ഓക്‌ലന്‍ഡ്: ഓക്‌ലന്‍ഡ് ഏകദിനത്തിന് മുന്‍പ് വാര്‍ത്തകളില്‍ നിറഞ്ഞ താരമാണ് ന്യൂസിലന്‍ഡ് പേസര്‍ കെയ്‌ല്‍ ജമൈസണ്‍. ന്യൂസിലന്‍ഡിലെ ഏറ്റവും ഉയരക്കാരനായ പേസര്‍ ഇന്ത്യയെ വിറപ്പിക്കുമെന്നായിരുന്നു പ്രവചനങ്ങള്‍. ഒടുവില്‍ അതുതന്നെ സംഭവിച്ചു.

Read more: സൈനി- ജഡേജ സഖ്യത്തിന്റെ പോരാട്ടം പാഴായി; ഇന്ത്യക്കെതിരായ ഏകദിന പരമ്പര ന്യൂസിലന്‍ഡിന്

അരങ്ങേറ്റത്തില്‍ ഓപ്പണര്‍ പൃഥ്വി ഷായെ ബൗള്‍ഡാക്കിയാണ് ജമൈസണ്‍ തുടങ്ങിയത്. അതും ആദ്യ ഓവറില്‍ മൂന്ന് ബൗണ്ടറിയുമായി തുടങ്ങിയ ഷായെ. മത്സരത്തില്‍ 10 ഓവര്‍ എറിഞ്ഞ താരം 42 റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് വീഴ്‌ത്തി. വാലറ്റത്ത് ജഡേജക്കൊപ്പം പൊരുതിയ നവ്‌ദീപ് സെയ്‌നിയാണ് ജമൈസണിന്‍റെ പന്തില്‍ പുറത്തായ രണ്ടാമത്തെ താരം. ഷാ 19 പന്തില്‍ 24 റണ്‍സും സെയ്‌നി 49 പന്തില്‍ 45 റണ്‍സും നേടി. 

നേരത്തെ ബാറ്റിംഗിലും ജമൈസണ്‍ മിന്നലായിരുന്നു. കൂട്ടത്തകര്‍ച്ച നേരിട്ട ന്യൂസിലന്‍ഡിനെ റോസ് ടെയ്‌ലര്‍ക്കൊപ്പം ഭേദപ്പെട്ട സ്‌കോറിലെത്താന്‍(273-8) സഹായിച്ചത് ജമൈസണിന്‍റെ ഇന്നിംഗ്‌സാണ്. ടെയ്‌ലര്‍ 74 പന്തില്‍ 73 റണ്‍സെടുത്തും ജമൈസണ്‍ 24 പന്തില്‍ 25 റണ്‍സെടുത്തും പുറത്താകാതെ നിന്നു. ഇതോടെ കളിയിലെ താരമായി കെയ്‌ല്‍ ജമൈസണ്‍ തെരഞ്ഞെടുക്കപ്പെട്ടു. 

Read more: തോറ്റിട്ടും തോല്‍ക്കാത്ത പോരാട്ടവീര്യം. ജഡേജയെ പ്രശംസ കൊണ്ടുമൂടി ആരാധകര്‍

ന്യൂസിലന്‍ഡിനായി ഏകദിന അരങ്ങേറ്റത്തില്‍ മാന്‍ ഓഫ് ദ് മാച്ച് പുരസ്‌കാരം നേടുന്ന രണ്ടാമത്തെ താരമെന്ന നേട്ടത്തിലെത്തി ജമൈസണ്‍. 2011ല്‍ സിംബാബ്‌വെക്കെതിരെ അരങ്ങേറ്റത്തില്‍ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ട റോബ് നിക്കോള്‍ ആണ് ആദ്യതാരം. ഉയരംകൊണ്ട് 'കില്ലാ'യെന്നും 'ടു മീറ്റര്‍ പീറ്റര്‍' എന്നുമാണ് കെയ്ല്‍ ജമൈസണിന്‍റെ വിളിപ്പേര്. ആറടി എട്ടിഞ്ചുകാരനാണ്(2.03 മീറ്റര്‍) ജമൈസണ്‍.