ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയില്‍ സഞ്ജു സാംസണ്‍ എങ്ങനെ കളിക്കണം? കുമാര്‍ സംഗക്കാരയുടെ വിലപ്പെട്ട ഉപദേശം
സഞ്ജുവിന്റെ കഴിവിനെ പ്രകീര്‍ത്തിച്ച് രംഗത്തെത്തിയിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ് പരിശീലകന്‍ കുമാര്‍ സംഗക്കാര. ലഭിക്കുന്ന അവസരങ്ങള്‍ അവസാനത്തേതാണെന്ന് കരുതരുതെന്നാണ് സംഗക്കാര നല്‍കുന്ന ഉപദേശം.

ജയ്പൂര്‍: ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയ്‌ക്കൊരുങ്ങുകയാണ് മലയാളി താരം സഞ്ജു സാംസണ്‍. മൂന്ന് ടി20 മത്സരങ്ങള്‍ക്കുള്ള ടീമില്‍ മാത്രമാണ് സഞ്ജുവിനെ ഉള്‍പ്പെടുത്തിയത്. ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്തിയിരുന്നില്ല. രഞ്ജി ട്രോഫിയില്‍ തകര്‍പ്പന്‍ ഫോമിലാണ് താരം. കേരളത്തെ നയിക്കുന്ന സഞ്ജുവിന് ഇതുവരെ മൂന്ന് അര്‍ധ സെഞ്ചുറികള്‍ നേടാന്‍ സാധിച്ചിരുന്നു. ഇന്ത്യന്‍ ക്യാംപില്‍ എത്തേണ്ടതിനാല്‍ അടുത്ത സഞ്ജു കളിക്കാനും സാധ്യതയില്ല.
ഇതിനിടെ സഞ്ജുവിന്റെ കഴിവിനെ പ്രകീര്‍ത്തിച്ച് രംഗത്തെത്തിയിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ് പരിശീലകന്‍ കുമാര്‍ സംഗക്കാര. ലഭിക്കുന്ന അവസരങ്ങള്‍ അവസാനത്തേതാണെന്ന് കരുതരുതെന്നാണ് സംഗക്കാര നല്‍കുന്ന ഉപദേശം. സംഗയുടെ വാക്കുകള്‍... ''സഞ്ജു കാര്യങ്ങള്‍ സിംപിളായി കാണണം. ഇപ്പോള്‍ ബാറ്റിംഗില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക. ഐപിഎല്ലും ഇന്ത്യക്ക് വേണ്ടിയുള്ള മത്സരങ്ങളും വരാനിരിക്കുന്നു. സഞ്ജുവിനെ ഏല്‍പ്പിച്ച ജോലി എന്താണോ, അത് ഭംഗിയായി ചെയ്യാന്‍ ശ്രമിക്കുക. ഏല്‍പ്പിച്ച ജോലി എങ്ങനെ തീര്‍ക്കണമെന്ന് വ്യക്തമായ കാഴ്ച്ചപാട് ഉണ്ടായിരിക്കണം. ബാറ്റിംഗ് ഓര്‍ഡറില്‍ പലയിടങ്ങളിലായി ബാറ്റ് ചെയ്യേണ്ടിവരും. എന്നാല്‍ ഏത്, പൊസിഷനില്‍ ബാറ്റ് ചെയ്താലും അവിടെയെല്ലാം തിളങ്ങാനുള്ള കഴിവ് സഞ്ജുവിന് ലഭിച്ചിട്ടുണ്ട്.
സാങ്കേതിക തികവും കഴിവുമുള്ള ബാറ്ററാണ് സഞ്ജു. ആദ്യം ക്രീസിലുറയ്ക്കാന്‍ ശ്രമിക്കുക. പിന്നീടെല്ലാം ഓട്ടോമാറ്റിക്കലി വന്നുചേരും. അടുത്ത അവസരം തനിക്ക് ലഭിക്കുന്ന അവസാന ചാന്‍സാണെന്ന രീതിയില്‍ കളിക്കരുത്. അത്രമാത്രം ശ്രദ്ധിച്ചാല്‍ മതിയാവും. കഴിവ് മുഴുവനായി പ്രയോജനപ്പെടുത്താന്‍ സാധിച്ചാല്‍ അവന് ക്രിക്കറ്റ് ആസ്വദിക്കാന്‍ സാധിക്കും. ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയില്‍ എന്തു ചെയ്യാനാകുമെന്ന് സഞ്ജു കാണിച്ചുകൊടുക്കണം. കാരണം അവന്, പ്രത്യേക കഴിവ് തന്നെയുണ്ട്.'' സംഗക്കാര പറഞ്ഞു.
ഇന്ത്യയുടെ ടി20 ടീം: ഹാര്‍ദിക് പാണ്ഡ്യ(ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), റുതുരാജ് ഗെയ്ക്വാദ്, ശുഭ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ്(വൈസ് ക്യാപ്റ്റന്‍), ദീപക് ഹൂഡ, രാഹുല്‍ ത്രിപാഠി, സഞ്ജു സാംസണ്‍, വാഷിംഗ്ടണ്‍ സുന്ദര്‍, യുസ്വേന്ദ്ര ചാഹല്‍, അക്സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ്, ഹര്‍ഷല്‍ പട്ടേല്‍, ഉമ്രാന്‍ മാലിക്, ശിവം മാവി, മുകേഷ് കുമാര്‍.
ഇന്ത്യയുടെ ഏകദിന ടീം: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍(വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ(വൈസ് ക്യാപ്റ്റന്‍), വാഷിംഗ്ടണ്‍ സുന്ദര്‍, യുസ്വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, അക്സര്‍ പട്ടേല്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക്, അര്‍ഷ്ദീപ് സിംഗ്.