ഓക്‌ലന്‍ഡ്: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ ബാറ്റുകൊണ്ട് വീരോചിത ചെറുത്തുനില്‍പ് നടത്തിയ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെ വാഴ്‌ത്തി ആരാധകര്‍. ഓക്‌ലന്‍ഡില്‍ തോറ്റ് ടീം ഇന്ത്യ പരമ്പര നഷ്‌ടമാക്കിയെങ്കിലും ജഡേജയ്‌ക്ക് ഹീറോ പരിവേഷം നല്‍കുകയാണ് ആരാധകര്‍. 

ഓക്‌ലന്‍ഡില്‍ ഏഴാമനായി ഇറങ്ങിയ രവീന്ദ്ര ജഡേജ അര്‍ധ സെഞ്ചുറി നേടിയിരുന്നു. 73 പന്ത് നേരിട്ട താരം രണ്ട് ബൗണ്ടറിയും ഒരു സിക്‌സും സഹിതം 55 റണ്‍സെടുത്ത് പുറത്തായി. 129 റണ്‍സില്‍ ആറ് വിക്കറ്റ് നഷ്‌ടമായ ടീമിനെ വാലറ്റത്തെ കൂട്ടുപിടിച്ച് കരകയറ്റുകയായിരുന്നു ജഡേജ. ജിമ്മി നീഷാം എറിഞ്ഞ 49-ാം ഓവറിലെ മൂന്നാം പന്തില്‍ അവസാനക്കാരനായി ജഡേജ ഗ്രാന്‍‌ഹോമിന് ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു. 

മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ തുടര്‍ച്ചയായ രണ്ടാം ജയം സ്വന്തമാക്കിയതോടെയാണ് ന്യൂസിലന്‍ഡ് പരമ്പര സ്വന്തമാക്കിയത്. ഓക്‌ലന്‍ഡില്‍ 22 റണ്‍സിനായിരുന്നു ആതിഥേയരുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ന്യൂസിലന്‍ഡ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 273 റണ്‍സെടുത്തു. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 48.3 ഓവറില്‍ 251ന് എല്ലാവരും പുറത്തായി. ശ്രേയസ് അയ്യര്‍ 52 റണ്‍സെടുത്തു. ജഡേജയ്‌ക്കൊപ്പം വാലറ്റത്ത് നവ്ദീപ് സൈനി(45), ശാര്‍ദുല്‍ ഠാക്കൂര്‍(18) എന്നിവര്‍ പോരാടി. 

നേരത്തെ വാലറ്റത്തെ കൂട്ടുപിടിച്ച് രണ്ടാം മത്സരത്തിലും മികവ് കാട്ടിയ റോസ് ടെയ്‌ലറാണ് കിവികളെ 273-8 എന്ന ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. ഹെന്‍‌റി നിക്കോള്‍സ്(41), ടോം ബ്ലണ്ടല്‍ (22), മാര്‍ട്ടിന്‍ ഗപ്റ്റില്‍ (79), ടോം ലാഥം (7), ജയിംസ് നീഷാം (3), കോളിന്‍ ഡി ഗ്രാന്‍ഹോം (5), മാര്‍ക് ചാപ്മാന്‍ (1), ടിം സൗത്തി (3) എന്നിവരുടെ വിക്കറ്റുകളാണ് ന്യൂസിലന്‍ഡിന് നഷ്ടമായത്. കെയ്ല്‍ ജാമിസണ്‍ (24 പന്തില്‍ 25) ടെയ്‌ലര്‍ക്കൊപ്പം പുറത്താവാതെ നിന്നു. ടെയ്‌‌ലര്‍- ജാമിസണ്‍ സഖ്യം77 റണ്‍സ് കൂട്ടിച്ചേര്‍ത്തു.