ലണ്ടന്‍: തേങ്ങാച്ചമ്മന്തി എന്ന് കേട്ടാല്‍ വായിലൂടെ കപ്പലോടിക്കുന്നവരാണ് മലയാളികള്‍. അമ്മിക്കല്ലില്‍ അരയ്‌ക്കുന്നതാണെങ്കില്‍ പറയുകയും വേണ്ട. ശ്രീലങ്കന്‍ മുന്‍ ക്രിക്കറ്റര്‍ കുമാര്‍ സംഗക്കാര ചമ്മന്തി അരയ്‌ക്കുന്നത് കണ്ട് അന്തംവിട്ടിരിക്കുകയാണ് ഇപ്പോള്‍ മലയാളി ക്രിക്കറ്റ് പ്രേമികള്‍. ഇത്ര പ്രിയങ്കരമാണോ സംഗക്കാരയ്‌ക്ക് തേങ്ങാച്ചമ്മന്തി എന്ന് ചോദിക്കുകയാണ് ആരാധകര്‍. 

ലണ്ടനിലെ സുഹൃത്തുക്കള്‍ക്ക് വേണ്ടിയാണ് കുമാര്‍ സംഗക്കാരയുടെ ചമ്മന്തി അരയ്‌ക്കല്‍. തേങ്ങയും മുളകും ചേര്‍ത്ത് സ്വാദിഷ്‌ടമായ ചമ്മന്തിയാണ് സംഗയുടേത് എന്ന് ചിത്രത്തില്‍ നിന്നുതന്നെ വ്യക്തം. സുഹൃത്തുക്കള്‍ക്ക് വേണ്ടി ശ്രീലങ്കയിലെ പോള്‍ സാംബോല്‍ എന്ന ചമ്മന്തിയാണ് സംഗക്കാരയുണ്ടാക്കിയത്. ചമ്മന്തിയുണ്ടാക്കുന്ന ചിത്രം ട്വീറ്റ് ചെയ്തതും സംഗക്കാരയെ മലയാളികള്‍ ഉള്‍പ്പടെയുള്ള ആരാധകര്‍ പൊതിഞ്ഞു. 

സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിച്ച കുമാര്‍ സംഗക്കാര ഇപ്പോള്‍ എംസിസിയുടെ(മാര്‍ലിബോണ്‍ ക്രിക്കറ്റ് ക്ലബ്) പ്രസിഡന്‍റാണ്. ക്രിക്കറ്റ് നിയമങ്ങള്‍ക്ക് അന്തിമരൂപം നല്‍കുന്ന സമിതിയാണ് എംസിസി. എക്കാലത്തെയും മികച്ച വിക്കറ്റ്കീപ്പര്‍ ബാറ്റ്സ്‌മാന്‍മാരുടെ പട്ടികയില്‍ സ്ഥാനമുള്ള സംഗ. പതിനഞ്ച് വര്‍ഷം നീണ്ട കരിയറില്‍ 134 ടെസ്റ്റും 404 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. ടെസ്റ്റില്‍ 12400 റണ്‍സും ഏകദിനത്തില്‍ 14234 റണ്‍സും സംഗക്കാരയുടെ പേരിലുണ്ട്.