പിസിബിയുമായിട്ടുള്ള കരാര്‍ കോര്‍ബിന്‍ ലംഘിച്ചുവെന്നാണ് വക്കീല്‍ നോട്ടിസിലെ പ്രധാന ആരോപണം.
ഇസ്ലാമാബാദ്: പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് (പിഎസ്എല്‍) കളിക്കാതെ ഐപിഎല്‍ കളിക്കാമെന്നേറ്റ ദക്ഷിണാഫ്രിക്കന്‍ താരം കാര്‍ബിന്‍ ബോഷിനെതിരെ നിയമനടപടിക്കൊരുങ്ങി പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. പിഎസ്എല്‍ ടീമായ പെഷവാര്‍ സാല്‍മി താരത്തെ ടീമിലെടുത്തിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം താരം മുംബൈ ഇന്ത്യന്‍സില്‍ കളിക്കാന്‍ കരാര്‍ ഒപ്പിട്ടിരുന്നു. ഇതോടെയാണ് ബോഷിനെതിരെ പിസിബി നിയമ നടപടിക്കൊരുങ്ങുന്നത്. ഇതിന്റെ ഭാഗമായി താരത്തിന് വക്കീല്‍ നോട്ടിസ് അയച്ചു.
പിസിബിയുമായിട്ടുള്ള കരാര്‍ കോര്‍ബിന്‍ ലംഘിച്ചുവെന്നാണ് വക്കീല്‍ നോട്ടിസിലെ പ്രധാന ആരോപണം. നേരത്തെ അനുമതി കൂടാതെയാണ് ബോഷ് പിഎസ്എലില്‍നിന്ന് പിന്‍മാറിയതെന്നും പിസിബി ആരോപിക്കുന്നുണ്ട്. ജനുവരിയില്‍ നടന്ന പിഎസ്എല്‍ ലേലത്തിലാണ് ബോഷിനെ പെഷാവര്‍ സാല്‍മി ടീമിലെത്തിച്ചത്. ഇതിനിടെ ലിസാഡ് വില്യംസിനു പകരം ബോഷിനെ ടീമിലെടുത്തതായി മുംബൈ ഇന്ത്യന്‍സ് പുറത്തുവിട്ടു. പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ നിന്ന് പിന്‍മാറിയാണ് താരം മുംബൈക്കൊപ്പം കളിക്കാമെന്നേറ്റത്.
ഇത്തവണ രണ്ട് ലീഗും ഒരേ സമയത്തായതോടെ ദക്ഷിണാഫ്രിക്കന്‍ താരം ഐപിഎലില്‍ കളിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഏപ്രില്‍ 11 മുതല്‍ മേയ് 18 വരെയാണ് ഇത്തവണ പിഎസ്എല്‍. മാര്‍ച്ച് 21ന് ആരംഭിക്കുന്ന ഐപിഎല്‍ മേയ് 25 വരെ നീളും. ഇതോടെയാണ് പിസിബി നിയമനടപടിയുമായി രംഗത്തെത്തിയത്. നിശ്ചിത സമയത്തിനുള്ളില്‍ നോട്ടിസിന് മറുപടി നല്‍കണമെന്നും നിര്‍ദേശമുണ്ട്. കൂടുതല്‍ താരങ്ങള്‍ പിഎസ്എല്‍ ഒഴിവാക്കി ഐപിഎലിലേക്ക് മാറിയേക്കുമെന്ന ഭയവും പിസിബിക്കുണ്ട്.

