സിഡ്‌നി: ടെസ്റ്റ് ക്രിക്കറ്റിലെ മികച്ച ബാറ്റ്‌സ്മാന്മാര്‍ ആരെന്ന് ചോദിച്ചാല്‍ ഉത്തരം പറയുക ബുദ്ധിമുട്ടാവും. സ്റ്റീവ് സ്മിത്ത്, വിരാട് കോലി, കെയ്ന്‍ വില്യംസണ്‍ എന്നിങ്ങനെ പോകുന്നു നിര. എന്നാലിപ്പോള്‍ സ്മിത്ത്- കോലി എന്നിവരില്‍ ആരാണ് മികച്ച ടെസ്റ്റ് താരാമെന്ന് വ്യക്തമാക്കിയിരിക്കുകയാണ്് ഓസ്‌ട്രേലിയന്‍ താരം മര്‍നസ് ലബുഷാനെ. ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ സ്മിത്ത് ഒന്നാമതും കോലി രണ്ടാം സ്ഥാനത്തുമാണ്.

ടെസ്റ്റ് ക്രിക്കറ്റില്‍ കോലിയേക്കാള്‍ മികച്ച താരം സ്മിത്താണെന്നാണ് ലബുഷാനെ പറയുന്നത്. ഓസീസ് താരത്തിന്റെ വാക്കുകള്‍... ''ഇന്ത്യയില്‍ കളിക്കുമ്പോള്‍ എങ്ങനെ റണ്‍സെടുക്കണമെന്ന് സ്മിത്തിനിറയാം. ദക്ഷിണാഫ്രിക്കയിലും ഇംഗ്ലണ്ടിനും സ്മിത്ത് മികച്ച പ്രകടനം പുറത്തെടുക്കും. ഏതൊരു സാഹചര്യത്തിലും റണ്‍സെടുക്കാന്‍ സ്മിത്തിന് സാധിക്കും. ആ പ്രകടനത്തിനാണ് താരത്തെ തേടി ഐസിസി ഒന്നാം റാങ്കെത്തിയത്. കോലിയും ഇതുതന്നെയാണ് ചെയ്യുന്നത്. എന്നാല്‍ ആരാണ് മികച്ചതെന്ന് ചോദിച്ചാല്‍ സ്മിത്ത് എന്ന പേര് മാത്രമെ പറയാന്‍ പറ്റൂ. 

എന്നാല്‍ നിശ്ചിത ഓവര്‍ ക്രിക്കറ്റിലെത്തിയാല്‍ അസാധരണ മികവാണ് കോലി പുറത്തെടുക്കുന്നത്. പ്രതിഭാസമാണ് അദ്ദേഹം. റണ്‍ ചേസിങ്ങും മത്സരങ്ങള്‍ ഫിനിഷ് ചെയ്യുന്നതുമെല്ലാം അഭിനന്ദിക്കേണ്ടിയിരിക്കുന്നു. കോലിയില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിച്ചു. '' ലബുഷാനെ പറഞ്ഞു. 

ഇപ്പോള്‍ ഇംഗ്ലണ്ട് പരമ്പരയ്ക്ക് തയ്യാറെടുക്കുകയാണ് താരം. സെപ്റ്റംബറിലാണ് പരമ്പര നടക്കേണ്ടത്. എന്നാല്‍ ഇരു ക്രിക്കറ്റ് ബോര്‍ഡുകളും സമ്മതിച്ചാല്‍ മാത്രമെ പരമ്പര നടക്കൂ. മൂന്ന് വീതം ഏകദിനങ്ങളും ടി20കളുമാണ് ഓസീസ് ഇംഗ്ലണ്ടില്‍ കളിക്കുക.