ലതാ മങ്കേഷ്കറുടെ ജീവിതത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ താന്‍ തികച്ചും ഭാഗ്യവാനാണെന്നും അവരുടെ സ്നേഹവും അനുഗ്രവും തനിക്ക് വാരിക്കോരി നല്‍കിയെന്നും സച്ചിന് ടെന്‍ഡുല്‍ക്കര്‍ അനുസ്മരിച്ചു.
മുംബൈ: ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്കറുടെ (Lata Mangeshkar) വിയോഗത്തിൽ ആദരാഞ്ജലി അര്‍പ്പിച്ച് ക്രിക്കറ്റ് ലോകം. ലതാ മങ്കേഷ്കര്‍ പാടിയ ആയിരക്കണക്കിന് മെലഡികള്‍ ലോകത്തെ ലക്ഷക്കണക്കിനാളുകളുടെ ഹൃദയത്തില്‍ ഇന്നും ജീവനോടെ ഇരിക്കുന്നുവെന്നും ലോകത്തിന് നല്കിയ പാട്ടിനും ഓര്‍മകള്‍ക്കും നന്ദി പറയുന്നുവെന്നും മുന്‍ ഇന്ത്യന്‍ നായകന് വിരാട് കോലി(Virat Kohli) ട്വിറ്ററില്‍ കുറിച്ചു.
ലതാ മങ്കേഷ്കറുടെ ജീവിതത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ താന്‍ തികച്ചും ഭാഗ്യവാനാണെന്നും അവരുടെ സ്നേഹവും അനുഗ്രവും തനിക്ക് വാരിക്കോരി നല്‍കിയെന്നും സച്ചിന് ടെന്‍ഡുല്‍ക്കര്‍(Sachin Tendulkar) അനുസ്മരിച്ചു. ലതാ മങ്കേഷ്കറുടെ വിയോഗം തന്റെ ജീവിതത്തിന്റെ ഒരു ഭാഗം നഷ്ടമായതുപോലെയാണെന്നും നമ്മുടെയെല്ലാം ഹൃദയത്തില്‍ അവരുടെ സംഗീതം എക്കാലവും നിലനില്‍ക്കുമെന്നും സച്ചിന് ട്വിറ്ററില്‍ കുറിച്ചു.
ലതാജിയുടെ പാട്ടുകള്‍ക്കും ഓര്‍മകള്‍ക്കും മരണമില്ലെന്ന് മുന്‍ ഇന്ത്യന്‍ താരം വിവിഎസ് ലക്ഷ്മണ് ട്വീറ്റ് ചെയ്തു.
സുവര്‍ണയുഗത്തിന്റെ അന്ത്യമെന്നായിരുന്നു പാക് നായകന് ബാബര്‍ അസം ലതാ മങ്കേഷ്കറെ അനുസ്മരിച്ച് ട്വീറ്റ് ചെയ്തത്. അവരുടെ മാന്ത്രികശബ്ദവും പ്രഭാവവും ലോകമെമ്പാടുമുള്ള ലക്ഷകണക്കിനാളുകളുടെ ഹൃദയത്തില്‍ എക്കാലവും നിലനില്‍ക്കുമെന്നും സമാനതകളില്ലാത്ത പ്രതിഭാസമായിരുന്നു ലതാ മങ്കേഷ്കറെന്നും ബാബര്‍ കുറിച്ചു.
പാക് മുന്‍ നായകനും ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാനുമായ റമീസ് രാജ, ശ്രീലങ്കന്‍ നായകന് ദിമുത് കരുണരത്നെ, മുന്‍ വിന്‍ഡീസ് താരം ഡാരന്‍ ഗംഗ, ഇന്ത്യന്‍ താരം ആര് അശ്വിന്, ഹര്ഭജന് സിംഗ്, ഗൗതം ഗംഭീര്‍ എന്നിവരും ലതാ മങ്കേഷ്കറുടെ വിയോഗത്തില്‍ അനുശോചിച്ചു. ക്രിക്കറ്റ് ലോകത്തിന്റെ പ്രതികരണങ്ങളിലൂടെ.
