സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യുന്നതിലെ കിഷന്‍റെ പോരായ്മയും ആദ്യ രണ്ട് മത്സരങ്ങളിലും മുഴച്ചു നിന്നുവെങ്കിലും മറ്റ് ബാറ്റര്‍മാരെല്ലാം പരാജയപ്പെട്ടിടത്ത് രണ്ട് അര്‍ധസെഞ്ചുറികള്‍ നേടിയെന്നത് കിഷന് ലോകകപ്പ് ടീമില്‍ സ‍്ജുവിനു മേല്‍ മുന്‍തൂക്കം നല്‍കുന്നു.

ട്രിനിഡാഡ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിന് ഇന്ത്യ നാളെ ഇറങ്ങുമ്പോള്‍ ഏകദിന ലോകകപ്പിനുള്ള ടീമിലെത്താന്‍ മലയാളി താരം സ‍ഞ്ജു സാംസണും ടി20യിലെ ഒന്നാം നമ്പര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവിനുമുള്ള അവസാന അവസരമാണിത്. വിന്‍ഡീസിനെതിരായ ആദ്യ രണ്ട് ഏകദിനങ്ങളിലും ഇഷാന്‍ കിഷനെ ഓപ്പണറാക്കുകയും രണ്ട് മത്സരങ്ങളിലും കിഷന്‍ അര്‍ധസെഞ്ചുറി നേടുകയും ചെയ്തതോടെ ലോകകപ്പ് ടീമിലെ രണ്ടാം വിക്കറ്റ് കീപ്പര്‍ സ്ഥാനം കിഷന്‍ ഏറെക്കുറെ ഉറപ്പിച്ചിട്ടുണ്ട്.

എന്നാല്‍ ഒരു മത്സരത്തില്‍ മാത്രം അവസരം ലഭിച്ച സഞ്ജുവിന് രണ്ടാം മത്സരത്തില്‍ തിളങ്ങാന്‍ കഴിയാതിരുന്നതോടെ കടുത്ത സമ്മര്‍ദ്ദമാവുകയും ചെയ്തു. ഏകദിന ലോകകപ്പില്‍ രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലുമായിരിക്കും ഇന്ത്യക്കായി ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുക എന്ന കാര്യം ഉറപ്പാണ്. ഇഷാന്‍ കിഷന്‍ കളിക്കുകയാണെങ്കിലും നാലാം നമ്പറിലോ മധ്യനിരയിലോ കളിക്കാനിടയുള്ളു. എന്നാല്‍ വിന്‍ഡീസിലെ സ്പിന്‍ പിച്ചില്‍ ഓപ്പണറാക്കിയതിലൂടെ സ്പിന്‍ ആക്രമണം തുടങ്ങും മുമ്പെ ഇഷാന്‍ കിഷന് രണ്ട് മത്സരങ്ങളിലും റണ്‍സടിക്കാന്‍ കഴിഞ്ഞു. രണ്ടാം മത്സരത്തില്‍ പേസറുടെ പന്തിലാണ് പുറത്തായതെങ്കിലും ആദ്യ രണ്ട് മത്സരങ്ങിലും 17 ഓവറിനപ്പുറം കടക്കാന്‍ കിഷനായിരുന്നില്ല.

സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യുന്നതിലെ കിഷന്‍റെ പോരായ്മയും ആദ്യ രണ്ട് മത്സരങ്ങളിലും മുഴച്ചു നിന്നുവെങ്കിലും മറ്റ് ബാറ്റര്‍മാരെല്ലാം പരാജയപ്പെട്ടിടത്ത് രണ്ട് അര്‍ധസെഞ്ചുറികള്‍ നേടിയെന്നത് കിഷന് ലോകകപ്പ് ടീമില്‍ സ‍്ജുവിനു മേല്‍ മുന്‍തൂക്കം നല്‍കുന്നു. എന്നാല്‍ ലോകകപ്പ് ടീമില്‍ മധ്യനിരയില്‍ കളിക്കേണ്ട കിഷനെ ഓപ്പണറായി കളിപ്പിച്ചതിലൂടെ മറ്റൊരു സന്ദേശം കൂടി രോഹിത് നല്‍കാന്‍ ആഗ്രഹിക്കുന്നു. ഇടം കൈ വലം കൈ ഓപ്പണിംഗ് സഖ്യം വേണ്ട ഘട്ടത്തില്‍ കിഷനെ ഓപ്പണറായും പരിഗണിക്കാമെന്നതാണ് അത്. കെ എല്‍ രാഹുല്‍ പ്രധാന വിക്കറ്റ് കീപ്പറായി ലോകകപ്പ് ടീമിലെത്തുമ്പോള്‍ രണ്ടാം വിക്കറ്റ് കീപ്പറാവാനുള്ള മത്സരത്തില്‍ സഞ്ജുവിന് മേല്‍ ഇഷാന്‍ കിഷന്‍ വ്യക്തമായ മുന്‍തൂക്കം നേടിയെന്നത് ചുരുക്കം.

രണ്ട് വര്‍ഷം പഞ്ചാബ് ടീമില്‍, എന്നിട്ടും സ്റ്റുവര്‍ട്ട് ബ്രോഡ് ഒറ്റ ഐപിഎല്‍ മത്സരം പോലും കളിക്കാത്തതിന് കാരണം

മൂന്നാം ഏകദിനത്തിലെ മിന്നും പ്രകടനത്തിന് മാത്രമെ സഞ്ജുവിനെ ഏഷ്യാ കപ്പിനുള്ള ടീമിലേക്ക് പരിഗണിക്കാനുള്ള സാധ്യത കൂട്ടാനാവു. മറുവശത്ത് ശ്രേയസ് അയ്യര്‍ തിരിച്ചുവരവിന് തയാറെടുക്കുന്നതിനാല്‍ സൂര്യകുമാര്‍ യാദവിനും ഇത് അവസാന അവസരമാണ്. ടി20 ക്രിക്കറ്റിലെ ഒന്നാം നമ്പര്‍ ബാറ്റററും 46.52 ശരാശരിയുമുള്ള സൂര്യകുമാറിന്‍റെ ഏകദിനത്തിലെ ശരാശരി 23.8 മാത്രമാണ്. ഈ വര്‍ഷം കളിച്ച എട്ട് ഏകദിനങ്ങളില്‍ 68 റണ്‍സ് മാത്രമുള്ള സൂര്യയുടെ ശരാശരി 10ല്‍ താഴെയാണ്. ഏകദിനത്തില്‍ രണ്ട് അര്‍ധസെഞ്ചുറി മാത്രമുള്ള സൂര്യക്ക് 20-25 പന്തുകള്‍ക്ക് അപ്പുറം കളിക്കാനാവുന്നില്ലെന്നതും വെല്ലുവിളിയാണ്. ഏകദിന ക്രിക്കറ്റില്‍ 50ന് മുകളില്‍ ശരാശരിയുള്ള ശ്രേയസ് അയ്യര്‍ തിരിച്ചെത്തിയാല്‍ നാലാം നമ്പറില്‍ സൂര്യയുടെ സാധ്യത മങ്ങും.