ധരംശാലയിലെ മൂടിക്കെട്ടിയ തണുത്ത അന്തരീക്ഷം പേസര്‍മാരെ തുണക്കുമെന്നാണ് പൊതുവെ വിലയിരുത്തല്‍. അതുപോലെ മുൻ മത്സരങ്ങളിലേതുപോലെയായിരിക്കില്ല ധരംശാലയിലെ പിച്ചില്‍ നിന്ന് പേസര്‍മാര്‍ക്ക് വേഗവും ബൗണ്‍സും ലഭിക്കും.

ധരംശാല: ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റിന് നാളെ ധരംശാലയില്‍ തുടക്കമാകുമ്പോള്‍ ഇന്ത്യന്‍ ടീം ആകെ കണ്‍ഫ്യൂഷനിലാണ്. പ്ലേയിംഗ് ഇലവനില്‍ മൂന്ന് സ്പിന്നര്‍മാര്‍ വേണോ മൂന്ന് പേസര്‍മാര്‍ വേണോ എന്നതാണ് ഇന്ത്യയെ ആശയക്കുഴപ്പത്തിലാക്കുന്നത്. ഇതിനു മുമ്പ് 2017ലാണ് ധരംശാല ടെസ്റ്റ് മത്സരത്തിന് വേദിയായത്. അന്ന് കുല്‍ദീപ് യാദവാണ് അഞ്ച് വിക്കറ്റ് വീഴ്ത്തി തിളങ്ങിയത്. പരമ്പരയില്‍ ഇതുവരെ നടന്ന മത്സരങ്ങളെല്ലാം സ്പിന്നിനെ സഹായിക്കുന്ന സ്ലോ പിച്ചുകളായിരുന്നു. എന്നാല്‍ നാളെ ധരംശാലയില്‍ ഇറങ്ങുമ്പോള്‍ ഈ വര്‍ഷത്തെ ര‍ഞ്ജി മത്സരങ്ങളിലെ കണക്കുകള്‍ ഇന്ത്യക്ക് കാണാതിരിക്കാനാവില്ല. ഈ സീസണില്‍ നാല് രഞ്ജി മത്സരങ്ങള്‍ക്കാണ് ധരംശാല വേദിയായത്. അതില്‍ പേസര്‍മാര്‍ 814 ഓവറില്‍ 122 വിക്കറ്റുകള്‍ എറിഞ്ഞിട്ടു. ശരാശരി 23.17. എന്നാല്‍ 122.2 ഓവര്‍ എറഞ്ഞ സ്പിന്നര്‍മാര്‍ക്ക് വീഴ്ത്താനായത് വെറും ഏഴ് വിക്കറ്റുകള്‍ മാത്രമാണ്. ശരാശരി 58.42.

ധരംശാലയിലെ മൂടിക്കെട്ടിയ തണുത്ത അന്തരീക്ഷം പേസര്‍മാരെ തുണക്കുമെന്നാണ് പൊതുവെ വിലയിരുത്തല്‍. അതുപോലെ മുൻ മത്സരങ്ങളിലേതുപോലെയായിരിക്കില്ല ധരംശാലയിലെ പിച്ചില്‍ നിന്ന് പേസര്‍മാര്‍ക്ക് വേഗവും ബൗണ്‍സും ലഭിക്കും. മറ്റ് വേദികളിലെ പിച്ചുകളെ പോലെ വെയിലേറ്റ് വിണ്ടു കീറാനുള്ള സാധ്യതയും കുറവാണ്. ധരംശാലയുടെ ആകെയുള്ള ചരിത്രമെടുത്താലും പേസര്‍മാരാണ് മികവ് കാട്ടിയിട്ടുള്ളത്. ഇതുവരെ ഇവിടെ കളിച്ച 49 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ സ്പിന്നര്‍മാരുടെ ശരാശരി 41.02 ആണെങ്കില്‍ പേസര്‍മാര്‍ 27.90 ശരാശരിയിലാണ് വിക്കറ്റെടുത്തത്.

സഞ്ജുവിനും മുമ്പെ ടെസ്റ്റിൽ അരങ്ങേറാൻ മലയാളി താരം; ഇംഗ്ലണ്ടിനെതിരായ ധരംശാല ടെസ്റ്റില്‍ ഇന്ത്യയുടെ സാധ്യതാ ടീം

എന്നാല്‍ 2017ല്‍ ഇന്ത്യയും ഇംഗ്ലണ്ടും ഇവിടെ അവസാനം ഏറ്റുമുട്ടിയപ്പോള്‍ ആകെ വീണ 30 വിക്കറ്റില്‍ 18ഉം വീഴ്ത്തിയത് സ്പിന്നര്‍മാരായിരുന്നു. ആദ്യ ഇന്നിംഗ്സില്‍ അരങ്ങേറ്റക്കാരനായ കുല്‍ദീപ് യാദവ് നാലു വിക്കറ്റെടുത്തപ്പോള്‍ ഓസീസിനായി ആദ്യ ഇന്നിംഗ്സില്‍ നേഥന്‍ ലിയോണ്‍ അഞ്ച് വിക്കറ്റെടുത്തു. രണ്ടാം ഇന്നിംഗ്സില്‍ അശ്വിനും ജഡേജയും ചേര്‍ന്ന് ഇന്ത്യക്കായി ആറ് വിക്കറ്റ് പങ്കിട്ടു.

നാളെ തുടങ്ങുന്ന അഞ്ചാം ടെസ്റ്റില്‍ മൂന്ന് പേസര്‍മാരെ കളിപ്പിക്കാന്‍ തീരുമാനിച്ചാല്‍ ജസ്പ്രീത് ബുമ്രയും മുഹമ്മദ് സിറാജും ആകാശ് ദീപും ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തും. മൂന്ന് സ്പിന്നര്‍മാരെ കളിപ്പിക്കാന്‍ തീരുമാനിച്ചാല്‍ ആകാശ് ദീപ് പുറത്താവും. പകരം കഴിഞ്ഞ മത്സരത്തില്‍ തിളങ്ങിയ കുല്‍ദീപ് യാദവ് പ്ലേയിംഗ് ഇലവനിലെത്തും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക