മുംബൈ: ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ അവശേഷിക്കുന്ന മത്സരങ്ങളിൽ പരിക്കേറ്റ് പുറത്തായ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ഋഷഭ് പന്തിന് പകരമായി ആന്ധ്രയുടെ വിക്കറ്റ് കീപ്പർ കെ എസ് ഭരതിനെ ഉൾപ്പെടുത്തി. ന്യൂസിലൻഡിൽ എ ടീമിനൊപ്പം ഉള്ള സഞ്ജു സാംസണെ പരിഗണിക്കാതെയാണ് 26കാരനായ ഭരതിനെ ഉള്‍പ്പെടുത്തിയത്. റിസര്‍വ് വിക്കറ്റ് കീപ്പറായാണ് ഭരതിനെ ഉള്‍പ്പെടുത്തിയത്. ഭരതിനോട് ഉടന്‍ ടീമിനൊപ്പം ചേരാന്‍ ബിസിസിഐ ആവശ്യപ്പെട്ടു. 

കെ എസ് ഭരത്

പന്തിന് പരിക്കേറ്റ സാഹചര്യത്തില്‍ ഇഷാന്‍ കിഷന്‍, സ‍ഞ്ജു വി സാംസണ്‍ എന്നിവരിലാരെയെങ്കിലും ടീമില്‍ ഉള്‍പ്പെടുത്തുമെന്നായിരുന്നു പ്രതീക്ഷിച്ചത്. എന്നാല്‍, വിക്കറ്റ് കീപ്പിംഗിലെ മികവ് പരിഗണിച്ചാണ് ഭരതിനെ ഉള്‍പ്പെടുത്തിയത്. 74 ഫസ്റ്റ്ക്ലാസ് മത്സരങ്ങളില്‍ കളിച്ച ഭരത് 37.66 ശരാശരിയില്‍ ഒമ്പത് സെഞ്ച്വറിയടക്കം 4143 റണ്‍സ് നേടിയിട്ടുണ്ട്. ഏതെങ്കിലും സാഹചര്യത്തില്‍ രാഹുലിന് കളിക്കാന്‍ കഴിയാതിരുന്നാല്‍ ഭരതിന് ഇടം ലഭിക്കും. രാജ്കോട്ടില്‍ ഇന്ന് 1.30ന് ഓസ്ട്രേലിയക്കെതിരെയുള്ള രണ്ടാം ഏകദിനം നടക്കും. മുംബൈയില്‍ നടന്ന ഒന്നാം ഏകദിനത്തിലാണ് ഹെല്‍മറ്റില്‍ പന്തിടിച്ച് ഋഷഭ് പന്തിന് പരിക്കേറ്റത്. 

ശ്രീലങ്കക്കെതിരെയുള്ള ടി-20 മത്സരത്തില്‍ സഞ്ജു കളിച്ചെങ്കിലും രണ്ട് പന്തില്‍ ആറ് റണ്‍സെടുത്ത് പുറത്തായിരുന്നു. ന്യൂസിലാന്‍ഡില്‍ കളിക്കുന്ന ഇന്ത്യ എ ടീം അംഗമാണ് സഞ്ജു സാംസണ്‍.