2019ല്‍ ദക്ഷിണാഫ്രിക്കക്കെതിരായ റാഞ്ചി ടെസ്റ്റില്‍ അരങ്ങേറിയ ഷഹബാസ് രണ്ട് ഇന്നിംഗ്സില്‍ നിന്നായി നാലു വിക്കറ്റ് വീഴ്ത്തി തിളങ്ങിയെങ്കിലും പിന്നീട് ഇന്ത്യൻ ടീമില്‍ അവസരം ലഭിച്ചില്ല.

റാഞ്ചി: ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ഷഹബാസ് നദീം. രണ്ട് ദശകം നീണ്ട ഫസ്റ്റ് ക്ലാസ് കരിയറില്‍ 500 വിക്കറ്റ് വീഴ്ത്തിയെങ്കിലും ഇന്ത്യക്കായി രണ്ടേ രണ്ട് ടെസ്റ്റ് മത്സരങ്ങളില്‍ മാത്രമാണ് ഷഹബാസിന് കരിയറില്‍ കളിക്കാനായത്. രണ്ട് ടെസ്റ്റുകളില്‍ നിന്ന് എട്ടു വിക്കറ്റാണ് ഷഹബാസിന്‍റെ സമ്പാദ്യം. 2004ല്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറിയ ഷഹബാസ് 15 വര്‍ഷം കഴിഞ്ഞ് 2019ലാണ് ഇന്ത്യക്കായി ആദ്യ ടെസ്റ്റ് കളിച്ചത്.

2019ല്‍ ദക്ഷിണാഫ്രിക്കക്കെതിരായ റാഞ്ചി ടെസ്റ്റില്‍ അരങ്ങേറിയ ഷഹബാസ് രണ്ട് ഇന്നിംഗ്സില്‍ നിന്നായി നാലു വിക്കറ്റ് വീഴ്ത്തി തിളങ്ങിയെങ്കിലും പിന്നീട് ഇന്ത്യൻ ടീമില്‍ അവസരം ലഭിച്ചില്ല. രണ്ട് വര്‍ഷത്തിനുശേഷം 2021ല്‍ ഇംഗ്ലണ്ടിനെതിരെ ഒരു ടെസ്റ്റില്‍ കൂടി ഷഹബാസ് പിന്നീട് ഇന്ത്യക്കായി കളിച്ചു. ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനായും സണ്‍റൈസേഴ്സ് ഹൈദരാബാദിനായും 72 മത്സരങ്ങളില്‍ ഷഹബാസ് കളിച്ചിട്ടുണ്ട്.

ടീം സെലക്ഷനില്‍ ഇന്ത്യയെ കണ്‍ഫ്യൂഷനിലാക്കി ധരംശാല, രഞജി മത്സരങ്ങളില്‍ വിക്കറ്റ് വേട്ട നടത്തിയത് പേസര്‍മാര്‍

ഇന്ത്യക്കായി കളിക്കാന്‍ കഴിയുമെന്ന പ്രതീക്ഷ ഇല്ലാതായതോടെ കളിക്കാനുള്ള പ്രചോദനം നഷ്ടമായെന്നും യുവാതരങ്ങള്‍ക്ക് അവസരം നല്‍കാനായി മാറിനില്‍ക്കുകയാണെന്നും ഷഹബാസ് ക്രിക് ഇന്‍ഫോയോട് പറഞ്ഞു. ടി20 ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ സജീവമാകാനാണ് ഇനി പദ്ധതിയെന്നും ഷഹബാസ് വ്യക്തമാക്കി.

View post on Instagram

2015-2016, 2016, 2017 രഞ്ജി സീസണുകളില്‍ വിക്കറ്റ് വേട്ടയില്‍ ഒന്നാമതായിരുന്നു ഷഹബാസ്. 2018ലെ വിജയ് ഹസാരെ ട്രോഫിയിലും വിക്കറ്റ് വേട്ടയില്‍ മുന്നിലെത്തി. 2013 മുതല്‍ 2020വരെ ഇന്ത്യ എക്കായി കളിച്ച ഷഹബാസ് 83 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. രഞ്ജി ട്രോഫിയില്‍ എക്കാലത്തെയും മികച്ച വിക്കറ്റ് വേട്ടക്കാരില്‍ 416 വിക്കറ്റുമായി എട്ടാമതാണ് ഷഹബാസ്.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 140 മത്സരങ്ങളില്‍ 542 വിക്കറ്റാണ് ഷഹബാസിന്‍റെ പേരിലുള്ളത്. ടി20 ക്രിക്കറ്റില്‍ 125 വിക്കറ്റുകളും ലിസ്റ്റ് എ ഏകദിന ക്രിക്കറ്റില്‍ 175 വിക്കറ്റുകളും ഷഹബാസ് വീഴ്ത്തിയിട്ടുണ്ട്. ഇന്ത്യൻ ടീമില്‍ രവീന്ദ്ര ജഡേജ കത്തി നില്‍ക്കുന്ന കാലത്ത് കളിച്ചതാണ് ഇന്ത്യന്‍ ടീമില്‍ ഷഹബാസിന് കൂടുതല്‍ അവസരം ലഭിക്കാതിരുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക