ന്യൂസിലന്‍ഡിനെതിരെ അവസാനം ഏകദിനം കളിച്ച ടീമിലെ ഒരു പാക് താരം പോലും മുമ്പ് ഇന്ത്യയില്‍ കളിച്ചിട്ടില്ല എന്ന പ്രത്യേകതയുണ്ട്
മുംബൈ: മൂന്ന് മാസം അവശേഷിക്കുമ്പോഴും ഏകദിന ലോകകപ്പിന്‍റെ ആവേശം ക്രിക്കറ്റ് ചര്‍ച്ചകളില്‍ മുറുകുകയാണ്. അഹമ്മദാബാദില്‍ ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വച്ച് പരമ്പരാഗതവൈരികളായ ഇന്ത്യയും പാകിസ്ഥാനും മുഖാമുഖം വരും എന്നതാണ് ഇതിന് ഒരു കാരണം. ഇന്ത്യ വേദിയാവുന്ന ലോകകപ്പിലെ ഏറ്റവും വാശിയേറിയ പോരാട്ടവും ഇതാകും. മികച്ച താരങ്ങളുണ്ടെങ്കിലും ലോകകപ്പ് ഇന്ത്യയില്‍ വച്ച് പാകിസ്ഥാന്‍ നേടാന്‍ സാധ്യതയില്ല എന്നാണ് ഇന്ത്യന്‍ മുന്‍ നായകന്‍ കൃഷ്‌ണമചാരി ശ്രീകാന്ത് പറയുന്നത്. ഇതിനൊരു കാരണവും അദേഹം വ്യക്തമാക്കുന്നുണ്ട്.
'ഞാന്‍ പാകിസ്ഥാന്‍ ടീമിനെ എഴുതിത്തള്ളുന്നില്ല. ഏത് തരത്തിലുള്ള ടീമിനെയാണ് പാകിസ്ഥാന്‍ ലോകകപ്പിന് അയക്കുന്നത് എന്നതിലേക്കാണ് ഞാന്‍ ഉറ്റുനോക്കുന്നത്. അതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. പാകിസ്ഥാന്‍ എപ്പോഴും ഇന്ത്യയില്‍ മികച്ച പ്രകടനം നടത്തിയിട്ടുള്ള ടീമാണ്. 2011ല്‍ ഇന്ത്യയില്‍ വച്ച് ഏകദിന ലോകകപ്പ് കളിച്ചപ്പോള്‍ പാകിസ്ഥാന്‍ മൊഹാലിയില്‍ വച്ച് ടീം ഇന്ത്യയോട് സെമിയില്‍ പരാജയപ്പെടുകയായിരുന്നു. പാകിസ്ഥാന് ഉപഭൂഖണ്ഡത്തിലെ സാഹചര്യങ്ങള്‍ നന്നായി അറിയാം. എന്നാല്‍ ഏറെക്കാലമായി ഇന്ത്യയില്‍ അവര്‍ കളിച്ചിട്ടില്ല എന്നതാണ് ന്യൂനതയായി എനിക്ക് തോന്നുന്നത്' എന്നും കെ ശ്രീകാന്ത് ഇന്ത്യ ടുഡേയോട് പറഞ്ഞു.
ന്യൂസിലന്‍ഡിനെതിരെ അവസാനം ഏകദിനം കളിച്ച ടീമിലെ ഒരു പാക് താരം പോലും മുമ്പ് ഇന്ത്യയില്‍ കളിച്ചിട്ടില്ല എന്ന പ്രത്യേകതയുണ്ട്. ആക്റ്റീവ് ക്രിക്കറ്റര്‍മാരായ സര്‍ഫറാസ് അഹമ്മദ്, ഷൊയൈബ് മാലിക്, മുഹമ്മദ് ആമിര്‍ എന്നിവര്‍ ഇന്ത്യയില്‍ 2016 ലോകകപ്പ് കളിച്ചവരാണ്. എന്നാല്‍ മൂവരും ഏകദിന ലോകകപ്പിനുള്ള സ്‌ക്വാഡിലെത്താനുള്ള സാധ്യത വിരളമാണ്. ഏകദിനത്തില്‍ 2019ലെ ലോകകപ്പിലാണ് ഇന്ത്യ-പാക് ടീമുകള്‍ അവസാനമായി മുഖാമുഖം വന്നത്. ഇക്കുറി ലോകകപ്പില്‍ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഒക്ടോബര്‍ 15ന് ഇന്ത്യ-പാകിസ്ഥാന്‍ ആവേശപ്പോരാട്ടം നടക്കും.
Read more: അഹമ്മദാബാദില്‍ കളിക്കാനാവില്ല എന്ന നിലപാട്; ബോര്‍ഡിനെ പൊരിച്ച് പാക് മുന്‍ താരം രംഗത്ത്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
