മൈസുരു: ചൈനാമാന്‍ സ്‌പിന്നര്‍ കുല്‍ദീപ് യാദവ് ടി20 ടീമില്‍ നിന്ന് പുറത്തായത് നിരവധി പേരെ അത്ഭുതപ്പെടുത്തിയിരുന്നു. വിന്‍ഡീസ് പര്യടനത്തിനും ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലുമാണ് കുല്‍ദീപിനെ ഉള്‍പ്പെടുത്താതിരുന്നത്. എന്നാല്‍ ടീമില്‍ നിന്ന് പുറത്തായത് കുല്‍ദീപിനെ നിരാശനാക്കുന്നില്ല എന്ന് പ്രതികരണം വ്യക്തമാക്കുന്നു.

ഇതുവരെ പതിമിത ഓവര്‍ ക്രിക്കറ്റില്‍ മികച്ച പ്രകടനമാണ് കാഴ്‌ചവെച്ചത്. അവസാന രണ്ട് ടി20 പരമ്പരയില്‍ ടീമില്‍ അവസരം ലഭിക്കാതിരുന്നത് നിരാശനാക്കുന്നില്ല. ചില മാറ്റങ്ങള്‍ ആവശ്യമാണെന്ന് ടീം തിരിച്ചറിഞ്ഞിട്ടുണ്ടാവാം. അതിനെ ബഹുമാനിക്കുന്നു, അതിനാല്‍ പരാതികളില്ല. ടെസ്റ്റ് ക്രിക്കറ്റില്‍ മികവ് തെളിയിക്കാന്‍ ഈ സമയം പ്രയോജനപ്പെടുത്താം എന്ന് വിശ്വസിക്കുന്നതായും കുല്‍ദീപ് പറഞ്ഞു.

2016 ടി20 ലോകകപ്പിന് ശേഷം കളിച്ച 68 മത്സരങ്ങളില്‍ 22.97 ശരാശരിയില്‍ 81 വിക്കറ്റ് വീഴ്‌ത്തിയിരുന്നു കുല്‍ദീപ്. ലോക ക്രിക്കറ്റില്‍ ഒന്‍പതാമത്തെയും ഇന്ത്യന്‍ താരങ്ങളില്‍ രണ്ടാമത്തെയും മികച്ച ശരാശരിയാണിത്. ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെ ഇന്ത്യയുടെ ടി20 ടീമിലില്ലാത്ത കുല്‍ദീപ് ദക്ഷിണാഫ്രിക്ക എയ്‌ക്കെതിരെ രണ്ടാം അനൗദ്യോഗിക ടെസ്റ്റില്‍ കളിച്ചിരുന്നു. മത്സരത്തില്‍ നാല് വിക്കറ്റ് വീഴ്‌ത്തി.