ് താരം അലക്‌സ് ഹെയ്ല്‍സ് (Alex Hales) പിന്മാറിയപ്പോഴാണ് കൊല്‍ക്കത്ത ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ ടീമിലെത്തിച്ചത്. ബയോ ബബിള്‍ സംവിധാനത്തില്‍ കഴിയേണ്ടിവരുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനാണ് ഹെയ്ല്‍സ് പിന്മാറിയത്.
കൊല്‍ക്കത്ത: ഓസ്‌ട്രേലിയന്‍ ഏകദിന-ടി20 ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് (Aaron Finch) ഐപിഎല്ലിന്. ഈമാസം 26ന് ആരംഭിക്കുന്ന ഐപിഎല്ലില്‍ (IPL 2021-22) കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് (Kolkata Knight Riders) വേണ്ടിയാണ് താരം കളിക്കുക. ഇംഗ്ലീഷ് താരം അലക്‌സ് ഹെയ്ല്‍സ് (Alex Hales) പിന്മാറിയപ്പോഴാണ് കൊല്‍ക്കത്ത ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ ടീമിലെത്തിച്ചത്. ബയോ ബബിള്‍ സംവിധാനത്തില്‍ കഴിയേണ്ടിവരുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനാണ് ഹെയ്ല്‍സ് പിന്മാറിയത്.
ഫിഞ്ച് വിവിധ ടീമുകള്‍ക്കായി 87 ഐപിഎല്‍ മത്സരങ്ങള്‍ കളിച്ചിട്ടുള്ള താരമാണ്. കൊല്‍ക്കത്ത അദ്ദേഹത്തിന്റെ ഒമ്പതാമത്തെ ഐപിഎല്‍ ടീമാണ്. എന്നാല്‍ ശ്രദ്ധിക്കപ്പെടുന്ന പ്രകടനമൊന്നും ഫിഞ്ചിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. കഴിഞ്ഞ മാസം നടന്ന ഐപിഎല്‍ ലേലത്തില്‍ ഫിഞ്ചിനെ ഒരു ടീമും വാങ്ങിയിരുന്നില്ല.
കഴിഞ്ഞ സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിലാണ് താരം കളിച്ചത്. 87 ഐപിഎല്‍ മത്സരങ്ങളില്‍ നിന്ന് 127 സ്‌ട്രൈക്ക് റേടില്‍ 2005 റണ്‍സ് നേടിയിട്ടുള്ള താരത്തെ അടിസ്ഥാന വിലയായ ഒന്നരക്കോടി രൂപയ്ക്കാണ് കൊല്‍ക്കത്ത ഫിഞ്ചിനെ ടീമിലെത്തിച്ചത്. കൊല്‍ക്കത്ത ഉദ്ഘാടന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ നേരിടുന്നുണ്ട്. വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരം.
മുന്‍ മുംബൈ ഇന്ത്യന്‍സ് താരം ലസിത് മലിംഗ രാജസ്ഥാന്‍ റോയല്‍സിലെത്തിയതും ഇന്നാണ്. പേസ് ബൗളിംഗ് പരിശീലകനായിട്ടാണ് മലിംഗ എത്തുന്നത്. മുന്‍ ലങ്കന്‍ സഹതാരം കുമാര്‍ സംഗക്കാരയ്ക്കൊപ്പം ഫ്രാഞ്ചൈസിയില്‍ ചേരുകയാണ് ഇതോടെ മലിംഗ. രാജസ്ഥാന്‍ റോയല്‍സിന്റെ ക്രിക്കറ്റ് ഡയറക്ടറാണ് കുമാര്‍ സംഗക്കാര. ഐപിഎല്ലിന്റെ ആദ്യ സീസണില്‍ കിരീടം നേടിയ രാജസ്ഥാന്‍ ശക്തമായ തിരിച്ചുവരവിനാണ് ഇത്തവണ തയ്യാറെടുക്കുന്നത്.
ഐപിഎല്ലിലെ ഉയര്‍ന്ന വിക്കറ്റ് വേട്ടക്കാരനാണ് യോര്‍ക്കറുകള്‍ക്ക് പേരുകേട്ട ലസിത് മലിംഗ. 122 മത്സരങ്ങളില്‍ 170 വിക്കറ്റ് മലിംഗ വീഴ്ത്തി. 13 റണ്‍സിന് അഞ്ച് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനമെങ്കില്‍ ഇക്കോണമി 7.14. മുംബൈ ഇന്ത്യന്‍സിനൊപ്പം നാല് ഐപിഎല്‍ കിരീടങ്ങള്‍ നേടി. 2019 സീസണിലാണ് മുംബൈക്കൊപ്പം അവസാനം കളിച്ചത്. 2021 ജനുവരിയില്‍ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും മലിംഗ വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.
ശക്തമായ ടീമുമായാണ് ഐപിഎല്‍ പതിനഞ്ചാം സീസണിന് രാജസ്ഥാന്‍ റോയല്‍സ് തയ്യാറെടുക്കുന്നത്. സഞ്ജു സാംസണ് പുറമെ ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജോസ് ബട്ലര്‍, ഇന്ത്യന്‍ യുവ ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ എന്നിവരെ രാജസ്ഥാന്‍ റോയല്‍സ് നിലനിര്‍ത്തിയിരുന്നു.സഞ്ജു സാംസണ്‍ തന്നെയാണ് ഈ സീസണിലെ ക്യാപ്റ്റന്‍.
രവിചന്ദ്രന്‍ അശ്വിന്‍, ട്രെന്‍ഡ് ബോള്‍ട്ട്, ദേവ്ദത്ത് പടിക്കല്‍, ഷിമ്രോന്‍ ഹെറ്റ്‌മെയര്‍, പ്രസിദ്ധ് കൃഷ്ണ, യുസ്വേന്ദ്ര ചാഹല്‍, നവ്ദീപ് സെയ്‌നി, ഓബദ് മക്കോയ്, അനുനയ് സിങ്, കുല്‍ദിപ് സെന്‍, കരുണ്‍ നായര്‍, ധ്രുവ് ജുറല്‍, തേജസ് ബറോക്ക, കുല്‍ദീപ് യാദവ്, ശുഭം ഗാര്‍വാള്‍, ജിമ്മി നീഷാം, നഥാന്‍ കൂള്‍ട്ടര്‍ നൈല്‍, റാസ്സി വാന്‍ഡര്‍ ഡസ്സന്‍, ഡാരില്‍ മിച്ചല്‍, റിയാന്‍ പരാഗ്, കെ സി കരിയപ്പ എന്നിവരെ താരലേലത്തില്‍ രാജസ്ഥാന്‍ ഫ്രാഞ്ചൈസി സ്വന്തമാക്കി. ഇവരില്‍ നീഷാം, ഡാരില്‍ മിച്ചല്‍, കൂള്‍ട്ടര്‍ നൈല്‍, റാസ്സി വാന്‍ഡര്‍ ഡസ്സന്‍ എന്നിവരെ ലേലത്തിന്റെ അവസാന നിമിഷങ്ങളില്‍ റാഞ്ചുകയായിരുന്നു രാജസ്ഥാന്‍ റോയല്‍സ്.
