രാഹുല്‍ ദ്രാവിഡിന് പകരമായി കുമാര്‍ സംഗക്കാരയെ രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകനായി നിയമിച്ചു. 

ജയ്പൂര്‍: രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകനായി കുമാര്‍ സംഗക്കാരയെ നിയമിച്ചു. സ്ഥാനമൊഴിഞ്ഞ രാഹുല്‍ ദ്രാവിഡിന് പകരമാണ് സംഗക്കാര രാജസ്ഥാന്‍ റോയല്‍സിലേക്ക് മുഖ്യ പരിശീലകനായി തിരിച്ചെത്തുന്നത്. 2021 മുതല്‍ 2024 വരെ രാജസ്ഥാന്റെ മുഖ്യ പരിശീലകനായിരുന്ന സംഗക്കാര കഴിഞ്ഞ സീസണില്‍ ടീമിന്റെ ഉപദേഷ്ടാവായിരുന്നു. വിക്രം റാത്തോറിനെ സഹപരിശീലകനായും നിയമിച്ചിട്ടുണ്ട്. ഷെയ്ന്‍ ബോണ്ട് ബൗളിംഗ് കോച്ചായി തുടരും. സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിലേക്ക് പോയതോടെ രവീന്ദ്ര ജഡേജയും സാം കറനുമാണ് പകരം രാജസ്ഥാനിലെത്തിയത്. കഴിഞ്ഞ സീസണില്‍ നാല് കളിയില്‍ മാത്രം ജയിച്ച രാജസ്ഥാന്‍ പത്ത് ടീമുകളുളള ഐപിഎല്ലില്‍ ഒന്‍പതാം സ്ഥാനത്തായിരുന്നു.

സഞ്ജു ചെന്നൈയിലേക്ക് പോവുമ്പോള്‍ വരുന്ന സീസണില്‍ രാജസ്ഥാനെ ആര് നയിക്കുമെന്നുള്ള ചോദ്യം പ്രസക്തമാണ്. കഴിഞ്ഞ സീസണില്‍ സഞ്ജുവിന് പരിക്കേറ്റ് മത്സരങ്ങളില്‍ നിന്ന് വിട്ടു നിന്നപ്പോള്‍ നായകനായത് റിയാന്‍ പരാഗ് ആയിരുന്നു. എന്നാല്‍ സഞ്ജു ടീം വിട്ടാല്‍ ടീമിന്റെ അടുത്ത നായകനായി റിയാന്‍ പരാഗിനെ പരിഗണിക്കാനിടയില്ലെന്നാണ് നിലവിലെ സൂചന. പകരം ഓപ്പണര്‍ യശസ്വി ജയ്സ്വാളിനോ ധ്രുവ് ജുറെലിനോ ആകും രാജസ്ഥാന്‍ നായകസ്ഥാനത്തേക്ക് ആദ്യ പരിഗണന നല്‍കുകയെന്ന് വാര്‍ത്തകളുണ്ടായിരുന്നു.

എന്നാലിപ്പോള്‍ അതിലും മാറ്റങ്ങള്‍ വന്നിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ട്രേഡിലൂടെ ടീമിലെത്തിയ രവീന്ദ്ര ജഡേജയെ നായകനാക്കാണ് രാജസ്ഥാന്റെ പദ്ധതി. നായകസ്ഥാനം നല്‍കാമെന്ന ഉറപ്പിന്മേലാണ് ജഡേജ തന്റെ ആദ്യ ക്ലബായ രാജസ്ഥാന്‍ റോയല്‍സിലെത്തുന്നത്. ഒരു സീസണില്‍ ജഡേജ, ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ നയിച്ചിട്ടുണ്ട്. എന്നാല്‍ ടീം പരാജയമറിഞ്ഞ് തുടങ്ങിയതോടെ നായകസ്ഥാനത്ത് നിന്ന് മാറ്റുകയായിരുന്നു. പിന്നീട് ധോണി നായകസ്ഥാനം ഏറ്റെടുത്തു.

YouTube video player