വെല്ലിംഗ്‌ടണ്‍: ന്യൂസിലന്‍ഡിന് എതിരായ രണ്ടാം ടെസ്റ്റില്‍ പേസര്‍ കെയ്‌ല്‍ ജാമീസണിന് മുന്നില്‍ തകര്‍ന്നടിഞ്ഞ് വിന്‍ഡീസ്. കിവികളുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 460 റണ്‍സ് പിന്തുടരുന്ന വിന്‍ഡീസ് രണ്ടാംദിനം അവസാനിച്ചപ്പോള്‍ എട്ട് വിക്കറ്റിന് 124 റണ്‍സെന്ന നിലയില്‍ പതറുകയാണ്. ന്യൂസിലന്‍ഡ് സ്‌കോറിനൊപ്പമെത്താന്‍ 336 റണ്‍സ് കൂടി വേണം ജേസന്‍ ഹോള്‍ഡര്‍ക്കും സംഘത്തിനും. ജോഷ്വ ഡി സില്‍വയും(2*), ചെമാര്‍ ഹോള്‍ഡറുമാണ്(5*) ക്രീസില്‍. 

അര്‍ധ സെഞ്ചുറി(92 പന്തില്‍ 69 റണ്‍സ്) നേടിയ ജെര്‍മൈന്‍ ബ്ലാക്ക്‌വുഡ് മാത്രമാണ് വെസ്റ്റ് ഇന്‍ഡീസിനായി പിടിച്ചുനിന്നത്. 14 റണ്‍സ് വീതം നേടിയ ജോണ്‍ കാംബെല്ലും, ഷമാര്‍ ബ്രൂക്ക്‌സുമാണ് ബ്ലാക്ക്‌വുഡിന് പുറമെ രണ്ടക്കം കണ്ട താരങ്ങള്‍. ക്രൈഗ് ബ്രാത്ത്‌വെയ്‌റ്റ്(0), ഡാരന്‍ ബ്രാവേ(7), റോസ്‌ടണ്‍ ചേസ്(0), ജേസന്‍ ഹോള്‍ഡര്‍(9), അല്‍സാരി ജോസഫ്(0) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ സ്‌കോര്‍. ഉയരക്കാരന്‍ കെയ്‌ല്‍ ജാമീസണ്‍ 13 ഓവറില്‍ 34 റണ്‍സിന് അഞ്ച് വിക്കറ്റും ടിം സൗത്തി 16 ഓവറില്‍ 29 റണ്‍സിന് മൂന്ന് വിക്കറ്റും വീഴ്‌ത്തി. 

ഇന്ത്യ തിരിച്ചടിക്കുന്നു, ഗില്ലിന് അര്‍ധ സെഞ്ചുറി; മികച്ച ലീഡിലേക്ക്

ആറ് വിക്കറ്റിന് 294 റണ്‍സെന്ന നിലയില്‍ രണ്ടാംദിനം തുടങ്ങിയ ന്യൂസിലന്‍ഡിനെ സെഞ്ചുറി വീരന്‍ ഹെന്‍‌റി നിക്കോള്‍സും വാലറ്റക്കാരന്‍ നീല്‍ വാഗ്‌നറും ചേര്‍ന്ന് മികച്ച സ്‌കോറിലെത്തിക്കുകയായിരുന്നു. 117 റണ്‍സില്‍ ബാറ്റിംഗ് പുനരാരംഭിച്ച നിക്കോള്‍സ് 174 റണ്‍സെടുത്തു. കരിയറില്‍ നിക്കോള്‍സിന്‍റെ ഉയര്‍‍ന്ന സ്‌കോറാണിത്. ജാമീസണ്‍ 20 ഉം, സൗത്തി 11 ഉം, ബോള്‍ട്ട് ആറും റണ്‍സെടുത്ത് മടങ്ങി. എന്നാല്‍ 42 പന്തില്‍ എട്ട് ഫോറും നാല് സിക്‌സും സഹിതം 66 റണ്‍സ് വെടിക്കെട്ടുമായി വാഗ്‌നര്‍ പുറത്താകാതെ നിന്നു. 

ബേസിന്‍ റിസേര്‍വില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡിന് ആറ് വിക്കറ്റുകള്‍ ആദ്യദിനം നഷ്‌ടമായിരുന്നു. ടോം ലാഥം(27), ടോം ബ്ലന്‍ഡല്‍(14), റോസ് ടെയ്‌ലര്‍(9), വില്‍ യങ്(43), ബിജെ വാട്‌ലിംഗ്(30), ഡാരി മിച്ചല്‍(42) എന്നിവരുടെ വിക്കറ്റുകളാണ് ആദ്യദിനം വീണത്. വിന്‍ഡീസിനായി ഷാനോന്‍ ഗബ്രിയേലും അല്‍സാരി ജോസഫും മൂന്ന് വീതവും ചെമാര്‍ ഹോള്‍ഡറും റോസ്‌ടണ്‍ ചേസും രണ്ട് വീതവും വിക്കറ്റ് നേടി. 

സിക്സടിച്ച് ഫിഫ്റ്റി, ആദ്യ പന്തില്‍ വിക്കറ്റും; കാണാം ബുമ്രയുടെ മാസും ക്ലാസും