കൊളംബോ: ഏകദിന ക്രിക്കറ്റിൽ ശ്രീലങ്കൻ താരം ലസിത് മലിംഗയ്ക്ക് ഇന്ന് വിടവാങ്ങൽ മത്സരം. ബംഗ്ലാദേശിന് എതിരായ പരമ്പരയിലെ ആദ്യ മത്സരത്തോടെയാണ് മലിംഗയുടെ വിടവാങ്ങൽ. ഉച്ചയ്ക്ക് രണ്ടരയ്ക്ക് കൊളംബോയിലാണ് മത്സരം. ഷാകിബ് അൽ ഹസൻ, മഷ്റഫെ മൊർതാസ, ലിറ്റൺ ദാസ് എന്നിവരില്ലാതെയാണ് ബംഗ്ലാദേശ് കളിക്കുന്നത്. തമീം ഇഖ്‌ബാലാണ് ബംഗ്ലാദേശിനെ നയിക്കുന്നത്. 

മലിംഗയ്ക്ക് ജയത്തോടെ യാത്രയയപ്പ് നൽകുകയാണ് ശ്രീലങ്കയുടെ ലക്ഷ്യം. ഏകദിനത്തിൽ ശ്രീലങ്കയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ മൂന്നാമത്തെ ബൗളറാണ് മലിംഗ. മൂന്ന് ഹാട്രിക്ക് ഉൾപ്പടെ 335 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്. ലോകകപ്പിൽ മാത്രം 56 വിക്കറ്റ് നേടി. ടെസ്റ്റിൽ നിന്ന് നേരത്തേ വിരമിച്ച മലിംഗ ട്വന്‍റി 20യിൽ തുടർന്നും കളിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന്‍റെ താരമാണ് 35കാരനായ മലിംഗ.