ദുബായ്: ഇന്ത്യക്കെതിരായ കിംഗ്‌സ്റ്റണ്‍ ടെസ്റ്റില്‍ ബൗളിംഗ് ആക്ഷന്‍റെ പേരില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വിന്‍ഡീസ് പാര്‍ട്‌ടൈം സ്‌പിന്നര്‍ ക്രൈഗ് ബ്രാത്ത്‌വെയ്‌റ്റിന് ആശ്വാസം. ബ്രാത്ത്‌വെയ്റ്റിന്‍റെ ബൗളിംഗ് നിയമവിധേയമാണെന്ന് ഐസിസി വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. താരത്തിന് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ തുടര്‍ന്നും പന്തെറിയാനാകും. 

കിംഗ്‌സ്റ്റണ്‍ ടെസ്റ്റിനിടെ സംശയാസ്‌പദമായ ആക്ഷന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ബ്രാത്ത്‌വെയ്റ്റ് സെപ്റ്റംബര്‍ 14ന് പരിശോധനയ്‌ക്ക് വിധേയനായിരുന്നു. പന്തെറിയുമ്പോള്‍ അനുവദനീയമായ 15 ഡിഗ്രിയിലധികം ബ്രാത്ത്‌വെയ്റ്റ് കൈ വളയ്‌ക്കുന്നില്ല എന്ന് പരിശോധനയില്‍ കണ്ടെത്തി. 

കരിയറില്‍ രണ്ടാം തവണയായിരുന്നു ബ്രാത്ത്‌വെയ്റ്റിന്‍റെ ആക്ഷന്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. എഡ്‌ജ്‌ബാസ്റ്റണില്‍ ഇംഗ്ലണ്ടിനെതിരെ 2017ല്‍ നടന്ന ടെസ്റ്റിനിടെയായിരുന്നു ആദ്യ സംഭവം. അന്നും താരത്തെ ഐസിസി കുറ്റവിമുക്തനാക്കിയിരുന്നു.