ദുബായ്: ഐസിസി ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ഇന്ത്യന്‍ നായകന്‍ വിരാട് കോലി. 928 റേറ്റിംഗ് പോയന്റുമായാണ് കോലി റാങ്കിംഗില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. ഓസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്ത് 911 പോയന്റുമായി രണ്ടാം സ്ഥാനത്ത് തന്നെയാണ്. രണ്ടാം സ്ഥാനത്തുള്ള സ്മിത്തുമായി 17 റേറ്റിംഗ് പോയന്റിന്റെ മാത്രം അകലമുള്ള കോലിക്ക് 21ന് ന്യൂസിലന്‍ഡ‍ിനെതിരെ തുടങ്ങുന്ന ടെസ്റ്റ് പരമ്പരയില്‍ മികച്ച പ്രകടനം പുറത്തെടുക്കേണ്ടത് നിര്‍ണായകമാണ്.

ഓസ്ട്രേലിയക്ക് സമീപകാലത്ത് ടെസ്റ്റ് മത്സരങ്ങളൊന്നുമില്ലാത്തത് കോലിക്ക് നേട്ടമാണ്. ബംഗ്ലാദേശിനെതിരായ മികച്ച പ്രകടനത്തോടെ പാക് താരം ബാബര്‍ അസം രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി അഞ്ചാം സ്ഥാനത്തെത്തിയതാണ് ആദ്യ പത്തിലെ പ്രധാന മാറ്റം. എന്നാല്‍ ആദ്യ നാലില്‍ മാറ്റങ്ങളൊന്നുമില്ല. കോലി സ്മിത്ത്, ലാബുഷെയ്ന്‍, കെയ്ന്‍ വില്യംസണ്‍ എന്നിവരാണ് ആദ്യ നാലില്‍.

ഡേവിഡ് വാര്‍ണര്‍ ആറാം സ്ഥാനത്തേക്കിറങ്ങിയപ്പോള്‍ ഇന്ത്യയുടെ ചേതേശ്വര്‍ പൂജാര ഏഴാം സ്ഥാനത്തായി. ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ അജിങ്ക്യാ രഹാനെ ഒമ്പതാം സ്ഥാനത്താണ്. ജോ റൂട്ട് എട്ടാമതും ബെന്‍ സ്റ്റോക്സ് പത്താമതുമുണ്ട്.ബൗളിംഗ് റാങ്കിംഗില്‍ ജസ്പ്രീത് ബുമ്ര ആറാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ അശ്വിന്‍ എട്ടാമതും മുഹമ്മദ് ഷമി ഒമ്പതാം സ്ഥാനത്തുമാണ്.

ഓസീസിന്റെ പാറ്റ് കമിന്‍സാണ് ഒന്നാം സ്ഥാനത്ത്. കിവീസിന്റെ നീല്‍ വാഗ്നര്‍ രണ്ടാം സ്ഥാനത്തുണ്ട്. ടീം റാങ്കിംഗില്‍ ഇന്ത്യ ഒന്നാമതും ഓസീസ് രണ്ടാമതുമാണ്. ഓള്‍ റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ ജഡേജ മൂന്നാമതും അശ്വിന്‍ നാലാമതുമുണ്ട്.