മുഹമ്മദ് അസറുദ്ദീന്റെ സെഞ്ചുറിയുടെ മികവിൽ ആലപ്പി റിപ്പിൾസ് 187 റൺസ് ലക്ഷ്യം വെച്ചെങ്കിലും, ക്യാപ്റ്റൻ വത്സൽ ഗോവിന്ദിന്റെ (93) തകർപ്പൻ ഇന്നിങ്‌സിൽ കൊല്ലം സെയിലേഴ്‌സ് ആറ് വിക്കറ്റിന് വിജയിച്ചു. 14 പന്തുകൾ ബാക്കി നിൽക്കെയാണ് കൊല്ലം വിജയതീരമണഞ്ഞത്.

തിരുവനന്തപുരം: കരുത്തരായ ആലപ്പി റിപ്പിള്‍സിനെതിരെ ഉജ്ജ്വല വിജയവുമായി ഏരീസ് കൊല്ലം സെയിലേഴ്‌സ്. മുഹമ്മദ് അസറുദ്ദീന്റെ മിന്നല്‍ സെഞ്ചുറിയുടെ മികവില്‍ ആലപ്പി ഉയര്‍ത്തിയ 187 റണ്‍സെന്ന കൂറ്റന്‍ ലക്ഷ്യം 14 പന്തുകള്‍ ബാക്കിനില്‍ക്കെ കൊല്ലം മറികടന്നു. 93 റണ്‍സുമായി മുന്നില്‍ നിന്ന് നയിച്ച ക്യാപ്റ്റന്‍ വത്സല്‍ ഗോവിന്ദിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സാണ് കൊല്ലത്തിന് അനായാസ വിജയം സമ്മാനിച്ചത്. വത്സല്‍ തന്നെയാണ് പ്ലെയര്‍ ഓഫ് ദി മാച്ച്. സ്‌കോര്‍: ആലപ്പി റിപ്പിള്‍സ് 20 ഓവറില്‍ 186/3 , ഏരീസ് കൊല്ലം സെയിലേഴ്‌സ് - 17.4 ഓവറില്‍ 187/4

ടോസ് നേടിയ കൊല്ലം ആലപ്പുഴയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. എം.ഡി. നിധീഷിന്റെ നേതൃത്വത്തില്‍ കൊല്ലത്തിന്റെ ബൗളര്‍മാര്‍ കണിശതയോടെ പന്തെറിഞ്ഞപ്പോള്‍ കരുതലോടുകൂടിയ തുടക്കമായിരുന്നു റിപ്പിള്‍സിന്റേത്. ആദ്യ രണ്ട് ഓവറില്‍ വെറും ഒരു റണ്‍ മാത്രമായിരുന്നു നിധീഷ് വിട്ടുകൊടുത്തത്. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ ഒരു വിക്കറ്റിന് 26 റണ്‍സ് എന്ന നിലയിലായിരുന്നു റിപ്പിള്‍സ്.

എന്നാല്‍ നിലയുറപ്പിച്ചതോടെ മൊഹമ്മദ് അസറുദ്ദീനും സച്ചിന്‍ ബേബിയും ചേര്‍ന്ന് ആഞ്ഞടിച്ചു. രണ്ടാം വിക്കറ്റില്‍ 101 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്. 40 റണ്‍സെടുത്ത സച്ചിന്‍ ബേബി 15-ാം ഓവറില്‍ പുറത്തായി. എന്നാല്‍ തകര്‍ത്തടിച്ച് മുന്നേറിയ അസറുദ്ദീന്‍ 51 പന്തുകളില്‍ ആറ് ഫോറും ഏഴ് സിക്‌സുമടക്കം 100 റണ്‍സുമായി പുറത്താകാതെ നിന്നു. നിധീഷ് എറിഞ്ഞ അവസാന ഓവറില്‍ രണ്ട് സിക്‌സും ഒരു ഫോറും പറത്തിയാണ് അസര്‍ കെ.സി.എല്ലിലെ തന്റെ കന്നി സെഞ്ചുറി പൂര്‍ത്തിയാക്കിയത്. സിബിന്‍ ഗിരീഷ് 14-ഉം അക്ഷയ് ടി.കെ. 17-ഉം റണ്‍സെടുത്തു. കൊല്ലത്തിനു വേണ്ടി എം.ഡി. നിധീഷും വിജയ് വിശ്വനാഥും എ.ജി. അമലും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കൊല്ലത്തിന് തുടക്കത്തില്‍ തന്നെ അരുണ്‍ പൗലോസിന്റെ വിക്കറ്റ് നഷ്ടമായി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന അഭിഷേക് നായരും വത്സല്‍ ഗോവിന്ദും ചേര്‍ന്നുള്ള കൂട്ടുകെട്ട് കൊല്ലത്തിന്റെ വിജയത്തിന് അടിത്തറയിട്ടു. വലിയ ലക്ഷ്യത്തിന്റെ സമ്മര്‍ദ്ദങ്ങളില്ലാതെ ബാറ്റ് വീശിയ ഇരുവരും ചേര്‍ന്ന് അനായാസം ഇന്നിങ്‌സ് മുന്നോട്ടു നീക്കി. 96 റണ്‍സാണ് ഇരുവരും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്തത്.

34 പന്തുകളില്‍ 52 റണ്‍സെടുത്ത അഭിഷേക്, അജിനാസിന്റെ പന്തില്‍ സച്ചിന്‍ ബേബി ക്യാച്ചെടുത്ത് പുറത്തായി. പകരമെത്തിയ ആനന്ദ് കൃഷ്ണനും (12) ക്യാപ്റ്റന് മികച്ച പിന്തുണ നല്‍കി. സെഞ്ചുറിക്ക് ഏഴ് റണ്‍സ് അകലെ വത്സല്‍ പുറത്തായെങ്കിലും അതിനോടകം തന്നെ കൊല്ലം വിജയതീരത്ത് എത്തിയിരുന്നു. 53 പന്തില്‍ 11 ഫോറും 3 സിക്‌സും അടക്കം 93 റണ്‍സാണ് വത്സല്‍ നേടിയത്. 17.4 ഓവറില്‍ 4 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി കൊല്ലം ലക്ഷ്യം കണ്ടു. തുടരെ മൂന്ന് ഫോറുകള്‍ പായിച്ച് അര്‍ജുന്‍ വേണുഗോപാലാണ് ടീമിനെ വിജയത്തിലെത്തിച്ചത്. റിപ്പിള്‍സിനു വേണ്ടി അജിനാസ് രണ്ട് വിക്കറ്റ് വീഴ്ത്തി.

YouTube video player