ചണ്ഡീഗഡ്: കിഴക്കൻ ലഡാക്കിൽ നിയന്ത്രണ രേഖയോടു ചേർന്നുള്ള ഗൽവാൻ താഴ്‌വരയിൽ ചൈനയുമായുള്ള സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികര്‍ വീരമൃത്യു വരിച്ച സംഭവത്തില്‍ ശക്തമായ ഭാഷയില്‍ പ്രതികരിച്ച് ഇന്ത്യന്‍ കായികലോകം. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ നിരോധിക്കണമെന്ന് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗ് ട്വീറ്റ് ചെയ്തു. #BoycottChineseProducts  എന്ന ഹാഷ് ടാഗോടെയാണ് ഹര്‍ഭജന്റെ ട്വീറ്റ്.

രാജ്യത്തിനായി മുന്നില്‍ നിന്ന് പടനയിച്ച് വീരമൃത്യുവരിച്ച 20 സൈനികരുടെ മരണത്തില്‍ അഗാധ ദു:ഖം രേഖപ്പെടുത്തിയ സുരേഷ് റെയ്ന രാജ്യം ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയമാണിതെന്നും ഈ സംഭവം ഒരിക്കലും മറക്കില്ലെന്നും ട്വിറ്ററില്‍ കുറിച്ചു. സൈന്യത്തിനൊപ്പം എന്ന ഹാഷ് ടാഗോടെയാണ് റെയ്നയുടെ ട്വീറ്റ്.

രാജ്യത്തിനായി ജീവത്യാഗം ചെയ്ത ധീരസൈനികരെ രാജ്യം ഒരിക്കലും മറക്കില്ലെന്ന് പറഞ്ഞ ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍ മരിച്ച സൈനികരുടെ കുടുംബാഗങ്ങളുടെ ദു:ഖത്തില്‍ പങ്കുചേരുന്നുവെന്നും വ്യക്തമാക്കി.

സംഘര്‍ഷത്തില്‍ മരിച്ച ലഫ് കേണല്‍ സന്തോഷ് ബാബുവിന്റെ കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നുവെന്ന് പരഞ്ഞ സെവാഗ് ലോകം മുഴുവന്‍ കൊറോണ പോലെയൊരു മഹാമാരിയെ നേരിടുമ്പോള്‍ ഇത് സംഭവിക്കാന്‍ പാടില്ലായിരുന്നുവെന്ന് വ്യക്തമാക്കി. ചൈന ഇനിയെങ്കിലും മെച്ചപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സെവാഗ് പറഞ്ഞു.

ചൈനയുമായുള്ള സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചതിനു പിന്നാലെ ചൈനീസ് പ്രകോപനത്തെ ശക്തമായ ഭാഷയിൽ അപലപിച്ചും ഇന്ത്യന്‍ സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചും ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലി, രോഹിത് ശര്‍മ, ഇര്‍ഫാന്‍ പത്താന്‍, യുവരാജ് സിംഗ് ഇഷാന്ത് ശര്‍മ, ബാഡ്മിന്റണ്‍ താരം സൈന നെഹ്‌വാള്‍ എന്നിവരും  നേരത്തെ രംഗത്തെത്തിയിരുന്നു.