മുമ്പ് ടീം ഇന്ത്യക്കായി 5 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചെങ്കിലും ബാറ്റിംഗില്‍ വേണ്ടത്ര മികവിലേക്ക് ഉയരാന്‍ കെ എസ് ഭരതിനായിരുന്നില്ല

അഹമ്മദാബാദ്: നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഇംഗ്ലണ്ട് ലയണ്‍സിനെതിരെ ഒന്നാം അനൗദ്യോഗിക ടെസ്റ്റില്‍ ഇന്ത്യ എ ഐതിഹാസിക സമനില എത്തിപ്പിടിച്ചപ്പോള്‍ ബാറ്റിംഗ് സ്റ്റാറായി വിക്കറ്റ് കീപ്പര്‍ കെ എസ് ഭരത്. നാലാം ഇന്നിംഗ്സില്‍ 490 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന എ ടീമിനായി ഏഴാമനായിറങ്ങി ഭരത് 165 പന്തില്‍ 15 ഫോറുകളുടെ അടമ്പടിയോടെ 116* റണ്‍സുമായി പൊരുതി അവസാന ബോള്‍ വരെ ക്രീസില്‍ നില്‍ക്കുകയായിരുന്നു. ഇതോടെ ഇംഗ്ലണ്ടിനെതിരെ വരാനിരിക്കുന്ന ആദ്യ ടെസ്റ്റില്‍ വിക്കറ്റ് കീപ്പറായി കെ എസ് ഭരത് ഇന്ത്യന്‍ സീനിയര്‍ ടീമില്‍ സ്ഥാനമുറപ്പിച്ചു. 

ടീം ഇന്ത്യക്കായി 5 ടെസ്റ്റ് മത്സരങ്ങള്‍ മുമ്പ് കളിച്ചെങ്കിലും ബാറ്റിംഗില്‍ വേണ്ടത്ര മികവിലേക്ക് ഉയരാന്‍ കെ എസ് ഭരതിനായിരുന്നില്ല. ആകെ 129 റണ്‍സേ ശ്രീകര്‍ ഭരത് നേടിയുള്ളൂ. ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റുകളുടെ പരമ്പരയാണ് ഇന്ത്യക്ക് ഇനി വരാനിരിക്കുന്നത്. ആദ്യ രണ്ട് ടെസ്റ്റുകള്‍ക്കുള്ള സ്ക്വാഡില്‍ കെ എല്‍ രാഹുല്‍, കെ എസ് ഭരത്, ധ്രുവ് ജൂരെല്‍ എന്നിവര്‍മാരാണ് വിക്കറ്റ് കീപ്പര്‍മാരായുള്ളത്. ഇവരില്‍ കെ എല്‍ രാഹുലിനെ സ്പെഷ്യലിസ്റ്റ് ബാറ്ററായി ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ഇറക്കാനാണ് സെലക്ടര്‍മാരും ടീം മാനേജ്‌മെന്‍റും ആലോചിക്കുന്നത്. സ്പിന്നര്‍മാരുടെ പന്തുകള്‍ കുത്തിത്തിയിരുന്ന ഇന്ത്യന്‍ പിച്ചുകളില്‍ പിടിപ്പത് പണിയുള്ളപ്പോള്‍ സ്പെഷ്യലിസ്റ്റ് വിക്കറ്റ് കീപ്പര്‍ തന്നെ ജോലിക്ക് വേണം എന്ന് സെലക്ടര്‍മാര്‍ കണക്കുകൂട്ടുന്നു. ഇതോടെ ഭരതും ജൂരെലും തമ്മിലായി ഗ്ലൗ അണിയാന്‍ പോരാട്ടം. എന്നാല്‍ ഇംഗ്ലണ്ട് ലയണ്‍സിനെതിരായ തീപ്പൊരി പ്രകടനത്തിലൂടെ ഭരത് രണ്ട് ചുവട് മുന്നിലെത്തിയിരിക്കുകയാണ്. 

ഇംഗ്ലണ്ട് ലയണ്‍സിനെതിരായ അനൗദ്യഗിക ടെസ്റ്റില്‍ ഇന്ത്യ എ സമനില നേടിയപ്പോള്‍ കെ എസ് ഭരത് 116 റണ്‍സുമായി പുറത്താവാതെ നിന്നു. ആറാം വിക്കറ്റില്‍ മാനവ് സത്താറിനൊപ്പം പുറത്താകാതെ 207 റണ്‍സിന്‍റെ കൂട്ടുകെട്ടുമായാണ് ഭരത് ഇന്ത്യ എയ്ക്ക് സമനില സമ്മാനിച്ചത്. ഹൈദരാബാദില്‍ ജനുവരി 25ന് ഇന്ത്യ- ഇംഗ്ലണ്ട് ആദ്യ ടെസ്റ്റ് ആരംഭിക്കുമ്പോള്‍ ഭരതിനെ വിക്കറ്റ് കീപ്പറുടെ റോളില്‍ ഉറപ്പിക്കാം. 

കാര്‍ അപകടത്തില്‍ റിഷഭ് പന്തിന്‍റെ കാലിന് ഗുരുതരമായി പരിക്കേറ്റതിന് പിന്നാലെ ടെസ്റ്റ് വിക്കറ്റ് കീപ്പറാവാന്‍ പൊരിഞ്ഞ പോരാട്ടമാണ് ഇന്ത്യന്‍ ടീമില്‍ നടക്കുന്നത്. സ്ഥിരം കീപ്പറാവാന്‍ ഏറെ മുന്‍തൂക്കമുണ്ടായിരുന്നെങ്കിലും കെ എല്‍ രാഹുലിനെ ഇനി സ്പെഷ്യലിസ്റ്റ് ബാറ്ററായാവും കളിപ്പിക്കുക എന്ന വിവരം ഇതിനകം പുറത്തുവന്നിട്ടുണ്ട്. വിക്കറ്റ് കീപ്പറായി ടെസ്റ്റ് കളിച്ചിട്ടുണ്ടെങ്കിലും ഇഷാന്‍ കിഷന്‍ നിലവില്‍ സ്ക്വാഡിനൊപ്പമില്ല. ഇനി ഇഷാനെ ടെസ്റ്റിലേക്ക് മടക്കിവിളിക്കുമോ എന്നത് വ്യക്തവുമല്ല. ധ്രുവ് ജൂരെലിനെ മറികടന്ന് കെ എസ് ഭരത് ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ വിക്കറ്റ് കീപ്പറാവുന്നതോടെ സഞ്ജു സാംസണ്‍ അടക്കമുള്ള താരങ്ങളൊന്നും ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ സ്ഥാനത്തിനായി ദൂരെനിന്ന് പോലും എത്തിനോക്കേണ്ടതില്ല. 

Read more: ബാസ്ബോൾ ശൈലിയില്‍ തിരിച്ചടി, കെ എസ് ഭരതിന് സെഞ്ചുറി; ഇംഗ്ലണ്ട് എ ടീമിനെതിരെ ഇന്ത്യ എക്ക് ഐതിഹാസിക സമനില

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം