ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ജാര്‍ഖണ്ഡിന് അഞ്ചാം ഓവറില്‍ തന്നെ ആദ്യ പ്രഹരമേറ്റു. ആറ് റൺസെടുത്ത ഉത്കര്‍ഷ് സിംഗിനെ എം ഡി നിധീഷ് പുറത്താക്കി.
അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫി ഏകദിന ടൂര്‍ണമെന്‍റില്‍ ജാർഖണ്ഡിനെതിരെ കേരളത്തിന് 312 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ജാര്‍ഖണ്ഡ് കുമാര്‍ കുഷാഗ്രയുടെ വെടിക്കെട്ട് സെഞ്ചുറിയുടെ കരുത്തില്‍ 50 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 311 റണ്‍സെടുത്തു. 137 പന്തില്‍ 143 റണ്‍സെടുത്ത് പുറത്താകാതെ നിന്ന കുമാര്‍ കുഷാഗ്രയാണ് ജാര്‍ഖണ്ഡിന്‍റെ ടോപ് സ്കോറര്‍. ക്യാപ്റ്റൻ ഇഷാന്‍ കിഷന്‍ 21 റണ്‍സെടുത്ത് പുറത്തായപ്പോള്‍ അനുകൂല്‍ റോയ് 72 റണ്‍സെടുത്തു. 111-4 എന്ന സ്കോറില്‍ പതറിയ ജാര്‍ഖണ്ഡിനെ കുമാര്‍ കുഷാഗ്രയും അനുകൂല്‍ റോയിയും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ 176 റണ്‍സ് കൂട്ടിച്ചേര്‍ത്താണ് കരകയറ്റിയത്. കേരളത്തിനായി എം ഡി നിധീഷ് നാലു വിക്കറ്റെടുത്തു.
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ജാര്‍ഖണ്ഡിന് അഞ്ചാം ഓവറില്‍ തന്നെ ആദ്യ പ്രഹരമേറ്റു. ആറ് റൺസെടുത്ത ഉത്കര്‍ഷ് സിംഗിനെ എം ഡി നിധീഷ് പുറത്താക്കി. പിന്നാലെ മറ്റൊരു ഓപ്പണറായ ഷിഖര്‍ മോഹന്‍ 13 റണ്‍സെടുത്ത് മടങ്ങി. ഏദന്‍ ആപ്പിള്‍ ടോമിനായിരുന്നു വിക്കറ്റ്. മികച്ച ഫോമിലുള്ള വിരാട് സിംഗിനെ(15) ബാബാ അപരാജിത് കൂടി മടക്കിയതോടെ ജാര്‍ഖണ്ഡ് 65-3ലേക്ക് വീണു. ഇഷാന്‍ കിഷനും കുമാര്‍ കുഷാഗ്രയും ചേര്‍ന്ന് ജാര്‍ഖണ്ഡിനെ 100 കടത്തിയെങ്കിലും സ്കോര്‍ 111ല്‍ നില്‍ക്കെ കിഷനെയും അപരാജിത് വീഴ്ത്തിയതോടെ ജാര്‍ഖണ്ഡ് തകര്‍ച്ചയിലായെങ്കിലും അഞ്ചാം വിക്കറ്റില്‍ അനുകൂല്‍ റോയിക്കൊപ്പം മികച്ച കൂട്ടുകെട്ടുയർത്തി ജാര്‍ഖണ്ഡിനെ കരകയറ്റി. കേരളത്തിനായി സഞ്ജു സാംസണ്‍ ഇന്ന് കളിക്കുന്നുണ്ട്.
എലൈറ്റ് ഗ്രൂപ്പ് എയില്‍ നാലു മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോൾ രണ്ട് ജയവും രണ്ട് തോല്‍വിയുമായി കേരളം നാലാം സ്ഥാനത്തും നാലു കളികളില്‍ 3 ജയവും ഒരു തോല്‍വിയുമായി 12 പോയന്‍റുള്ള ജാര്‍ഖണ്ഡ് മൂന്നാമതുമാണ്. നാലു കളികളും ജയിച്ച മധ്യപ്രദേശും കര്‍ണാടകയുമാണ് പോയന്‍റ് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനങ്ങളില്‍.

